ചൈന 553 കാറുകള്‍ നിരോധിച്ചു

ചൈന 553 കാറുകള്‍ നിരോധിച്ചു

മെഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, ജനറല്‍ മോട്ടോഴ്‌സ്, ഔഡി, ഫോക്‌സ്‌വാഗണ്‍ കാറുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു

ബെയ്ജിംഗ് : മെഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, ജനറല്‍ മോട്ടോഴ്‌സ്, ഔഡി, ഫോക്‌സ്‌വാഗണ്‍ കമ്പനികളുടേത് ഉള്‍പ്പെടെ 553 കാറുകളുടെ ഉല്‍പ്പാദനം ചൈന നിരോധിച്ചു. പുത്തരിയില്‍ കല്ല് കടിച്ചതുപോലെയായി ചൈനീസ് വിപണിയില്‍ പ്രവര്‍ത്തിക്കുന്ന ചില പ്രധാന കമ്പനികള്‍ക്ക് 2018 ന്റെ തുടക്കം. നിരോധിച്ചവയില്‍ മിക്കതും സെഡാനുകളാണ്. നിര്‍ദ്ദിഷ്ട ഇന്ധനക്ഷമത പാലിക്കുന്നതില്‍ പരാജയപ്പെട്ട 553 കാറുകളുടെ ഉല്‍പ്പാദനം നിര്‍ത്തിവെയ്ക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് ചൈന വെഹിക്കിള്‍ ടെക്‌നോളജി സര്‍വീസ് സെന്റര്‍ അറിയിച്ചു.

പുതിയ ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട കാറുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. നിരോധിച്ച കാറുകളുടെ പട്ടിക പൂര്‍ണ്ണമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ മിക്കതും സെഡാന്‍ ബോഡി സ്‌റ്റൈല്‍ ഉള്ളവയാണ്. മെഴ്‌സിഡസ് ബെന്‍സിന്റെ ചൈനീസ് അനുബന്ധ കമ്പനിയായ ബെയ്ജിംഗ് ബെന്‍സ് ഓട്ടോമോട്ടീവ്, ചെറി, എഫ്എഡബ്ല്യു-ഫോക്‌സ്‌വാഗണ്‍ കമ്പനികളുടെ വാഹനങ്ങളും നിരോധിച്ചവയില്‍പ്പെടുന്നു.

പുതിയ കാറുകള്‍ കര്‍ശന ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരുമെന്ന് ചൈനീസ് അധികൃതര്‍ ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു. ഈ വാഹനങ്ങളുടെ ഉല്‍പ്പാദനം എപ്പോള്‍ പുനരാരംഭിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. നിര്‍ദ്ദിഷ്ട ഇന്ധനക്ഷമതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് നിലവിലെ എന്‍ജിന്‍ മാറ്റേണ്ടി വരും.

നിര്‍ദ്ദിഷ്ട ഇന്ധനക്ഷമതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് നിലവിലെ എന്‍ജിന്‍ മാറ്റേണ്ടി വരും

ചൈന ഏറ്റവും വലിയ ഭീഷണിയായി കരുതുന്നവയിലൊന്ന് വായു മലിനീകരണമാണ്. ഗുരുതര ഭീഷണി മറികടക്കുന്നതിന് ഫലപ്രദമായ എന്‍ജിനുകള്‍, ഹൈബ്രിഡ് വാഹനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ചൈന. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ടാക്‌സ് ക്രെഡിറ്റ് ഈയിടെ 2020 വരെ ചൈന നീട്ടിയിരുന്നു. ഈ നീക്കം രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ വില്‍പ്പന വര്‍ധിക്കുന്നതിന് വഴിയൊരുക്കി. 2017 ല്‍ ചൈനയിലെ ഇവി വിപണി 50 ശതമാനത്തിലധികം വളര്‍ച്ചയാണ് കൈവരിച്ചത്.

ചൈനയില്‍ സംയുക്ത സംരംഭങ്ങള്‍ വഴി ആഗോള കമ്പനികളും പ്രാദേശിക കമ്പനികളും നിര്‍മ്മിക്കുന്ന കാറുകളുടെ എണ്ണം പരിഗണിക്കുമ്പോള്‍ 553 കാറുകളെന്നത് വളരെ ചെറിയ സംഖ്യയാണ്. വരുംനാളുകളില്‍ ചൈനീസ് അധികൃതര്‍ കൂടുതല്‍ വാഹനങ്ങള്‍ നിരോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സ്, യുകെ രാജ്യങ്ങള്‍ പ്രഖ്യാപിച്ചതുപോലെ 2040 ഓടെ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും നിരോധിക്കുന്നത് ചൈന പരിഗണിച്ചേക്കും.

Comments

comments

Categories: Auto