ഹൈബ്രിഡ് വാഹനങ്ങളെയും പരിഗണിക്കണമെന്ന് ആവശ്യപ്പെടും : ടൊയോട്ട

ഹൈബ്രിഡ് വാഹനങ്ങളെയും പരിഗണിക്കണമെന്ന് ആവശ്യപ്പെടും : ടൊയോട്ട

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ പ്രധാനമാണെന്ന് ടൊയോട്ട

ന്യൂഡെല്‍ഹി : ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം ഹൈബ്രിഡ് വാഹനങ്ങളെയും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം). ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ പ്രധാനമാണെന്ന് ടൊയോട്ട ചൂണ്ടിക്കാട്ടുന്നു. 2030 ഓടെ പൊതു ഗതാഗത സംവിധാനത്തിലെ മുഴുവന്‍ വാഹനങ്ങളും ഇലക്ട്രിക് ആകണമെന്നും സ്വകാര്യ ഗതാഗതം 40 ശതമാനം ഇലക്ട്രിക് ആകണമെന്നും കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. അതേസമയം ഹൈബ്രിഡ് വാഹനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പാടെ തഴഞ്ഞിരുന്നു. ചരക്ക് സേവന നികുതി നടപ്പാക്കിയതോടെ ഇത്തരം വാഹനങ്ങളുടെ വില വര്‍ധിക്കുകയും ചെയ്തു.

കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും ഹൈബ്രിഡ് വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗമാണെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുമെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഡയറക്റ്ററും സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റുമായ എന്‍ രാജ പറഞ്ഞു. ഇവ ബാറ്ററി ഇലക്ട്രിക് കാറുകളല്ല, മറിച്ച് ആന്തരിക ദഹന ഇലക്ട്രിക് കാറുകളാണെന്ന് അദ്ദേഹം വ്യക്തമാക്കി. സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് ഹൈബ്രിഡ് വാഹനങ്ങള്‍ സഹായിക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെയും കിര്‍ലോസ്‌കര്‍ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ടികെഎം കരുതുന്നു.

2040 ഓടെ എല്ലാ കാറുകളും ഇലക്ട്രിക് ആകുമെന്നാണ് തങ്ങള്‍ മനസ്സിലാക്കുന്നതെന്ന് രാജ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന് അതുവരെ ഹൈബ്രിഡ് വാഹനങ്ങള്‍ സഹായിക്കും. ഇന്ത്യയില്‍ എണ്‍പത് ശതമാനത്തിലധികം വൈദ്യുതിയും കല്‍ക്കരിയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്നതാണ്. കല്‍ക്കരിയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്ന കാറുകള്‍ ആത്യന്തികമായി വലിയ ഗുണം ചെയ്യില്ല. മലിനീകരണം കണക്കിലെടുക്കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ വളരെ നല്ലതാണ് ഹൈബ്രിഡ് വാഹനങ്ങള്‍. യൂറോ-6 നടപ്പാക്കുന്നതിന് മുന്നേ ഹൈബ്രിഡ് വാഹനങ്ങള്‍ ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച് തുടങ്ങിയെന്ന് എന്‍ രാജ കൂട്ടിച്ചേര്‍ത്തു.

കല്‍ക്കരി വൈദ്യുതി ഉപയോഗിക്കുന്ന കാറുകള്‍ ആത്യന്തികമായി വലിയ ഗുണം ചെയ്യില്ല. മലിനീകരണം കണക്കിലെടുക്കുമ്പോള്‍ ഹൈബ്രിഡ് വാഹനങ്ങളാണ് നല്ലതെന്ന് ടൊയോട്ട

2017 ല്‍ ടികെഎം ആകെ 700 ലധികം കാമ്‌റി ഹൈബ്രിഡുകളാണ് വിറ്റത്. 2016 ല്‍ 1,200 ഓളം കാമ്‌റി ഹൈബ്രിഡ് വില്‍ക്കാന്‍ കഴിഞ്ഞു. ജിഎസ്ടി നടപ്പാക്കിയതിനെതുടര്‍ന്ന് വില വര്‍ധിപ്പിച്ചതാണ് വില്‍പ്പന കുറയാന്‍ കാരണമായത്. കമ്പനിയുടെ ഗ്ലോബല്‍ ടീം ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്ന് എന്‍ രാജ പറഞ്ഞു. ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഫ്യൂവല്‍ സെല്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ടൊയോട്ടയുടെ ഇവി സ്ട്രാറ്റജി. ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമ്പോഴേയ്ക്കും ഇന്ത്യയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Auto