വിശ്രമജീവിതത്തിലേക്കു തിരിയേണ്ടതെപ്പോള്‍?

വിശ്രമജീവിതത്തിലേക്കു തിരിയേണ്ടതെപ്പോള്‍?

കാലാവധി തീരും വരെ ജോലിയില്‍ തുടരുന്നത് ദീര്‍ഘായുസുണ്ടാക്കുമെന്നു പഠനം

രാജ്യത്ത് വൊളന്ററി റിട്ടയര്‍മെന്റ് പ്രോല്‍സാഹനപദ്ധതികളുമായി ബാങ്കുകളും പൊതുമേഖലാസ്ഥാപനങ്ങളും മുമ്പോട്ട് വന്നിട്ട് മൂന്നു ദശകം പിന്നിടുന്നു. സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി തൊഴിലാളികളെ വെട്ടിക്കുറക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശ്യം. എന്നാല്‍ ഈ പദ്ധതിയില്‍ ചേര്‍ന്ന ഒരുപാടു പേര്‍ വളരെ പെട്ടെന്ന് നിരാശാബാധിതരും വിഷാദരോഗികളുമൊക്കെയായി മാറിയെന്നതാണ് വസ്തുത. അല്‍പ്പം സാമ്പത്തികമെച്ചം അക്കാലത്തുണ്ടായെങ്കിലും കര്‍മ്മരംഗത്തു നിന്ന് ഒരു സുപ്രഭാതത്തില്‍ നിഷ്‌കാസിതരായതിന്റെ ബുദ്ധിമുട്ട് അവരില്‍ പ്രകടമായത് അങ്ങനെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള സ്വയം മാറിനില്‍ക്കല്‍ മാരകമായ മറ്റൊരു ദുരന്തത്തിലേക്കു കൂടി വഴി തെളിക്കുമെന്നാണ് പുതിയ പഠനഫലം വ്യക്തമാക്കുന്നത്. അകാലമരണത്തിലേക്കു പോലും നയിക്കാവുന്ന തിക്തഫലമുളവാക്കുന്നതാണ് പതിവിലും നേരത്തേയുള്ള വിരമിക്കലെന്ന് പഠനത്തില്‍ തെളിയുന്നു.

അമേരിക്കയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കിടയില്‍ കോര്‍ണെല്‍ സര്‍വകലാശാലയിലെ മറിയ ഫിസ്പാട്രിക്കും മെല്‍ബണ്‍ സര്‍വകലാശാലയിലെ തിമോത്തി മൂറും നടത്തിയ പഠനമാണ് ആയുസും വിരമിക്കലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പുതിയ വിവരങ്ങള്‍ നല്‍കിയത്. 62-ാം വയസില്‍ അമേരിക്കന്‍ പൗരന്മാരില്‍ കണ്ടുവരുന്ന കൂടിയ മരണനിരക്കിനു നിദാനമായ പെട്ടെന്നും ദോഷപരവുമായ ഹ്രസ്വകാല ഭവിഷ്യത്ത് എന്തെന്ന ചിന്തയാണ് അവരെ ഇത്തരത്തിലുള്ള പഠനത്തിനു പ്രേരിപ്പിച്ചത്. യുഎസില്‍ വാര്‍ധക്യകാല ക്ഷേമപദ്ധതിക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധിയാണ് 62 വയസെന്ന് ഓര്‍ക്കണം. ഇവരുടെ മരണനിരക്ക് മറ്റുള്ള പ്രായക്കാരെ അപേക്ഷിച്ച് കൂടുതലാണെന്ന കണ്ടെത്തലിലാണ് ഇവര്‍ എത്തിച്ചേര്‍ന്നത്. 62കാരായ പുരുഷന്മാരില്‍ രണ്ടു ശതമാനവും സ്ത്രീകളില്‍ ഒരു ശതമാനവും വര്‍ധനയാണു കണ്ടെത്തിയത്. 62-ാം വയസില്‍ വിരമിച്ച്, സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്കിടയില്‍ മരണനിരക്ക് 20 ശതമാനം വരെ വര്‍ധിച്ചിരിക്കുന്നതായാണു കണ്ടെത്തിയത്.

എന്നാല്‍ സാമൂഹ്യസുരക്ഷാ പദ്ധതിവിഹിതത്തിന്റെ പണം സ്വീകരിക്കുന്നതാണ് ആയുസിന്റെ നീളം കുറയ്ക്കുന്നതെന്ന് ഇതിന് അര്‍ത്ഥമില്ല. മറിച്ച്, വിരമിക്കലിനാണ് മരണനിരക്കുമായി ബന്ധമുള്ളത്. യുഎസിലെ വലിയൊരു വിഭാഗം ജീവനക്കാരുടെ വിരമിക്കലിന് മരണനിരക്കുമായി പെട്ടെന്നും ദോഷപരവുമായുള്ള ബന്ധമുണ്ടെന്നതിനുള്ള തെൡവുകള്‍ പഠനം നല്‍കുന്നു. പുരുഷന്മാരിലാണ് ഇത് കൂടുതല്‍ ഭവിഷ്യത്ത് ഉണ്ടാക്കുന്നത്. വിരമിക്കലിന്റെ പ്രഭാവം സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തരീതിയിലാണ് അനുഭവപ്പെടാറുള്ളതെന്ന വസ്തുതയാണ് ഇതിനു കാരണം. പുരുഷന്മാരുടെ മാനസികാരോഗ്യം അവരുടെ ജോലിയുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. ജോലിയില്‍ നിന്നുള്ള വിരമിക്കല്‍ സ്ത്രീകളെ അപേക്ഷിച്ച് അവരില്‍ ഉണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ വ്യത്യസ്തമാക്കുന്നതിനും കാരണം ഇതാണ്.

യുഎസില്‍ വാര്‍ധക്യകാല ക്ഷേമപദ്ധതിക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധിയായ 62 വയസെത്തിയവരുടെ മരണനിരക്ക് മറ്റുള്ള പ്രായക്കാരെ അപേക്ഷിച്ച് കൂടുതലാണ്. 62കാരായ പുരുഷന്മാരില്‍ രണ്ടു ശതമാനവും സ്ത്രീകളില്‍ ഒരു ശതമാനവും വര്‍ധനയാണു പഠനത്തില്‍ കണ്ടെത്തിയത്. 62-ാം വയസില്‍ വിരമിച്ച്, സാമൂഹ്യസുരക്ഷാ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്കിടയില്‍ മരണനിരക്ക് 20 ശതമാനം വരെ വര്‍ധിച്ചിരിക്കുന്നതായാണു കണ്ടെത്തിയത്

നേരത്തേ വിരമിക്കുന്നവര്‍, കൂടുതല്‍ കാലം ജോലിയില്‍ തുടരുന്നവരേക്കാള്‍ വേഗത്തില്‍ രോഗഗ്രസ്തരാകുന്നതായി പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇവരില്‍ 62-ാം വയസില്‍ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ആനാരോഗ്യം കഷ്ടപ്പെടുത്തിയിട്ടും വിരമിക്കാതെ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ആയുര്‍ദൈര്‍ഘ്യം കൂടിയിരിക്കുന്നതായാണ് കണ്ടുവരുന്നതെന്ന് ഫിസ്പാട്രിക്ക് പറയുന്നു. എങ്കിലും വിരമിക്കാന്‍ പറ്റിയ പ്രായം ഏതാണെന്ന് പറയാനാകില്ലെന്നാണ് ഇവരുടെ പക്ഷം. ഇതേക്കുറിച്ച് ഇനിയുമേറെ പഠിക്കാനുണ്ട്. ജോലിയില്‍ ദീര്‍ഘനാള്‍ തുടരാന്‍ പ്രോല്‍സാഹിപ്പിക്കുന്നത് ജീവനക്കാരുടെ ആയുര്‍ദൈര്‍ഘ്യം കൂട്ടാനിടയുണ്ടെന്നത് വസ്തുതയാണെങ്കിലും ഇക്കാര്യം തന്നെ അടിച്ചേല്‍പ്പിക്കുന്നത് അവരെ മോശം അവസ്ഥയിലേക്കു നയിക്കുമെന്നാണ് ഫിസ്പാട്രിക്ക് പറയുന്നത്.

വിരമിക്കല്‍ നേരത്തേയാക്കുന്നവര്‍ ആയുസും കുറയ്ക്കുകയാണെന്ന സൂചനകളാണ് പഠനവിവരങ്ങളില്‍ നിന്നു മനസിലാക്കാനാകുന്നത്. എന്നാല്‍ അത്യധ്വാനവും മുഷിഞ്ഞിരുന്നു ജോലിയില്‍ തുടരുന്നതും ആരോഗ്യത്തിന് ഹാനികരം തന്നെയാണ്. താല്‍പ്പര്യമില്ലാതെ ജോലിയില്‍ തുടരുന്നത് ജീവനക്കാരില്‍ പലവിധ അസ്വസ്ഥകള്‍ക്കും കാരണമാകും. ഇത് സമയമാകാതെ റിട്ടയിര്‍ ചെയ്യുന്നതിനു സമാനമായ ദോഷം സൃഷ്ടിക്കുമെന്നും മനസിലാക്കേണ്ടതുണ്ടെന്ന് ഫിസ്പാട്രിക്ക് മുന്നറിയിപ്പു തരുന്നു. അതിനാല്‍ നേരത്തേ വിരമിക്കുന്നവര്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നേരത്തേ ജോലി നിര്‍ത്തിപ്പോകുകയോ അല്ലാതെയോ ഇരിക്കാം. എന്നാല്‍ ജോലി സമയത്ത് നമുക്ക് ഒരു ജീവിതചര്യയും കൃത്യനിഷ്ഠയുമുണ്ടായിരിക്കും. ഇത് നമ്മുടെ ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണെന്ന ഓര്‍മ്മ വേണം. ജോലി ഉപേക്ഷിക്കുമ്പോള്‍ നിഷ്ഠകള്‍ വിട്ടുകളയാതിരിക്കുകയാണ് ഉചിതം. ഇത് ആയുരാരോഗ്യത്തോടെയുള്ള വിശ്രമജീവിതം നയിക്കാന്‍ നമ്മെ സഹായിക്കുന്നു.

 

Comments

comments

Categories: FK Special, Slider