ഓട്ടോമൊബീല്‍ : 2017 സാക്ഷ്യം വഹിച്ച പ്രധാന സംഭവങ്ങള്‍

ഓട്ടോമൊബീല്‍ : 2017 സാക്ഷ്യം വഹിച്ച പ്രധാന സംഭവങ്ങള്‍

ബിഎസ്-3 വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ചത് 2017 ല്‍ വലിയ തലക്കെട്ടുകളായി. ഇന്ത്യയില്‍ വില്‍പ്പന അവസാനിപ്പിക്കുകയാണെന്ന് ജനറല്‍ മോട്ടോഴ്‌സ് പ്രഖ്യാപിച്ചതും 2017 ല്‍ തന്നെ

ന്യൂഡെല്‍ഹി : 2017 ല്‍ ഇന്ത്യന്‍ വാഹന വ്യവസായം ഒട്ടനവധി കാര്യങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. നോട്ട് അസാധുവാക്കലിന്റെ ആഘാതത്തില്‍നിന്ന് വ്യവസായം പതുക്കെ സുഖം പ്രാപിക്കുന്നതോടെയാണ് 2017 ആരംഭിച്ചത്. ഭാരത് സ്‌റ്റേജ് 3 വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ചത് 2017 ല്‍ വലിയ തലക്കെട്ടുകളായി. ഇതേതുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ചരക്ക് സേവന നികുതി നടപ്പാക്കി. സെസ്സ് വര്‍ധിപ്പിച്ചതില്‍ പാസഞ്ചര്‍ വാഹന വ്യവസായം ആശങ്കകള്‍ പ്രകടിപ്പിക്കുന്നതും പിന്നീട് കണ്ടു. ഇന്ത്യയില്‍ വില്‍പ്പന അവസാനിപ്പിക്കുകയാണെന്ന് ജനറല്‍ മോട്ടോഴ്‌സ് പ്രഖ്യാപിച്ചതും 2017 ല്‍ തന്നെ. അതേസമയം കിയ, ജീപ്പ്, എംജി മോട്ടോഴ്‌സ് എന്നീ കമ്പനികള്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചത് ശ്രദ്ധിക്കപ്പെട്ടു. 2017 ല്‍ ഇന്ത്യന്‍ വാഹന വ്യവസായത്തിലെ ടോപ് ഇവന്റുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ബിഎസ്-3 വാഹനങ്ങള്‍ നിരോധിച്ചു

ഭാരത് സ്‌റ്റേജ് 3 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങളുടെ ഉല്‍പ്പാദനവും വില്‍പ്പനയും 2017 മാര്‍ച്ച് മാസത്തില്‍ സുപ്രീം കോടതിയാണ് നിരോധിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഓട്ടോ ന്യൂസ് ഒരുപക്ഷേ ഇതുതന്നെയാകും. കോടതി വിധിയെതുടര്‍ന്ന് ബിഎസ്-3 ഇരുചക്ര വാഹനങ്ങളുടെയും കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെയും വില്‍പ്പന കൂപ്പുകുത്തി. വാഹന വ്യവസായം ഏകദേശം 12,000 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. മാര്‍ച്ച് മാസത്തെ അവസാന രണ്ട് ദിനങ്ങളില്‍ രാജ്യത്തെ ഇരുചക്ര വാഹന ഡീലര്‍ഷിപ്പുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. ബിഎസ്-3 വാഹനങ്ങളുടെ സ്റ്റോക്ക് വിറ്റഴിക്കുന്നതിന് കമ്പനികളും ഡീലര്‍മാരും വന്‍ കിഴിവുകള്‍ പ്രഖ്യാപിച്ചതാണ് ആളുകൂടാന്‍ കാരണമായത്. 2017 ല്‍ ഇന്ത്യയില്‍ ജിഎസ്ടി, ബിറ്റ്‌കോയിന്‍, ജല്ലിക്കെട്ട് എന്നിവയ്ക്കുശേഷം ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്ത നാലാമത്തെ വാചകം വാട്ട് ഈസ് ബിഎസ്3 വെഹിക്ക്ള്‍സ് എന്നായിരുന്നുവെന്ന് ഗൂഗിള്‍ ട്രെന്‍ഡ്‌സ് പറയുന്നു.

ജനറല്‍ മോട്ടോഴ്‌സിന്റെ ‘ക്വിറ്റ് ഇന്ത്യ’

പുതുവര്‍ഷത്തില്‍ ഷെവര്‍ലെ ബീറ്റ് ആക്റ്റീവ്, ഷെവര്‍ലെ എസന്‍ഷ്യ കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ കാണുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 2018 മുതല്‍ ഇന്ത്യയില്‍ കാറുകള്‍ വില്‍ക്കുന്നില്ല എന്ന തീരുമാനമാണ് ജനറല്‍ മോട്ടോഴ്‌സ് കൈക്കൊണ്ടത്. അമേരിക്കന്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ തീരുമാനം പക്ഷേ വളരെ നാടകീയമായിരുന്നു. ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റ് ജനറല്‍ മോട്ടോഴ്‌സ് എംജി മോട്ടോഴ്‌സിന് കൈമാറി. എംജി മോട്ടോഴ്‌സ് ഇവിടെ 2018 ല്‍ ഉല്‍പ്പാദനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സിന്റെ മഹാരാഷ്ട്രയിലെ തലേഗാവ് പ്ലാന്റില്‍ ഇനി കയറ്റുമതി ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും ഉല്‍പ്പാദനം നടത്തുന്നത്. ഇന്ത്യ വിടാനുള്ള ജിഎമ്മിന്റെ പ്രഖ്യാപനം കമ്പനിയുടെ ഡീലര്‍മാര്‍ ഉള്‍പ്പെടെ ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറൂ, അല്ലെങ്കില്‍ ഇടിച്ചുനിരത്തും : നിതിന്‍ ഗഡ്കരി

സുഗ്രീവാജ്ഞ പോലെ ഇടിവെട്ട് നിര്‍ദ്ദേശമാണ് നിതിന്‍ ഗഡ്കരി മുന്നോട്ടുവെച്ചത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറൂ, അല്ലെങ്കില്‍ ഇടിച്ചുനിരത്തുമെന്ന് ഗഡ്കരി പറഞ്ഞു. 2017 സെപ്റ്റംബറില്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സിന്റെ വാര്‍ഷിക കണ്‍വെന്‍ഷനിലാണ് റോഡ് ഗതാഗത മന്ത്രി ഏവരെയും ഞെട്ടിച്ചത്. ബദല്‍ ഇന്ധനങ്ങളിലോ വൈദ്യുതിയിലോ ഓടുന്ന വാഹനങ്ങള്‍ നിര്‍മ്മിക്കണമെന്നും അല്ലാത്തപക്ഷം വാഹനനിര്‍മ്മാതാക്കളെ കേന്ദ്ര സര്‍ക്കാര്‍ ബുള്‍ഡോസ് ചെയ്യുമെന്നും നിതിന്‍ ഗഡ്കരി തീര്‍ത്തുപറഞ്ഞു. നമ്മള്‍ ബദല്‍ ഇന്ധനങ്ങളിലേക്ക് മാറണം. നിങ്ങള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി, ഞാനത് ചെയ്യാന്‍ പോവുകയാണെന്ന് ഗഡ്കരി വ്യക്തമാക്കി. ഞാന്‍ നിങ്ങളോട് ചോദിക്കാനൊന്നും പോകുന്നില്ല, ഇലക്ട്രിക് അല്ലാത്തവയെ ഞാന്‍ ഇടിച്ചുനിരത്തും. എണ്ണ ഇറക്കുമതിയും വാഹനങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണവും പരിഗണിക്കുമ്പോള്‍ തന്റെ നിലപാട് പരല്‍ പോലെ, പളുങ്ക് പോലെ, സ്ഫടികം പോലെ വ്യക്തമാണെന്ന് ഗഡ്കരി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ ബോധ്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നികുതി ഘടന, നയപരിപാടികള്‍ എന്നിവയുമായി എല്ലായ്‌പ്പോഴും പിന്തുണക്കുന്ന വാഹന നിര്‍മ്മാതാക്കളെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തരുതായിരുന്നു എന്ന അഭിപ്രായം പിന്നീട് ഉയര്‍ന്നു. പ്രത്യേകിച്ചും ഇലക്ട്രിക് മൊബിലിറ്റി സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍. സീറോ-എമിഷന്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ യഥാര്‍ത്ഥ ഉപകരണ നിര്‍മ്മാതാക്കള്‍ (ഒഇഎം) നിക്ഷേപം നടത്താന്‍ തയ്യാറായിട്ടുണ്ട്.

2030 ഓടെ നൂറ് ശതമാനം ഓള്‍-ഇലക്ട്രിക് വാഹനങ്ങള്‍

2030 ഓടെ നൂറ് ശതമാനം ഓള്‍-ഇലക്ട്രിക് വാഹനങ്ങള്‍ എന്ന ലക്ഷ്യം മോദി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. എണ്ണ ഇറക്കുമതി ചെലവുകള്‍ ഗണ്യമായി കുറയ്ക്കുക, വാഹനങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിനുപിന്നില്‍. 2017 തുടക്കത്തില്‍ കേന്ദ്ര മന്ത്രി പീയൂഷ് ഗോയലാണ് മഹത്തായ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങളോ കൃത്യമായ റോഡ്മാപ്പോ ഇല്ലാതെയുള്ള പ്രഖ്യാപനം മിക്കവാറും എല്ലാ കാര്‍ നിര്‍മ്മാതാക്കളുടെയും ഉല്‍പ്പന്ന ആസൂത്രണത്തെ തകിടം മറിച്ചു. നൂറ് ശതമാനവും ബാറ്ററികളും ആഭ്യന്തരമായി നിര്‍മ്മിച്ച് 2030 പദ്ധതി ലക്ഷ്യം നേടണമെങ്കില്‍, 2017-2030 കാലയളവില്‍ 20 ലക്ഷം കോടി രൂപ ചെലവഴിച്ച് കുറഞ്ഞത് 3,500 ജിഗാവാട്ട്അവര്‍ ബാറ്ററികള്‍ ഉല്‍പ്പാദിപ്പിക്കണമെന്ന് നിതി ആയോഗ് കണക്കാക്കി. കാര്യങ്ങളെല്ലാം ശരിയാംവണ്ണം നടന്നാല്‍ ഇവി ബാറ്ററി ഉല്‍പ്പാദനത്തിന്റെ 25-40 ശതമാനം ഇന്ത്യയില്‍ സാധിക്കുമെന്നും കണക്കാക്കുന്നു. ലിഥിയം-അയണ്‍ സെല്ലുകള്‍ ഇറക്കുമതി ചെയ്ത് ബാറ്ററി പാക്കുകളാക്കി മാറ്റുകയാണ് ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്.

ജിഎസ്ടി & സെസ്സ്

ചരക്ക് സേവന നികുതി ഇന്ത്യയില്‍ വാഹന നിര്‍മ്മാതാക്കളുടെ ബിസിനസ് എളുപ്പമാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ആഡംബര കാറുകളിലും എസ്‌യുവികളിലും ഹൈബ്രിഡ് വാഹനങ്ങളിലും ജിഎസ്ടി കൗണ്‍സില്‍ അധിക സെസ്സ് ചുമത്തുന്നതുവരെ കാര്യങ്ങള്‍ സുഗമമായിരുന്നു. തുടര്‍ന്ന് വില്‍പ്പന കുറഞ്ഞുവെന്ന് മാത്രമല്ല, വാഹനങ്ങളുടെ വില ഇടയ്ക്കിടെ കൂട്ടുകയും കുറയ്ക്കുകയും ചെയ്തതും കമ്പനികളെ ബാധിച്ചു. പുതിയ നികുതി ഘടനയെതുടര്‍ന്ന് ടൊയോട്ട ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ നിര്‍ത്തുന്നതിന് സാക്ഷ്യം വഹിക്കേണ്ടിവന്നു. കാമ്‌റി ഹൈബ്രിഡ് സെഡാന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതാണ് ടൊയോട്ട അവസാനിപ്പിച്ചത്. ഇത്രയധികം വിലയില്‍ ഇന്ത്യയില്‍ കാമ്‌റി ഹൈബ്രിഡ് സെഡാന്‍ ആരും വാങ്ങാന്‍ പോകുന്നില്ലെന്ന് കമ്പനി തീരുമാനിച്ചു.

സഖ്യങ്ങള്‍

സ്‌കോഡയും ടാറ്റ മോട്ടോഴ്‌സും തമ്മില്‍ പ്രഖ്യാപിച്ച പങ്കാളിത്തം ഇരു കമ്പനികളും പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷത്തെ മറ്റൊരു പ്രധാന വാര്‍ത്തയായിരുന്നു. അതേസമയം മഹീന്ദ്രയും ഫോഡും ഈ വര്‍ഷം തന്ത്രപ്രധാന സഖ്യത്തിലേര്‍പ്പെട്ടു. ഇന്ത്യയിലേക്കും ആഗോള വിപണികളിലേക്കുമായി മിഡ്-റേഞ്ച് ക്രൂസറുകള്‍ നിര്‍മ്മിക്കുന്നതിന് ബജാജ്, ട്രയംഫ് കമ്പനികള്‍ കൈകോര്‍ത്തു. സുസുകിയും ടൊയോട്ടയും തമ്മിലുള്ള ആഗോള പങ്കാളിത്തം ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നതിന് മാരുതി സുസുകിയെ വലിയ തോതില്‍ സഹായിക്കും.

പുതിയ ലോഞ്ചുകള്‍, 2017 ല്‍ പ്രഖ്യാപിച്ച പദ്ധതികളുടെ നിര്‍വ്വഹണം, കൂടുതല്‍ കമ്പനികളുടെ ഇലക്ട്രിക് പദ്ധതി പ്രഖ്യാപനം എന്നിവയാണ് 2018 ല്‍ പ്രതീക്ഷിക്കുന്നത്. 2018 ഓട്ടോ എക്‌സ്‌പോ ഫെബ്രുവരി 9 മുതല്‍ 14 വരെ നടക്കും.

Comments

comments

Categories: Auto