ഈ തലമുറ സ്വിഫ്റ്റിന്റെ ഉല്‍പ്പാദനം നിര്‍ത്തി

ഈ തലമുറ സ്വിഫ്റ്റിന്റെ ഉല്‍പ്പാദനം നിര്‍ത്തി

മൂന്നാം തലമുറ മാരുതി സുസുകി സ്വിഫ്റ്റ് 2018 തുടക്കത്തില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷ

ന്യൂഡെല്‍ഹി : ഈ തലമുറ മാരുതി സുസുകി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഉല്‍പ്പാദനം നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ഈയിടെ പുറത്തുവന്ന ഫോട്ടോയാണ് ഇത്തരമൊരു നിഗമനത്തിലെത്തിച്ചേരാന്‍ കാരണം. രണ്ടാം തലമുറയിലെ അവസാന സ്വിഫ്റ്റ് അസ്സംബ്ലി ലൈനില്‍നിന്ന് പുറത്തിറക്കുന്ന സമയത്തെ ഫോട്ടോഗ്രാഫാണ് പ്രചരിക്കുന്നത്. കാറിനൊപ്പം നിന്ന് ജീവനക്കാരെടുത്ത ഫോട്ടോയാണിത്.

‘അവസാന സ്വിഫ്റ്റ് : ഇ07460, മഹത്തായ യാത്ര ഇവിടെ അവസാനിക്കുന്നു… പുതിയ തുടക്കത്തിന്… ഗ്രേറ്റ് ടീമിന്റെ ഗ്രേറ്റ് കാര്‍, ബൈ ബൈ സ്വിഫ്റ്റ്’ എന്ന് പ്രിന്റ് ചെയ്ത കടലാസ് കാറിന്റെ ഹുഡില്‍ പതിപ്പിച്ചിട്ടുണ്ട്. നിലവിലെ തലമുറ സ്വിഫ്റ്റ് മൂന്നാം തലമുറ മാരുതി സുസുകി സ്വിഫ്റ്റിന് വഴിമാറിക്കൊടുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പുതിയ സ്വിഫ്റ്റ് 2018 തുടക്കത്തില്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണ ഓട്ടം നടത്തുന്നത് ഈയിടെ കണ്ടെത്തിയിരുന്നു.

2005 ലാണ് മാരുതി സുസുകി സ്വിഫ്റ്റ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്

2005 ലാണ് മാരുതി സുസുകി സ്വിഫ്റ്റ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത്. ആഗോളതലത്തില്‍ മൂന്നാം തലമുറ സ്വിഫ്റ്റ് ആയിരുന്നെങ്കില്‍ ഇന്ത്യയില്‍ അത് ഒന്നാം തലമുറ മാരുതി സുസുകി സ്വിഫ്റ്റ് ഹാച്ച്ബാക്ക് ആയിരുന്നു. 1.3 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് വന്നത്. 2007 ല്‍ ഫിയറ്റിന്റെ പുതിയ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ സ്വിഫ്റ്റ് ഫേസ്‌ലിഫ്റ്റ് മാരുതി അവതരിപ്പിച്ചു.

2010 ല്‍ പെട്രോള്‍ മോട്ടോറിന് പകരം ബിഎസ്-4 അനുസരിക്കുന്ന പുതിയ 1.2 ലിറ്റര്‍ കെ സീരീസ് എന്‍ജിന്‍ നല്‍കി. 2011 ലാണ് രണ്ടാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് മാരുതി പുറത്തിറക്കിയത്. മെച്ചപ്പെട്ട രൂപകല്‍പ്പനയിലും സ്റ്റൈലിംഗിലും കൂടുതല്‍ ഫീച്ചറുകളോടെയുമാണ് അവതരിപ്പിച്ചത്. 2014 ല്‍ ഈ കാറിന്റെ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി. നിലവില്‍ ഈ സ്വിഫ്റ്റാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്.

Comments

comments

Categories: Auto