ഇതുവരെ ചെലവിട്ടത് അനുവദിച്ച തുകയുടെ 7% മാത്രം

ഇതുവരെ ചെലവിട്ടത് അനുവദിച്ച തുകയുടെ 7% മാത്രം

പദ്ധതിയെ പ്രോല്‍സാഹിപ്പിക്കുന്നതിന് സ്മാര്‍ട്ട് സിറ്റി അവാര്‍ഡ് പ്രഖ്യാപിക്കും

ന്യൂഡെല്‍ഹി: സ്മാര്‍ട്ട് സിറ്റി മിഷന്റെ കീഴില്‍ 60 നഗരങ്ങള്‍ക്കായി അനുവദിച്ച തുക മതിയായ രീതിയില്‍ ചെലവഴിച്ചില്ലെന്ന് നഗരകാര്യ മന്ത്രാലയം. 9,860 കോടി രൂപയാണ് നഗരങ്ങള്‍ക്കായി പദ്ധതിക്ക് കീഴില്‍ അനുവദിച്ചത്. ഈ തുകയുടെ വെറും ഏഴ് ശതമാനം അതായത് ഏകദേശം 645 കോടി രൂപ മാത്രമേ ഇതുവരെ ചെലവഴിച്ചിട്ടുള്ളുവെന്നാണ് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.

ഏകദേശം 40 സ്മാര്‍ട്ട് സിറ്റികളില്‍ ഓരോന്നിനുമായി അനുവദിച്ച 196 കോടി രൂപയില്‍ പരമാവധി തുക ഇതുവരെ ചെലവിട്ടത് അഹമ്മദാബാദാണ്. 80. 15 കോടി രൂപ. ഇന്‍ഡോര്‍ 70.69 കോടി രൂപയും സൂററ്റ് 43.41 കോടി രൂപയും, ഭോപ്പാല്‍ 42.86 കോടി രൂപയും ചെലവഴിച്ചുവെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.അതേസമയം അനുവദിച്ച തുകയില്‍ വെറും 54 ലക്ഷം രൂപ മാത്രമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ചെലവിട്ടിരിക്കുന്നത്. റാഞ്ചി 35 ലക്ഷവും ഔറംഗാബാദ് 85 ലക്ഷവും ചെലവിട്ടു.

ചില നഗരങ്ങളില്‍ സ്മാര്‍ട്ട് മിഷന്‍ പദ്ധതിയുടെ തൃപ്തികരമല്ലാത്ത നടപ്പിലാക്കല്‍ സംബന്ധിച്ച് മന്ത്രാലയത്തിന് ആശങ്കയുണ്ടെന്ന് ചില വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ഇത്തരം നഗരങ്ങളെ സമീപിച്ച് പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെടാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. പദ്ധതിക്കായി 111 കോടി രൂപയോളം ലഭിച്ച നഗരങ്ങളില്‍ വഡോധര 20.62 കോടി രൂപയും സിക്കിമിലെ നാംചി 6.80 കോടി രൂപയും ഇതുവരെ ചെലവിട്ടു. എന്നാല്‍ തമിഴ്‌നാട്ടിലെ സേലം 5 ലക്ഷം രൂപയും വെല്ലൂര്‍ ആറ് ലക്ഷം രൂപയും തഞ്ചാവൂര്‍ 19 ലക്ഷം രൂപയും മാത്രമാണ് ഇതുവരെ ചെലവാക്കിയത്.

രാജ്യത്തെ നഗരങ്ങളെ സ്മാര്‍ട്ട് സിറ്റികളായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കീഴില്‍ ഇതുവരെ 90 നഗരങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഈ ഓരോ നഗരങ്ങള്‍ക്കും 500 കോടി രൂപ വീതം കേന്ദ്രസഹായമായി ലഭിക്കും. പദ്ധതിയുടെ ഭാഗമായി കേന്ദ്രത്തില്‍ നിന്ന് ഫണ്ടുകള്‍ ലഭിക്കുന്നതിന് ഈ നഗരങ്ങള്‍ സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ (എസ്പിവി) സ്ഥാപിക്കേണ്ടതുണ്ട്.

മധ്യപ്രദേശ്, ചത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കുന്നതായും പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ പദ്ധതിയുടെ പുരോഗതി കൂടുതല്‍ വേഗത്തിലാക്കേണ്ടതുണ്ടെന്നുമാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
പദ്ധതി നടപ്പിലാക്കല്‍ വേഗത്തിലാക്കുന്നതിനും ഇക്കാര്യത്തില്‍ നഗരങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മല്‍സരം വളര്‍ത്തുന്നതിനുമായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന നഗരങ്ങള്‍ക്ക് അടുത്ത വര്‍ഷം ജൂണോടെ സ്മാര്‍ട്ട് സിറ്റി അവാര്‍ഡ് സമ്മാനിക്കും. 90 നഗരങ്ങളിലെയും പദ്ധതിയുടെ വേഗത്തിലുള്ള പൂര്‍ത്തീകരണം ഉറപ്പുവരുത്തുന്നത് എല്ലാവര്‍ക്കും മുന്‍പിലുള്ള വെല്ലുവിളിയാണെന്ന് സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Comments

comments

Categories: More