വയനാട്ടില്‍ പുഷ്പങ്ങളുടെ നിറച്ചാര്‍ത്തുമായി പൂപ്പൊലി 2018

വയനാട്ടില്‍ പുഷ്പങ്ങളുടെ നിറച്ചാര്‍ത്തുമായി പൂപ്പൊലി 2018

പുതുവര്‍ഷത്തിന് ചാരുതയേകി ആന്താരാഷ്ട്ര പുഷ്പമേള, പൂപ്പൊലി 2018, ഇന്നു മുതല്‍ ജനുവരി 18 വരെ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കും

 

കാഴ്ചകളുടെ സ്വര്‍ഗഭൂമിയായ വയനാടിനെ പുഷ്പങ്ങള്‍കൊണ്ട് വര്‍ണാഭമാക്കാന്‍ പൂപ്പൊലി 2018 ന് തുടക്കമാകുന്നു. ഇന്നു മുതല്‍ ജനുവരി 18 വരെ നീണ്ടു നില്‍ക്കുന്ന അന്താരാഷ്ട്ര പുഷ്പമേള അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കും. കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും, കേരള കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന പുഷ്പ്പമേളയ്ക്ക് ആവേശ്വജ്ജലമായ സ്വീകരണമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഇന്നു രാവിലെ 10.30ന് മന്ത്രി വി എസ് സുനില്‍കുമാര്‍ മേള ഉദ്ഘാടനം ചെയ്യും.

വൈവിധ്യങ്ങളുടെ കലവറയൊരുക്കി പുഷ്പമേള

പൂക്കളുടെ വര്‍ണവിസ്മയം ഒരുക്കി നാലാമത് അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2018, മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ പതിന്‍മടങ്ങ് മികവുറ്റതാക്കാന്‍ വന്‍ തയാറെടുപ്പുകളാണ് അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. 2000ല്‍ പരം വ്യത്യസ്ത ഇനങ്ങളോടുകൂടിയ റോസ് ഗാര്‍ഡന്‍, 1000 ത്തില്‍ പരം സ്വദേശ, വിദേശ ഓര്‍ക്കിഡുകള്‍, മറ്റ് അലങ്കാര ചെടികള്‍, 2000ത്തോളം വിവിധയിനം ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, മാരിഗോള്‍ഡ് തോട്ടം, രാക്ഷസ രൂപം, വിവിധ തരം ശില്‍പ്പങ്ങള്‍, കുട്ടികള്‍ക്കായുള്ള ഡ്രീം ഗാര്‍ഡന്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ചന്ദ്രോദ്യാനം, വിവിധ തരം പക്ഷി മൃഗാദികള്‍, അക്വേറിയം, വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകുടെ ഫുഡ്‌കോര്‍ട്ട്, പാചകമല്‍സരം, കുട്ടികള്‍ക്കായുള്ള വൈവിധ്യമാര്‍ന്ന മല്‍സരങ്ങള്‍, പെറ്റ്‌ഷോ, കര്‍ഷകര്‍ക്ക് വിജ്ഞാനം പകരുന്ന സെമിനാറുകള്‍ എന്നിവ ഉണ്ടാകും. ഇതിനോടൊപ്പം ഈ വര്‍ഷത്തെ പ്രത്യേക ഇനങ്ങളായ നയന സുന്ദരമായ കാക്‌റ്റേറിയം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍, പോളീ ഹൗസിലെ താമരക്കുളങ്ങള്‍, പുരാവസ്തു ശേഖരം, സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും 200ല്‍ പരം സ്റ്റാളുകള്‍, കലാസ്വാദകര്‍ക്കായി ഇന്ത്യയിലെ അറിയപ്പെടുന്ന കലാകാരന്‍മാരുടെ കലാവിരുന്നുകള്‍ എന്നിങ്ങനെ നിരവധി പുതുമകളാണ് അന്താരാഷ്ട്ര പുഷ്പമേളയില്‍ സന്ദര്‍ഷകര്‍ക്കായി സംഘടിപ്പിച്ചിട്ടുള്ളത്.

വയനാടിന്റെ അഭിമാനമായി പൂപ്പൊലി

കഴിഞ്ഞ ഏതാനും വര്‍ഷക്കാലമായി വയനാടന്‍ ജനതയുടെ സ്വകാര്യ അഹങ്കാരമായി മാറിയിരിക്കുകയാണ് ഈ പുഷ്പമേള. 2014ല്‍ സീറോ ബജറ്റില്‍ ആരംഭിച്ച പരിപാടി ഇന്ന് ഇന്ത്യയിലെ എടുത്തു പറയാവുന്ന മികച്ച പുഷ്പമേളകളില്‍ ഒന്നായി മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 10 ലക്ഷത്തില്‍പരം ആളുകളാണ് മേള കാണുന്നതിനായി വയനാട്ടില്‍ എത്തിയത്. കേരളത്തിന്റെ ടൂറിസം മേഖലയില്‍ എന്നും മുന്‍നിരയിലാണ് വയനാട് ജില്ല. വിദേശിയരും സ്വദേശിയരും ഒരുപോലെ ഇഷ്ടപ്പെടുന്ന വയനാട്ടിലെ പുഷ്പമേള കാണാന്‍ കഴിഞ്ഞ വര്‍ഷം എത്തിയത് പതിനായിര കണക്കിന് വിദേശികളാണ്. അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സന്ദര്‍ശകരില്‍ ഭൂരിഭാഗവും.

ഡിസ്ട്രിക്റ്റ് അവാര്‍ഡ് ആന്‍ഡ് ഇന്റര്‍നാഷണല്‍ മെഗാനൈറ്റ്

പൂപ്പൊലി അമ്പലവയല്‍ അന്താരാഷ്ട്ര പുഷ്പമേളയോടനുബന്ധിച്ച് സേവന സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷനും അബോഡ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും സംയുക്തമായി സഹകരിച്ച് ഡിസ്ട്രിക്റ്റ് അവാര്‍ഡ് ആന്‍ഡ് ഇന്റര്‍നാഷണല്‍ മെഗാ നൈറ്റ് ഷോ സംഘടിപ്പിക്കുന്നു. ചടങ്ങില്‍ വയനാട് ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, കാര്‍ഷിക, കലാകായിക മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭാശാലികളെ കണ്ടെത്തി ആദരിക്കും.

 

Comments

comments

Categories: FK Special, Slider, Trending