കര്‍മനിരതര്‍ ഈ സേനാംഗങ്ങള്‍ … ഇവര്‍ക്ക് നല്‍കാം സല്യൂട്ട്‌

കര്‍മനിരതര്‍ ഈ സേനാംഗങ്ങള്‍ … ഇവര്‍ക്ക് നല്‍കാം സല്യൂട്ട്‌

ഊര്‍ജ്ജസ്വലത മുഖമുദ്രയാക്കിയ സേനാംഗങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. ഒരാള്‍ ഇന്‍ഡോറിലും രണ്ടാമന്‍ ബാംഗ്ലൂരിലുമാണ് സേവനം അനുഷ്ഠിക്കുന്നത്. കര്‍മനിരതമായ മനസുണ്ടെങ്കില്‍ ലോകം തന്നെ കീഴടക്കാമെന്നതിന് ഇവരേക്കാള്‍ നല്ലൊരു ഉദാഹരണമില്ല.

മൂണ്‍വാക്ക് നടത്തി ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് കോപ്പ്

മൂണ്‍ വാക്ക് (moon walk) എന്ന പദം ഏറ്റവുമധികം നമ്മള്‍ കേട്ടിരിക്കുന്നത് പോപ് ഗായകനും നര്‍ത്തകനുമായ മൈക്കിള്‍ ജാക്‌സനുമായി ബന്ധപ്പെട്ടാണ്. നര്‍ത്തകന്‍ മുമ്പോട്ടു നീക്കം നടത്തുന്ന സമയത്ത് പിന്നിലേക്ക് ഒഴുകി പോകുന്ന ഒരു തരം നൃത്ത നീക്കമാണ് മൂണ്‍വാക്ക്. Motown 25: Yesterday, Today, Forever എന്ന പരിപാടിക്കിടെ മാര്‍ച്ച് 25, 1983 നു മൈക്കിള്‍ ജാക്‌സണ്‍ ബില്ലി ജീന്‍ എന്ന ഗാനം അവതരിപ്പിക്കുന്നതിനിടെയാണ് മൂണ്‍വാക്ക് ലോക പ്രശസ്തമാകുന്നത്. ഇത് പിന്നീട് ജാക്‌സന്റെ പ്രധാനപ്പെട്ട ഒരു നൃത്ത ശൈലിയയി മാറുകയും ചെയ്തു. മൈക്കിള്‍ ജാക്‌സന്റെ ആത്മകഥയുടെ പേരും മൂണ്‍വാക്ക് എന്നാണ്.

മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള തിരക്കുപിടിച്ച കവലയില്‍ മൂണ്‍വാക്ക് നടത്തി ഗതാഗതം നിയന്ത്രിക്കുന്നൊരു ട്രാഫിക് പൊലീസുകാരനുണ്ട്. അദ്ദേഹത്തിന്റെ പേര് രഞ്ജിത് സിംഗ് എന്നാണ്. 38കാരനായ ഇദ്ദേഹമാണ് ഇന്‍ഡോര്‍ നഗരത്തിലെ ഗതാഗതം സുഗമമാക്കാന്‍ സഹായിക്കുന്നത്. ഇരുപത് ലക്ഷത്തിലേറെയാണ് ഇന്‍ഡോര്‍ നഗരത്തിലെ ജനസംഖ്യ. ഇവിടെ ഗതാഗതം നിയന്ത്രിക്കുകയെന്നത് ഹിമാലയന്‍ ടാസ്‌കുമാണ്. എന്നാല്‍ രഞ്ജിത് സിംഗ് ഓണ്‍ ഡ്യൂട്ടിയിലാണെങ്കില്‍ എല്ലാം നേര്‍രേഖ പോലെ സിംപിളാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
രഞ്ജിത് സിംഗിന്റെ മറ്റൊരു പ്രത്യേകതയാണ് Freddie Mercury- style മീശ. എങ്കിലും മൈക്കിള്‍ ജാക്‌സണ്‍ ശൈലിയിലുള്ള ട്രാഫിക്കിംഗിലൂടെയാണ് അദ്ദേഹം പൊതുജനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്.
‘ വര്‍ഷങ്ങളായി ഞാന്‍ മൈക്കിള്‍ ജാക്‌സന്റെ ആരാധകനാണ്. ഗതാഗത കുരുക്ക് നീക്കം ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തിന്റെ മൂണ്‍വാക്ക് നൃത്ത ശൈലിയാണ് ഉപയോഗിക്കുന്നത്. 12 വര്‍ഷമായി ഇതൊരു ശീലമാണ്. ആദ്യമെല്ലാം ജനങ്ങള്‍ കൗതുകത്തോടെ വീക്ഷിക്കുമായിരുന്നു. എന്നാല്‍ ഈ നൃത്ത ശൈലിയിലൂടെ എനിക്ക് അത്ഭുതപ്പെടുത്തുന്ന വിധം ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താന്‍ സാധിച്ചു. ഇത് ജനകീയമാവുകയും ചെയ്തു’ രഞ്ജിത് പറയുന്നു. ശബ്ദ കോലാഹലങ്ങള്‍ക്കിടയിലും അശ്രദ്ധമായി വാഹനമോടിക്കുന്ന ചില ഡ്രൈവര്‍മാര്‍ക്കിടയില്‍നിന്ന് ട്രാഫിക്കിംഗ് നടത്തുന്നത് മടുപ്പിക്കുന്ന അനുഭവമാണ്. എന്നാല്‍ മൂണ്‍വാക്കിംഗ് കാണുമ്പോള്‍ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ആശ്ചര്യമാണെന്നും രഞ്ജിത് പറയുന്നു.
മൂണ്‍വാക്കിംഗിലൂടെ ജനശ്രദ്ധ നേടിയ രഞ്ജിത് സിംഗ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ്. 50,000 അടുത്ത് ആളുകളാണ് അദ്ദേഹത്തെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നത്.

യന്തിരന്‍ അഥവാ സിംഗം ഭാസ്‌കര്‍

24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാകുന്ന യന്ത്രമനുഷ്യനെ നമ്മള്‍ ടിവിയിലും സിനിമയിലും കണ്ടു കാണും. എന്നാല്‍ ബാംഗ്ലൂര്‍ ട്രാഫിക് പോലീസ് ഫോഴ്‌സിലുമുണ്ട് യന്ത്രമനുഷ്യനെ പോലൊരാള്‍. 365 ദിവസവും (രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെ) ജോലിയില്‍ ഏര്‍പ്പെടുന്ന ഒരു സേനാംഗം. പേര് ഭാസ്‌കര്‍ എന്നാണ്. 38 കാരനായ ഇദ്ദേഹം അറിയപ്പെടുന്നത് സിംഗം ഭാസ്‌കറെന്നാണ്. 2009-ലാണ് ഇദ്ദേഹം ബാംഗ്ലൂര്‍ പോലീസ് സേനയില്‍ ചേര്‍ന്നത്. ജോലിയില്‍ പ്രവേശിച്ചു ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനത്തിലൂടെ ഭാസ്‌കര്‍ ജനശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.

2011-ല്‍ സുരഞ്ജന്‍ ദാസ് റോഡില്‍ ഇദ്ദേഹത്തെ ട്രാഫിക് നിയന്ത്രിക്കാന്‍ പോസ്റ്റ് ചെയ്തു. സാധാരണ ട്രാഫിക് ജോലിക്ക് ഒരു കേന്ദ്രത്തില്‍ സ്ഥിരമായി സേനാംഗങ്ങളെ നിയോഗിക്കാറില്ല. ഓരോ ചെറിയ ഇടവേളകളിലും ഇവരെ ഓരോ കേന്ദ്രങ്ങളിലേക്കും മാറ്റുകയാണു പതിവ്. എന്നാല്‍ സി വി രാമന്‍നഗറിലുള്ള സുരഞ്ജന്‍ ദാസ് റോഡിലുള്ള പ്രദേശവാസികള്‍ ഭാസ്‌കറിനെ മാറ്റരുതെന്നു മേലധികാരികളോട് നേരിട്ടും ഇ-മെയ്‌ലിലൂടെയുമൊക്കെ അഭ്യര്‍ഥിക്കുകയായിരുന്നു. കാരണം ഭാസ്‌കര്‍ സ്വന്തം പ്രവര്‍ത്തിയിലൂടെ നാട്ടുകാരുടെ പ്രീതി പിടിച്ചുപറ്റിയിരുന്നു.

ഇന്നു ഭാസ്‌കറിനെ അറിയാത്തവര്‍ ബാംഗ്ലൂര്‍ നഗരത്തില്‍ തന്നെയുണ്ടാവില്ല. കുട്ടികളുടെയും മുതിര്‍ന്നവരുടെയുമൊക്കെ പ്രിയങ്കരനാണു ഭാസ്‌കര്‍. കുട്ടികള്‍ ഭാസ്‌കറിനെ കാണാനെത്തുമ്പോള്‍ ചോക്ലേറ്റും മിഠായിയുമൊക്കെ കൊണ്ടു വരും. സ്ത്രീകള്‍ ഉള്‍പ്പെടെ മുതിര്‍ന്നവര്‍ ഇദ്ദേഹവുമായി സംസാരിക്കാനെത്തുന്നതും പതിവ് കാഴ്ചയാണ്. ചിലരൊക്കെ സെല്‍ഫിയെടുത്തതിനു ശേഷമാണു തിരിച്ചു പോകുന്നത്.
സിംഗം എന്ന തമിഴ് സിനിമയില്‍ സൂര്യ അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തിന്റേതു പോലുള്ള മീശയുള്ളതിനാലാണു ഭാസ്‌കറിന് സിംഗം എന്നു പേരു വീണത്. ഭാസ്‌കറിന്റെ ഇഷ്ട താരവും സൂര്യ തന്നെയാണ്. സിംഗം സിനിമയില്‍ മയക്കുമരുന്ന് ലോബിക്കെതിരേ പോരാടുന്നൊരു ഊര്‍ജ്ജസ്വലനായ പോലീസ് ഉദ്യോഗസ്ഥനാണ് സൂര്യ. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഊര്‍ജ്ജസ്വലമായി കര്‍മനിരതനാവുകയാണു ഭാസ്‌കര്‍.

Comments

comments

Categories: FK Special, Slider