വിപണിയില്‍ അനന്ത സാധ്യതകള്‍ നിക്ഷേപകര്‍ക്ക് വഴി കാട്ടാന്‍ ഫൈനോമിസ്

വിപണിയില്‍ അനന്ത സാധ്യതകള്‍ നിക്ഷേപകര്‍ക്ക് വഴി കാട്ടാന്‍ ഫൈനോമിസ്

ധനകാര്യ രംഗത്തെ എല്ലാ സമസ്യകള്‍ക്കും പരിഹാരമുണ്ടാക്കാനും നിക്ഷേപങ്ങള്‍ ശരിയായി നടത്താനും വ്യക്തികളെയും കോര്‍പ്പറേറ്റുകളുടെയും സഹായിക്കുന്ന ‘വണ്‍ സ്റ്റോപ് ഫിനാന്‍ഷ്യല്‍ സൊല്യൂഷനാണ് ‘ ഫൈനോമിസ്. കൃത്യമായ പ്രൊഫൈല്‍ പഠനത്തിലൂടെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാഹചര്യം മനസിലാക്കി കൃത്യമായ ഉപദേശം നല്‍കുന്നതാണ് പ്രവര്‍ത്തന രീതി. 2013ല്‍ ആരംഭിച്ച സംരംഭം ഇന്ന് മൂന്ന് കമ്പനികളായി വളര്‍ന്ന് സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ സാന്നിദ്ധ്യം അറിയിക്കുന്നു.

ധനകാര്യ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തന പരിചയമുള്ള മൂന്ന് യുവാക്കള്‍ ഒത്തു ചേര്‍ന്നതോടെയാണ് 2013 ജൂലൈ മാസത്തില്‍ ഫൈനോമിസ് വെല്‍ത്ത് സൊല്യൂഷന്‍ എല്‍എല്‍പി എന്ന സ്ഥാപനം രൂപം കൊണ്ടത്. അജിമോന്‍ തോപ്പിലും അഭിലാഷ് പങ്കജാക്ഷനും റിന്‍സ് എം ജോസുമാണ് വിവിധ സ്ഥാപനങ്ങളിലെ ജോലി രാജി വെച്ച് ഫൈനോമിസ് എന്ന സ്വന്തം സംരംഭത്തിന് രൂപം കൊടുത്തത്. അമേരിക്കയെയും യൂറോപ്പിനെയും അടക്കം പ്രതിസന്ധിയിലാക്കിയ ആഗോള സാമ്പത്തിക മാന്ദ്യവും 2013 വരെ തുടര്‍ന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിരുത്സാഹപ്പെടുത്തുന്ന സംഭവവികാസങ്ങളും രാജ്യത്തെ ഓഹരി വിപണയുടെ വന്‍ കൂപ്പുകുത്തലും യുലിപ് തട്ടിപ്പിലും മറ്റും പെട്ട് നഷ്ടമുണ്ടായ നിക്ഷേപകരുടെ പ്രതിഷേധവുമൊക്കെ ചേര്‍ന്ന അത്യന്തം പ്രതികൂല കാലാവസ്ഥയായിരുന്നു സാമ്പത്തിക രംഗത്ത് അക്കാലത്ത് നിലനിന്നിരുന്നത്. ഈ സാഹചര്യം തരണം ചെയ്ത് നിക്ഷേപകരുടെ വിശ്വാസ്യത നേടിയെടുത്ത കമ്പനി 2016ല്‍ ഫൈനോമിസ് വെല്‍ത്ത് സൈല്യൂഷന്‍സ്, ഫൈനോമിസ് ക്രെഡിറ്റ് സൊല്യൂഷന്‍സ്, ഫൈനോമിസ് ഐഎംഎഫ് എന്നിങ്ങനെ 3 സ്ഥാപനങ്ങളിലേക്ക് വളര്‍ന്നു. ധനകാര്യ സേവന രംഗത്തെ വിശ്വാസ്യതയുളള ബ്രാന്‍ഡായി വളര്‍ന്നു കഴിഞ്ഞ ഫൈനോമിസിന്റെ കാഴ്ചപ്പാടുകളും ഒപ്പം ഇന്ത്യന്‍ വിപണിയുടെ ആകര്‍ഷണീയതയും വിശദമാക്കുകയാണ് സഹസ്ഥാപകനും ഡെസിഗ്നേറ്റഡ് പാര്‍ട്ട്ണറുമായ അഭിലാഷ് പങ്കജാക്ഷന്‍.

 

വണ്‍ സ്റ്റോപ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍ എന്നതാണല്ലോ ഫൈനോമിസിന്റെ ടാഗ് ലൈന്‍. എല്ലാ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാനും എല്ലാ വിധ സേവനങ്ങളും നല്‍കാനും സാധിക്കുന്നുണ്ടോ?

സാമ്പത്തിക രംഗത്തെ വിവിധ മേഖലകളില്‍ പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തമുള്ള 16 പാര്‍ട്ട്ണര്‍മാരാണ് കമ്പനിക്ക് ഉള്ളത്. പാനലില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും കമ്പനി സെക്രട്ടറിമാരും മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റും അടക്കമുള്ളവര്‍ ഉണ്ട്. ഐഐഎമ്മില്‍ റിസര്‍ച്ച് ചെയ്യുന്ന 3 പേരുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയും ഫൈനോമിസിന്റെ പങ്കാളിയാണ്. എല്ലാവരുടെയും പ്രവര്‍ത്തനത്താലുണ്ടായ സല്‍പേരും കഌയന്റുകളുടെ പിന്തുണയും അനുഭവപരിചയവും 2015ഓടെ ഫൈനോമിസിനെ ശ്രദ്ധയിലേക്കെത്തിച്ചു. ഒരു കുടുംബം വരുകയാണെങ്കില്‍ അതിലെ ഓരോ വ്യക്തിക്കുമാവശ്യമുള്ള എല്ലാ ധനകാര്യ സേവനങ്ങളും ചെയ്തു കൊടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ഒരു കുട്ടി ജനിക്കുന്നത് മുതല്‍ മരിക്കുന്നത് വരെയുള്ള നിയമപരമായ ആവശ്യങ്ങളടക്കം – ഇതിന് എസ്റ്റേറ്റ് പ്ലാനിംഗ് എന്നാണ് പറയുക- കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ ഇന്‍ഷുറന്‍സ്, മുതിര്‍ന്നവരുടെ റിട്ടയര്‍മെന്റ് പഌന്‍, വാഹന ഇന്‍ഷുറന്‍സ്, വാഹന-ഭവന വായ്പകളുടെ പ്രോസസിംഗ്, ഭാഗം വെക്കല്‍ ഇങ്ങനെയുള്ള എല്ലാ ആവശ്യങ്ങളും. ഇങ്ങനെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഉപഭോക്താവ് നാലഞ്ച് സ്ഥലങ്ങളിലേക്ക് പോകേണ്ട കാര്യമില്ല. കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും ഇതേ രീതിയില്‍ സേവനങ്ങള്‍ നല്‍കുന്നു. റീട്ടെയ്്‌ലും കോര്‍പ്പറേറ്റും ഒരേ സമയം ചെയ്യാന്‍ ഞങ്ങള്‍ക്ക് മടിയില്ല. അതു കൊണ്ടു തന്നെ ഫൈനോമിസ് പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍ കേരളത്തില്‍ എതിരാളികള്‍ ഇല്ല. വണ്‍ സ്‌റ്റോപ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍ എന്ന കണ്‍സപ്റ്റ് മുന്നോട്ടു വെച്ചിരിക്കുന്നത് ഇതുകൊണ്ടൊക്കെയാണ്.

 

മറ്റ് ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഉപഭോക്താവ് എന്തുകൊണ്ട് ഫൈനോമിസിനെ തെരഞ്ഞെടുക്കണം?

ഏത് സ്ഥാപനത്തിലെയും എംപ്‌ളോയിക്ക് അല്ലെങ്കില്‍ ഏജന്റിന് മുകളില്‍ നിന്ന് സമ്മര്‍ദ്ദങ്ങളുണ്ട്. ഇന്‍ഷുറസ് മേഖലയില്‍ ടാര്‍ഗറ്റുകളും മറ്റുമാണുള്ളത്. സത്യസന്ധമായി ഉപദേശം ലഭിക്കാതെ പോകുന്നതിന് കാരണം ഇതാണ്. തെറ്റായ ഇന്‍ഷുറന്‍സ് പോളിസി നല്ലതാണെന്ന അഭിപ്രായത്തോടെ അടിച്ചേല്‍പിക്കപ്പെടുന്നു. ബാങ്കുകളുടെ കൈവശവും എല്ലാ പ്രൊഡക്ടുകളുമുണ്ട്. എന്നാല്‍ മുകളില്‍ നിന്ന് സമ്മര്‍ദ്ദം വരുമ്പോള്‍ അവിടെയും തെറ്റായ ഉത്പന്നം നിക്ഷേപകന് ലഭിക്കുന്നു. ഇക്വിറ്റിയിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. മ്യൂച്വല്‍ ഫണ്ടാണെന്ന പേരില്‍ ഏജന്റുമാരെക്കൊണ്ട് യുലിപ് വിതരണം ചെയ്തിട്ടുണ്ട്. എന്നാല്‍ ഫൈനോമിസ് ഒരു ഫാമിലി സ്റ്റോര്‍ ആണ്. കഌയന്റുമായി ആത്മബന്ധമാണ് ഞങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത്. കഌയന്റിന്റെ വ്യക്തിപരമായതടക്കം എല്ലാ കാര്യങ്ങളും അറിയുന്ന വിശ്വസ്തനായ മനസാക്ഷി സൂക്ഷിപ്പുകാരനായി ഫൈനോമിസ് മാറുന്നു. ഒരിക്കല്‍ വരുന്നവരുമായി തലമുറകളോളം ബന്ധമുണ്ടാക്കിക്കൊണ്ടാണ് ഞങ്ങളുടെ പ്രവര്‍ത്തനം. ഒരിക്കലും നെഗറ്റീവ്, അഥവാ തെറ്റായ സെല്ലിംഗ് പാടില്ല എന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. ഇക്വിറ്റിയാണെങ്കിലും ഇല്‍ഷുറന്‍സാണെങ്കിലും ഉപഭോക്താവിന് ഗുണമില്ലാത്തത് അടിച്ചേല്‍പിക്കാതെ ആവശ്യമുള്ളത് മാത്രമാണ് നല്‍കുന്നത്. പോസിറ്റീവ് ആയി ആരും ഞങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞില്ലെങ്കിലും നെഗറ്റീവ് ഒരിക്കലും പറയരുതെന്ന് നിര്‍ബന്ധമുണ്ട്. ഞങ്ങളുടെ സേവനങ്ങളില്‍ തൃപ്തരായ ആളുകള്‍ ശുപാര്‍ശ ചെയ്തത് വഴിയെത്തിയവരാണ് തൊണ്ണൂറ് ശതമാനം കഌയന്റ്‌സും.

 

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ഇത്തരത്തില്‍ ശുപാര്‍ശ ചെയ്യുന്നതിലെ മാനദണ്ഡമെന്താണ്?

വ്യക്തികളുടെ പ്രൊഫൈല്‍ അനലൈസ് ചെയ്താണ് സ്‌കീം തെരഞ്ഞെടുക്കുക. ഹൈറിസ്‌ക്, മീഡിയം, ലോ, ബാലന്‍സ്ഡ് തുടങ്ങി പതിനഞ്ചോളം വ്യത്യസ്ത സ്‌കീമുകള്‍ ഉണ്ട്. 25-30 വയസായ വ്യക്തിക്ക് റിസ്‌ക് എടുക്കാം. അതിനനുസരിച്ച് അഗ്രസീവ് സ്‌കീമാണ് നല്‍കുക. 40 വയസിന് ശേഷം റിസ്‌ക് എടുക്കാനാവില്ല. കുട്ടികളുടെ വിദ്യാഭ്യാസമടക്കം ചെലവുകള്‍ വര്‍ധിച്ചു വരുന്നത്് ഈ സമയത്താണ്. 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബാങ്കുകളിലെയും പോസ്റ്റ് ഓഫീസിലെയും നിക്ഷേപങ്ങള്‍ അനാകര്‍ഷകമായിക്കഴിഞ്ഞു. മ്യൂച്വല്‍ ഫണ്ടില്‍ താരതമ്യേന കണ്‍സര്‍വേറ്റീവ് റിസ്‌ക് എടുക്കാവുന്ന സ്‌കീമാണ് ഇവര്‍ക്ക് നല്‍കുക. 8-10 വര്‍ഷം കഴിഞ്ഞ് ഇരട്ടി പണം കിട്ടണമെന്ന കാഴ്ചപ്പാടു തന്നെ മാറേണ്ടതാണ്. ജീവിക്കുമ്പോള്‍ നന്നായി കഴിയാനുള്ളത് കിട്ടണം. വന്‍തുക നിക്ഷേപിക്കാന്‍ സന്നദ്ധരായ കോര്‍പ്പറേറ്റുകള്‍ക്ക് പ്രതിദിനം അതിലൊരു സംഖ്യ തിരികെ വേണമെന്നത് കണക്കിലെടുത്ത് ലിക്വിഡ് ഫണ്ടുകളാണ് ശുപാര്‍ശ ചെയ്യുന്നത്. മാര്‍ക്കറ്റ് മോശമാവുമ്പോഴും സപ്പോര്‍ട്ട് കൊടുക്കുന്ന സ്‌കീമാണ് എറ്റവും നല്ലത്. കഴിഞ്ഞകാല റെക്കോഡ്, വാല്യൂ വോളിയം ഇതൊക്കെ നോക്കി എല്ലാ മാസവും റെഡി റെക്കണര്‍ ലിസ്റ്റ് ഞങ്ങള്‍ ഉണ്ടാക്കും.

 

രാജ്യത്തെ സാമ്പത്തിക സാഹചര്യം ഏറെ പ്രതികൂലമായിരുന്ന സാഹചര്യത്തിലാണല്ലോ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. എത്രമാത്രം പ്രതിസന്ധികള്‍ നേരിട്ടു?

2013ല്‍ വളരെ ഗുരുതരമായിരുന്നു അവസ്ഥ. ഇക്വിറ്റി മാര്‍ക്കറ്റ് പെര്‍ഫോം ചെയ്യാതായി. കടപ്പത്രമായിരുന്നു അന്ന് ഭേദം. 2008ലെ വിപണി തകര്‍ച്ചയും പ്രതിസന്ധിയും 2010 വരെ നീണ്ടു. പിന്നീട് പതിയെ തിരികെ വരാന്‍ തുടങ്ങി. പക്ഷേ എന്തെങ്കിലുമൊരു പോസിറ്റീവായ ‘സ്റ്റോറി’ ഇല്ലാതെ മാര്‍ക്കറ്റില്‍ മുന്നേറ്റം നടക്കില്ല. ഏത് ഉത്പന്നം വില്‍ക്കണമെങ്കിലും അതിനൊരു കഥ വേണം. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സമയമായിരുന്നു അത്. അന്നത്തെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വ്യാപകമായ അഴിമതി ആരോപണങ്ങള്‍ വിപണിയെയും ദോഷകരമായി ബാധിച്ചു. ഓഹരി വിപണി വന്‍തോതില്‍ ഇടിഞ്ഞു. നിക്ഷേപിച്ചാല്‍ ഗുണമുണ്ടാവും എന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ പോലും പ്രയാസമായി മാറിയിരുന്നു. 2014ലെ ഭരണ മാറ്റത്തോടെയാണ് വിപണി പോസിറ്റീവായി പ്രതികരിക്കാനാരംഭിച്ചത്. അതിനു ശേഷമാണ് കമ്പനിയുടെ പ്രവര്‍ത്തനം സജീവമായത്.

 

നോട്ട് അസാധുവാക്കലും ജിഎസ്ടിയുമൊക്കെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചെന്ന പ്രചാരണം ശക്തമാണ്. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട സാഹചര്യമാണോ നിലനില്‍ക്കുന്നത്?

ജിഎസ്ടിയുടെയും നോട്ട് അസാധുവാക്കലിന്റെയും ശരിയായ സ്വാധീനം ഇപ്പോഴല്ല, 2018 -19 ശേഷമാകും ദൃശ്യമാകുക. ഇപ്പോഴുയര്‍ന്നു വരുന്നത് ഇമോഷണല്‍ വിഷയങ്ങളാണ്. വികാരങ്ങളെ ചാണക്യസൂത്രം പോലെ രാഷ്ട്രീയക്കാര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. വയോവൃദ്ധന്‍ എടിഎമ്മിന് മുന്നിലെ ക്യൂവില്‍ കുഴഞ്ഞുവീണു മരിച്ചു എന്നതൊക്കെ അത്തരം കളികളാണ്. അതേസമയം നോട്ട് അസാധുവാക്കല്‍ പോസിറ്റീവായാണ് തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശില്‍ പ്രതിഫലിച്ചത്. നോട്ട് അസാധുവാക്കല്‍ ദീര്‍ഘകാല നേട്ടമാകും എന്ന് വിദേശരാജ്യങ്ങളിലടക്കം ഉദാഹരണങ്ങളുണ്ട്. ജിഎസ്ടി ഇംപാക്ടും പോസിറ്റീവ് ആയിരിക്കും എന്നാണ് അനുമാനം. പ്രധാനമന്ത്രി വിദേശരാജ്യങ്ങളില്‍ പോയി ഒപ്പിട്ട കരാറുകളുടെ ഗുണം പിറ്റേന്ന് മുതല്‍ ലഭിക്കുമെന്ന ധാരണ തെറ്റാണ്. എട്ടോ പത്തോ വര്‍ഷങ്ങള്‍ക്ക് ശേഷമാകും ഇതിന്റെയൊക്കെ പൂര്‍ണമായ നേട്ടം ലഭിക്കാനാരംഭിക്കുക. ഐഎംഎഫും മൂഡീസുമെല്ലാം പറഞ്ഞിരിക്കുന്നത് അടുത്ത 10 വര്‍ഷമാകും ഇന്ത്യയുടെ പരമാവധി വളര്‍ച്ചാ കാലമെന്നാണ്. അതിനിടെ ഇന്ത്യ വികസിത രാജ്യമാകും. പിന്നീട് ഗ്രാഫ് സമാന്തരമായാവും പോകുക. അതുകൊണ്ട് ആര് എന്തില്‍ നിക്ഷേപിച്ചാലും ഗുണം ലഭിക്കുന്ന കാലമാണിത്. മാര്‍ക്കറ്റ് എപ്പോഴും കയറ്റിറക്കങ്ങളുള്ള ഒരു തരംഗം പോലെയാണ്. താഴ്ന്ന് നില്‍ക്കുമ്പോഴാണ് നിക്ഷേപിക്കേണ്ടത്. എന്നാല്‍ ആളുകള്‍ തിരിച്ചാണ്. ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സന്തോഷത്തോടെ കൊണ്ടുപോയി നിക്ഷേപിക്കുന്നു. ഈ കാഴ്ചപ്പാടാണ് മാറേണ്ടത്.

 

ബാങ്ക് പലിശനിരക്ക് കുറക്കാത്തത് സമ്പദ് വ്യവസ്ഥക്ക് ഗുണകരമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മറുവശത്ത് ബാങ്കുകള്‍ക്ക് സാധിക്കുന്നില്ലേ?

5 വര്‍ഷം മുന്‍പ് ബാങ്ക് എഫ്ഡി നിക്ഷേപങ്ങള്‍ക്ക് നല്ല വരുമാനം ഉണ്ടായിരുന്നു. 10 ശതമാനം വരെയാണ് പലിശ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 6-6.5 ശതമാനത്തിലേക്കെത്തി. നോട്ട് അസാധുവാക്കലും ജിഎസ്ടിയും മൂലമാണ് പലിശ കുറഞ്ഞത്. മിക്കവാറും മാര്‍ച്ച് മാസം കഴിഞ്ഞാല്‍ വീണ്ടും നിരക്കുകള്‍ കുറയും. സാധാരണ നിക്ഷേപകന് 5.75 ഉം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 6 ശതമാനവുമാകും പലിശ. 5.75 ല്‍ നിന്ന് വീണ്ടും 10 ശതമാനം ടിഡിഎസ് ഒക്കെ പിടിച്ചാല്‍ 5.40 ശതമാനം ആകും വരുമാനം. ഇതോടെ എഫ്ഡി നിക്ഷേപങ്ങള്‍ കൂടുതല്‍ അനാകര്‍ഷകമാവുമെന്നാണ് പ്രതീക്ഷ. വികസിത രാജ്യങ്ങളിലെല്ലാം പരമാവധി 1 ശതമാനമാണ് പലിശ നിരക്ക്. ജപ്പാനില്‍ ഇത് നെഗറ്റീവ് ആണ്. എഫ്ഡി ഇട്ടാല്‍ അങ്ങോട്ട് പണം കൊടുക്കണം. പക്ഷേ ഇപ്പോഴും വലിയ പലിശ നിരക്കാണ് ഇന്ത്യയില്‍. അത് കുറഞ്ഞു വന്നാലേ നിക്ഷേപങ്ങള്‍ വര്‍ധിക്കൂ. ചെലവാക്കല്‍ പരമാവധി കൂട്ടാന്‍ വായ്പാ പലിശ നിരക്ക് കുറയേണ്ടത് അത്യാവശ്യമാണ്. ആര്‍ബിഐ റേറ്റ്് കുറക്കുന്നുണ്ടെങ്കിലും ബാങ്കുകള്‍ അനങ്ങുന്നില്ല. റിപ്പോ-റിവേഴ്്‌സ് റിപ്പോ നിരക്ക് 6 ശതമാനമാണ്. ബാങ്കുകള്‍ ഭവനവായ്പക്ക് ഈടാക്കുന്ന പലിശ നിരക്ക് 8.5 ശതമാനവും അതിലേറെയുമാണ്. 2 ശതമാനത്തിലേറെ വ്യത്യാസത്തില്‍ പലിശ നിരക്ക് ഈടാക്കുന്നത് ഒട്ടും പ്രോത്സാഹനജനകമല്ല.

 

പക്ഷേ പുതിയ സാഹചര്യത്തില്‍ ബാങ്കുകള്‍ക്കും മാറാതിരിക്കാനാവില്ലല്ലോ?

ബാങ്കുകളുടെ വരുമാനം കുറയുമെന്നുറപ്പാണ്. അതോടെ എല്ലാ ബാങ്കുകളും ബദല്‍ സംവിധാനങ്ങളിലേക്ക് മാറും. മ്യൂച്വല്‍ ഫണ്ടുകള്‍, ഹെല്‍ത്ത്്, ജനറല്‍ ഇന്‍ഷുറന്‍സുകള്‍ എന്നീ മേഖലകളിലേക്ക് കൂടുല്‍ ഊന്നല്‍ നല്‍കേണ്ടി വരും. ഇപ്പോള്‍തന്നെ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് വിംഗ് എസ്ബിഐ തുടങ്ങിക്കഴിഞ്ഞു. നേരത്തെ ഒട്ടും താത്പര്യമില്ലാത്ത മേഖലയായിയിരുന്നു ഇത്. ഇപ്പോള്‍ ബാങ്കുകള്‍ക്ക് വെറെ മാര്‍ഗമില്ലാതായി.

 

ഭാവിയില്‍ വലിയ മുന്നേറ്റം ഉണ്ടായേക്കാവുന്ന ഇത്തരം മേഖലകള്‍ തിരിച്ചറിഞ്ഞ് ഫൈനോമിസ് പ്രവര്‍ത്തനം നടത്തുന്നുണ്ടോ?

തീര്‍ച്ചയായും. ഉദാഹരണത്തിന് ഇനി വലിയ ആവശ്യമായി ഉയര്‍ന്ന് വരിക ഹെല്‍ത്ത് ഇന്‍ഷുറന്‍സുകളാവും.അന്തരീക്ഷ മലിനീകരണവും രോഗങ്ങളും ഒപ്പം ആശുപത്രി ചെലവുകളും ഏറെ വര്‍ധിച്ചു വരുന്ന സാഹചര്യമാണ്. 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സിന് ആകെ വേണ്ടത് 10,000 രൂപ മാത്രമാണ്. ഈ ചെറിയ തുക മുടക്കാതെ ഒടുവില്‍ വലിയ പണം ചെലവഴിക്കേണ്ടി വരുന്നു. പ്രതിദിനം രണ്ട് രൂപ ചെലവില്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സുകളുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സില്‍ തന്നെ ഹോസ്പിറ്റല്‍ കാഷ് എന്ന വിഭാഗമുണ്ട്. 500 രൂപ മുതല്‍ ഇത് എടുക്കാം. ആശുപത്രിയില്‍ കിടക്കുന്ന ദിവസം രോഗിക്ക് 500 രൂപയും ഒപ്പമുള്ളയാള്‍ക്ക് 250 രൂപയും ചെലവിന് ലഭിക്കും. മതിയായ അവബോധം കേരളത്തില്‍ ഇത്തരം ഇന്‍ഷുറന്‍സുകളെ കുറിച്ച് സൃഷ്ടിക്കേണ്ടതുണ്ട്. മാര്‍ക്കറ്റിംഗ് എന്നതിനുപരി ഈ അവബോധം സൃഷ്ടിക്കാനാണ് ഫൈനോമിസ് ശ്രമിക്കുന്നത്.

വീട്ടമ്മമാരടക്കം സാധാരണക്കാരിലേക്ക് ഇത്തരമൊരു അവബോധം കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടോ?

എല്ലാ രണ്ട് മാസങ്ങള്‍ കൂടുമ്പോഴും മ്യൂച്വല്‍ ഫണ്ട്-ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് വിവിധ സ്ഥലങ്ങളില്‍ പ്രചാരണം നടത്തും. ഓട്ടോ തൊഴിലാളികളുമായി ബന്ധപ്പെട്ട് ഇന്‍വസ്റ്റ്‌മെന്റ് അവേര്‍നെസ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. കോഴിക്കോട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 75 വീടുകളിലേക്ക് സമ്പാദ്യശീലം വളര്‍ക്കാന്‍ ‘പിഗ്ഗി ബാങ്ക്’ ബാങ്ങിക്കൊടുത്തു. 500 രൂപ മുതലുള്ള എസ്‌ഐപികളും 100 രൂപയുടെ മൈക്രോ സിപ്പ് നിക്ഷേപവും വേണമെങ്കില്‍ ആരംഭിക്കാം എന്ന് പറഞ്ഞു കൊടുക്കും. വീട്ടമ്മമാരിലേക്ക് എത്താന്‍ കുടുംബശ്രീ വഴിയാണ് ശ്രമിക്കുന്നത്. മട്ടാഞ്ചേരിയില്‍ ഇതിനായി കുടുംബശ്രീയുമായി ബന്ധപ്പെട്ടു കഴിഞ്ഞു. മിനിമം 500 രൂപ മാസം നിക്ഷേപിക്കുന്ന എസ്‌ഐപികളാണ് ഇപ്പോള്‍ ശുപാര്‍ശ ചെയ്യുന്നത്. ചിട്ടി പോലെ 1 വര്‍ഷത്തേക്ക് നിക്ഷേപിച്ചു നോക്കാനാണ് നിര്‍ദേശിക്കുക. ലോക്കിംഗ് ഇല്ലാത്തതിനാല്‍ എപ്പോള്‍ വേണമെങ്കിലും എടുക്കാം.

 

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ പ്രവര്‍ത്തനം എങ്ങനെയാണ്?

ഓള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റമെന്റ് ഫണ്ട് എന്ന പേരിലാണ് ഫൈനോമിസിന്റെ റിയല്‍ എസ്‌റ്റേറ്റ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഒരു പ്രോജക്ടിന് വായ്പ നല്‍കിയാലുടന്‍ ബാങ്ക് മറ്റൊരു വായ്പ കൂടി നല്‍കില്ല. ഈ സാഹചര്യത്തില്‍ പ്രത്യേക എസ്പിവി ഉണ്ടാക്കി നിക്ഷേപകരെ പങ്കാളികളാക്കി കൊണ്ടുവരികയാണ് ചെയ്യുക. ബാങ്കിലേക്കാള്‍ കൂടിയ വരുമാനം നിക്ഷേപകര്‍ക്ക് ഉറപ്പാക്കും. ആകെ ലാഭത്തിന്റെ 12 ശതമാനം വരെയൊക്കെ നല്‍കാനാവുന്നുണ്ട്. എല്ലാ മാസവും ബാങ്കിലേക്ക് തിരിച്ചടക്കാനുള്ള തലവേദനയില്‍ നിന്ന് ഉടമ ഒഴിവായിക്കിട്ടുന്നു.

 

കമ്പനിയുടെ പുതിയ സംരംഭമായ ഐഎംഎഫും മറ്റ് ഇന്‍ഷുറന്‍സ് ഏജന്‍സികളുമായി എന്താണ് വ്യത്യാസം?

 

ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിംഗ് ഫണ്ട്് അഥവാ ഐഎംഎഫ്, ഐആര്‍ഡിഎയുടെ പുതിയ ആശയമാണ്. കേരളത്തില്‍ നാലാമത്തെ കമ്പനിയായി പുതുവര്‍ഷത്തില്‍ ഫൈനോമിസ് ഐഎംഎഫ് പ്രവര്‍ത്തനം ആരംഭിക്കുകയാണ്. വ്യക്തികള്‍ക്കും കോര്‍പ്പറേറ്റ് ഏജന്റുകള്‍ക്കും നിലവില്‍ ലൈഫ്,ഹെല്‍ത്ത്,ജനറല്‍ എന്നിവയില്‍ ഒരു ഇന്‍ഷുറസ് കമ്പനിയുടേത് മാത്രമേ ചെയ്യാന്‍ അനുമതിയുള്ളൂ. ബ്രോക്കര്‍മാര്‍ക്ക് പരിധിയില്ലാതെ എതു കമ്പനിയുടെയും ഇന്‍ഷുറന്‍സ് നല്‍കാം. അതേസമയം 2 വീതം ജനറല്‍, ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുന്‍സ് ചെയ്യാനാണ് ഐഎംഎഫിന് അനുമതി. പൊതുമേഖലയില്‍ നിന്നും സ്വകാര്യമേഖലയില്‍ നിന്നുമുള്ള ഓരോ ഇന്‍ഷുറന്‍സുകള്‍ നല്‍കാനാണ് ഫൈനോമിസ് തയാറെടുക്കുന്നത്.

 

ഇന്‍ഷുറന്‍സ് മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളുടെ പേരില്‍ കബളിപ്പിക്കപ്പെട്ടെന്ന പരാതികള്‍ ഏറെ പറഞ്ഞു കേള്‍ക്കാറുണ്ടല്ലോ?

ശ്രദ്ധിച്ചില്ലെങ്കില്‍ ഏറ്റവുമധികം ചതിക്കുഴികളുള്ളത് ഇന്‍ഷുറന്‍സ് മേഖലയിലാണ്. 2003-2007 കാലഘട്ടത്തില്‍ മാര്‍ക്കറ്റ് ഉയര്‍ന്നപ്പോള്‍ ഇന്‍ഷുറന്‍സാണെന്നത് മറച്ചു വെച്ചും മ്യൂച്വല്‍ ഫണ്ടാണെന്നു വരെ തെറ്റിദ്ധരിപ്പിച്ചും വന്‍തോതില്‍ യുലിപ് നല്‍കി. നാലാമത്തെ വര്‍ഷം 3 ഇരട്ടി ലാഭം ലഭിക്കുമെന്നായിരുന്നു പ്രചരണം. 3 വര്‍ഷമെങ്കിലും തുടര്‍ച്ചയായി ഇന്‍വെസ്റ്റ് ചെയ്യണമെന്ന വിവരവും മറച്ചു വെച്ചു. 80 ശതമാനം വരെ തുകയാണ് ഏജന്റുകള്‍ക്ക് കമ്മീഷന്‍ നല്‍കിയത്. 2008ല്‍ ആഗോള പ്രതിസന്ധിയില്‍ വലിയ ബാങ്കുകളൊക്കെ പൊട്ടി. സെന്‍സെക്‌സ് 21,000 ല്‍ നിന്ന് 8000ലേക്ക് ഇടിഞ്ഞു. 3 ലക്ഷം നിക്ഷേപിച്ചവരുടെ പണം 50000 രൂപ ആയി. ഗ്രാമപ്രദേശത്താണ് കൂടുതല്‍ ആളുകള്‍ക്കാണ്് നഷ്ടമുണ്ടായത്. കാര്യങ്ങള്‍ മറച്ചു വെച്ചതിന്റെ ഫലമാണിത്. 2010 ആയപ്പോള്‍ കമ്മീഷന്‍ 5-7 ശതമാനത്തിലേക്ക് ഐആര്‍ഡിഎ കുറച്ചതോടെ ഏജന്റുമാരുടെ തള്ളിക്കയറ്റം അവസാനിച്ചു. മ്യൂച്വല്‍ ഫണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഗ്രാമപ്രദേശത്തൊക്കെ ആളുകള്‍ മുഖം തിരിക്കുന്നതിന്റെ പിന്നില്‍ ഈ ദുരനുഭവവുമുണ്ട്. അതേസമയം അന്ന് നിക്ഷേപിച്ചത് പിന്‍വലിക്കാതിരുന്നവര്‍ക്ക് ഇപ്പോള്‍ ഭേദപ്പെട്ട ലാഭം ആയിട്ടുണ്ട്.

 

 

ഫൈനോമിസിന്റെ വരുംകാല വികസന പദ്ധതികള്‍ എപ്രകാരമാണ് പുരോഗമിക്കുന്നത്?

കേരളത്തില്‍ ഇത്തരമൊരു സംരംഭം ആദ്യമാണ്. രജിസ്റ്റേര്‍ഡ് ഓഫീസ് കോഴിക്കോടും കോര്‍പ്പറേറ്റ് ഓഫീസ് കൊച്ചിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. മംഗലാപുരത്ത് ബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. ദുബായില്‍ സര്‍വീസ് പോയന്റും പ്രവര്‍ത്തിക്കുന്നു. ഫ്രാഞ്ചൈസികള്‍ മാളയിലും ആലപ്പുഴയിലും നിലമ്പൂരുമാണ് നിലവില്‍ ഉള്ളത്. മൂവാറ്റുപുഴയിലും തുടങ്ങാന്‍ പോകുന്നു. തിരുവനന്തപുരത്തും ബ്രാഞ്ച് ആരംഭിക്കുന്നത് സജീവ പരിഗണനയിലുണ്ട്. വടക്കന്‍ കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതി തയാറായിക്കഴിഞ്ഞു. പ്രധാന നഗരങ്ങളിലേതിനേക്കാള്‍ ഉള്‍നാടുകളിലേക്കാണ് ഞങ്ങള്‍ ശ്രദ്ധ പതിപ്പിക്കുന്നത്. തൃശൂരിലെ ഓഫീസ് മാളയിലും മലപ്പുറത്തേത് നിലമ്പൂരിലും തുടങ്ങാന്‍ കാരണം അതാണ്. ഉള്‍നാടുകളില്‍ ആളുകളുടെ കൈയില്‍ ഫണ്ടുണ്ടെങ്കിലും നിക്ഷേപത്തിന് ചോയ്‌സില്ല. ഇവര്‍ക്ക് മതിയായ മാര്‍ഗനിര്‍ദേശം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

 

Comments

comments