ഇലക്ട്രിക് ഹൈവേകള്‍ പരിഗണിക്കുന്നതായി നിതിന്‍ ഗഡ്കരി

ഇലക്ട്രിക് ഹൈവേകള്‍ പരിഗണിക്കുന്നതായി നിതിന്‍ ഗഡ്കരി

ഡെല്‍ഹി-മുംബൈ ഹൈവേയിലെ ഒരു ലെയ്ന്‍ ഇലക്ട്രിക് ഹൈവേയായി മാറ്റുന്ന കാര്യം ആലോചിക്കുകയാണെന്ന് റോഡ് ഗതാഗത മന്ത്രി

ന്യൂഡെല്‍ഹി : പതിനായിരം ജലവിമാനങ്ങള്‍, കപ്പലുകളുടെ രൂപത്തില്‍ ഫ്‌ളോട്ടിംഗ് സിറ്റികള്‍, പ്രത്യേക ഹൈവേകളിലൂടെ മൂളിപ്പറക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ വിഭാവനം ചെയ്യുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇതിലും ഇതിലപ്പുറവും സാക്ഷാല്‍ക്കരിക്കാനുള്ള പ്രാപ്തി ഇന്ത്യയ്ക്കുണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയില്‍ പതിനായിരം ജലവിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയും. 3 മുതല്‍ നാല് ലക്ഷം വരെ തടാകങ്ങളും കുളങ്ങളും ധാരാളം അണക്കെട്ടുകളും രണ്ടായിരം നദീ തുറമുഖങ്ങളും 200 ചെറിയ തുറമുഖങ്ങളും 12 പ്രധാന തുറമുഖങ്ങളും ഇന്ത്യയിലുണ്ടെന്ന് രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ജലവിമാന സര്‍വീസ് കുറഞ്ഞ ചെലവില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് ഗഡ്കരി പറഞ്ഞു. ഒറ്റ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ജലവിമാനങ്ങള്‍ക്കായി നിയന്ത്രണാധികാരം തയ്യാറാക്കുന്നതിന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനോട് ആവശ്യപ്പെട്ടതായി നിതിന്‍ ഗഡ്കരി അറിയിച്ചു. ഇത്തരം ജലവിമാനങ്ങള്‍ എത്രയും വേഗം ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം.

ജലവിമാനങ്ങള്‍ക്ക് 300 മീറ്റര്‍ റണ്‍വേ മതിയെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ കഴിയും. തന്റെ മന്ത്രാലയവും വ്യോമയാന മന്ത്രാലയവും ചേര്‍ന്ന് നിയമങ്ങളും ചട്ടങ്ങളും ഉടന്‍ തയ്യാറാക്കും. അമേരിക്ക, കാനഡ, ജപ്പാന്‍ എന്നിവിടങ്ങളില്‍ വ്യത്യസ്ത നിയമങ്ങളാണ് നിലനില്‍ക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ അവിടങ്ങളിലെ നിയമങ്ങള്‍ പഠിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഡിസംബര്‍ 9 ന് മുംബൈ തീരത്ത് സ്‌പൈസ്‌ജെറ്റിന്റെ ജലവിമാനം പരീക്ഷണ പറക്കല്‍ നടത്തുന്ന ചടങ്ങില്‍ നിതിന്‍ ഗഡ്കരിയും അശോക് ഗജപതി രാജുവും പങ്കെടുത്തിരുന്നു. 400 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ച് കരയില്‍നിന്നും വെള്ളത്തില്‍നിന്നും പറന്നുപൊങ്ങാനും പറന്നിറങ്ങാനും കഴിയുന്ന നൂറിലധികം വിമാനങ്ങള്‍ വാങ്ങുന്നതിന് സ്‌പൈസ്‌ജെറ്റിന് പദ്ധതിയുണ്ട്.

കപ്പലുകളുടെ രൂപത്തില്‍ ഒഴുകുന്ന നഗരങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഇന്ത്യയില്‍നിന്ന് കപ്പലുകള്‍ക്ക് സിംഗപുര്‍, ഫിലിപ്പൈന്‍സ്, തായ്‌ലാന്‍ഡ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയും. ആയിരം കോടി രൂപ ചെലവഴിച്ച് മുംബൈയില്‍ പ്രത്യേക ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതുള്‍പ്പെടെ നിരവധി കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ചെയ്യുന്നത്. പ്രത്യേക നയം രൂപീകരിക്കുകയും ചെയ്യും. ഇന്ത്യയിലെ ആദ്യ പോഡ് ടാക്‌സി പ്രോജക്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വൈകാതെ ആരംഭിക്കുമെന്ന് ഗഡ്കരി പറഞ്ഞു. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പ്രോജക്റ്റ് നടപ്പാക്കുന്നത്. ബിഡുകള്‍ ക്ഷണിക്കുന്നതിന് ബന്ധപ്പെട്ട ഉന്നതതല സമിതിയുടെ നിര്‍ദ്ദേശത്തിന് കാത്തിരിക്കുകയാണ്.

ഇന്ത്യയില്‍ പതിനായിരം ജലവിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു

ജലവിമാനങ്ങള്‍, കപ്പലുകള്‍, ജലപാതകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, പോഡ് ടാക്‌സികള്‍, കറ്റമരന്‍, എക്‌സ്പ്രസ് പാതകള്‍ എന്നിവ ഉള്‍പ്പെടുന്ന 16 ലക്ഷം കോടി രൂപയുടെ സാഗര്‍മാല പദ്ധതിയും 7 ലക്ഷം കോടി രൂപയുടെ ഭാരത്മാല പദ്ധതിയും ഇന്ത്യയുടെ അടിസ്ഥാനസൗകര്യ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഏഴ് ലക്ഷം കോടി രൂപയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി കുറഞ്ഞപക്ഷം പകുതിയായെങ്കിലും കുറച്ചുകൊണ്ടുവരികയും ബന്ധപ്പെട്ട മേഖലകളില്‍ 50 ലക്ഷം യുവജനങ്ങള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുകയും ലക്ഷ്യമാണ്.

രാജ്യത്തെ ഗതാഗത മേഖലയെ ഇലക്ട്രിക്, എഥനോള്‍, മെഥനോള്‍, ബയോ ഡീസല്‍, ബയോ സിഎന്‍ജി തുടങ്ങിയ ഇന്ധനങ്ങളിലേക്ക് ക്രമേണ പരിവര്‍ത്തനം ചെയ്യാനാണ് ശ്രമിക്കുന്നത്. അമ്പത് ലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് കുറഞ്ഞത് ആയിരം പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ഇലക്ട്രിക് ബസ്സുകള്‍ അവതരിപ്പിക്കുന്നതിലൂടെ ടിക്കറ്റ് നിരക്കുകള്‍ 30-35 ശതമാനം കുറയ്ക്കാന്‍ കഴിയും. ഡെല്‍ഹി-മുംബൈ ഹൈവേയിലെ ഒരു ലെയ്ന്‍ ഇലക്ട്രിക് ഹൈവേയായി മാറ്റുന്ന കാര്യം ആലോചിക്കുകയാണെന്ന് റോഡ് ഗതാഗത മന്ത്രി പറഞ്ഞു. പതിനൊന്ന് കമ്പനികള്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്നത് ആരംഭിച്ചുവെന്നും വില അമ്പത് ശതമാനത്തോളം കുറഞ്ഞെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു. ഈയിടെ ഗുരുഗ്രാമില്‍ ആയിരം ഇലക്ട്രിക് ഓട്ടോ റിക്ഷകള്‍ സര്‍വീസ് ആരംഭിച്ച കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ 20,000 കിലോമീറ്റര്‍ ഹൈവേ നിര്‍മ്മാണം പൂര്‍ത്തിയാകും. 2017 ല്‍ പ്രതിദിനം 28 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ കഴിഞ്ഞു. മന്ത്രാലയത്തിന്റെ ചുമതലയേല്‍ക്കുമ്പോള്‍ ഇത് രണ്ട് കിലോമീറ്ററായിരുന്നുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. 2018 ല്‍ ഓരോ ദിവസവും 40 കിലോമീറ്റര്‍ ഹൈവേ നിര്‍മ്മിക്കും. 2018 അവസാനത്തോടെ 25,000 കിലോമീറ്റര്‍ ഹൈവേ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 22 ലക്ഷം ഡ്രൈവര്‍മാരുടെ കുറവ് രാജ്യം നേരിടുന്നതായും സംസ്ഥാനങ്ങളുമായി സഹകരിച്ച് ഒരു ലക്ഷം ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.

Comments

comments

Categories: Auto