ഭാവിയെ മുന്‍കൂട്ടിക്കണ്ടു മുകേഷ്, അനിലിന് അത് സാധിച്ചില്ല

ഭാവിയെ മുന്‍കൂട്ടിക്കണ്ടു മുകേഷ്, അനിലിന് അത് സാധിച്ചില്ല

ഒടുവില്‍ കടക്കെണിയിലായ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ രക്ഷയ്ക്ക് സഹോദരന്‍ മുകേഷ് തന്നെ എത്തുകയാണ്. ഫ്യൂച്ചറിസ്റ്റിക് ആയി ചിന്തിക്കണം സംരംഭകര്‍ എന്ന് ഓര്‍മപ്പെടുത്തുന്നു ഈ കൈകോര്‍ക്കല്‍

അനുജന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ മൊബീല്‍ ബിസിനസ്, സ്‌പെക്ട്രം, മൊബീല്‍ ടവറുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല തുടങ്ങിയവ ഏറ്റെടുക്കാന്‍ മുകേഷ് അംബാനി തീരുമാനിച്ചുകഴിഞ്ഞു. കടക്കെണിയിലായ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനെ രക്ഷിക്കുന്നതിന് ഒടുവില്‍ മുകേഷ് അംബാനിയുടെ പുതു സംരംഭമായ ജിയോ ഇന്‍ഫോകോം തന്നെ എത്തുന്നത് ഒരുപക്ഷേ കാലത്തിന്റെ ആകസ്മികതയാകാം. ഒപ്പം സംരംഭകര്‍ക്കും കുടുംബ ബിസിനസുകള്‍ക്കും അത് വലിയൊരു സന്ദേശവും നല്‍കുന്നുണ്ട്.

2006ലാണ് അംബാനിയുടെ കുടുംബ ബിസിനസ് വിഭജിക്കപ്പെട്ടത്. അനിലിന്റെ നേതൃത്വത്തില്‍ റിലയന്‍സ് ഗ്രൂപ്പും മുകേഷിന്റെ നേതൃത്വത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി മാറി. രണ്ട് പേരും സമ്പന്നരുടെ പട്ടികയില്‍ മികച്ച സ്ഥാനം നേടി. ഫോബ്‌സ് മാസികയുടെ അന്നത്തെ കണക്കനുസരിച്ച് അനിലിന്റെ മൂല്യം 45 ബില്യണ്‍ ഡോളറും മുകേഷിന്റേത് 49 ബില്യണ്‍ ഡോളറുമായിരുന്നു. ഏറ്റവും സാധ്യതയുള്ള ടെലികോം ബിസിനസായിരുന്നു റിലയന്‍സ് കമ്യൂണിക്കേഷന്‍സിലൂടെ അനിലിന് ലഭിച്ചത്. ആ രംഗത്ത് മുകേഷ് അംബാനി സൃഷ്ടിച്ചെടുത്ത വിപ്ലവത്തിലൂടെ ലഭിച്ച നേട്ടവും അനിലിനുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് അനിലിന്റെ ബിസിനസുകള്‍ക്ക് തിരിച്ചടി നേരിടുന്നതായിരുന്നു. മുകേഷ് ആകട്ടെ കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് വരുകയും ചെയ്തു.

ഇന്ന് അനില്‍ അംബാനിയുടെ മൂല്യം കേവലം 3.15 ബില്യണ്‍ ഡോളറാണ്. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി മുകേഷ് അംബാനി തുടരുകയും ചെയ്യുന്നു. 2006ന് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തിലുണ്ടായത് ആറ് മടങ്ങ് വര്‍ധനയാണ്. ഇന്നത് ഏകദേശം ആറ് ലക്ഷം കോടി രൂപയിലെത്തി നില്‍ക്കുന്നതായാണ് കണക്കുകള്‍. അതേസമയം, റിലയന്‍സ് ഗ്രൂപ്പിലെ എല്ലാ കമ്പനികളുടെയും സംയുക്ത മാര്‍ക്കറ്റ് മൂല്യത്തില്‍ സംഭവിച്ചത് 17 ശതമാനം ഇടിവ്. 47,016 കോടി രൂപയാണ് അനിലിന്റെ ഗ്രൂപ്പ് കമ്പനികളുടെയാകെ മാര്‍ക്കറ്റ് മൂല്യമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഒരു നിശ്ചിത കാലം വരെ ടെലികോം ബിസിനസിലേക്ക് മുകേഷ് കടക്കില്ലെന്നായിരുന്നു കുടുംബ ബിസിനസ് വിഭജിക്കപ്പെടുമ്പോഴുണ്ടായിരുന്ന ധാരണ. എന്നാല്‍ ആ പരിധി കഴിഞ്ഞപ്പോള്‍ ടെലികോമിലേക്ക് മുകേഷ് തിരിച്ചുവരവ് നടത്തിയത് വിപണിയെ ആകെ ഇളക്കിമറിച്ച് ജിയോ എന്ന ഡിസ്‌റപ്ഷനുമായിട്ടായിരുന്നു. ടെലികോം ബിസിനസ് അവകാശമായി കിട്ടിയ അനിലിന് കടം കയറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അത്. ശക്തമായ അടിത്തറയുള്ള ടെലികോം ബിസിനസ് കൈയില്‍ കിട്ടിയിട്ടും അതിനെ അടുത്ത തലത്തിലെത്തിക്കാന്‍ അനിലിന് സാധിച്ചില്ല. അതേ ടെലികോം രംഗത്തേക്ക് രണ്ടാം വരവ് നടത്തിയ മുകേഷ് ഇപ്പോള്‍ സ്വന്തമായി തുടങ്ങിയ ടെലികോം കമ്പനിയിലൂടെ അനിലിന്റെ രക്ഷകനാകുകയും ചെയ്യുന്നു. സംരംഭകര്‍ ഭാവി മുന്‍കൂട്ടിക്കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന ലളിതവും ശക്തവുമായ തന്ത്രത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ടെലികോം ബിസിനസിലേക്ക് ഏറ്റവും അവസാനം വന്നെത്തിയ മുകേഷിന്റെ ജിയോ എന്ന കമ്പനി തെളിച്ച വഴിയിലൂടെയാണ് ആ രംഗത്തെ അതികായര്‍ പോലും ഇന്ന് സഞ്ചരിക്കുന്നത്. വിപണിയിലെ രണ്ട് വമ്പന്‍ കമ്പനികളുടെ ലയനത്തിന് പോലും അതു വഴിവെച്ചു. പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകളിലേക്ക് ലോകം മാറുന്നത് നേരത്തെ മനസിലാക്കിയ മുകേഷ് തന്റെ ബിസിനസിന്റെ നട്ടെല്ലായിരുന്ന എണ്ണയില്‍ നിന്നും മാറി ടെലികോമില്‍ വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തത് അദ്ദേഹത്തിലെ ധീഷണാശാലിയായ ബിസിനസുകാരനെ തന്നെയാണ് കാണിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുകേഷിനെക്കുറിച്ച് ഇക്കണോമിസ്റ്റ് എഴുതി, ഇന്ത്യയിലെ സമ്പന്നന്‍ പരമ്പരാഗത ബിസിനസുകളില്‍ വിയര്‍ക്കുന്നുവെന്ന്.

എന്നാല്‍ ജിയോയിലൂടെ ലോകത്തു തന്നെ ശ്രദ്ധേയമാകുന്ന തലത്തില്‍ ടെലികോം ബിസിനസിനെ മാറ്റിമറിച്ചു മുകേഷ് അംബാനി. ഡാറ്റ നിരക്കുകളിലെ വ്യത്യാസം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. ഫോണ്‍ വിളി സൗജന്യമാക്കിയതും ഒരു ജിബി ഡാറ്റയ്ക്ക് 200 രൂപയിലേറെ നിരക്കുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് ഇന്ന് 50 രൂപയ്ക്കടുത്തേക്ക് താഴ്ന്നതും ഉപഭോക്തൃ കേന്ദ്രീകൃതമായി വിപണിയെ ജിയോ മാറ്റിയതിന് ഏറ്റവും വലിയ ഉദാഹരണമാണ്. വലിയ ബിസിനസ് സാമ്രാജ്യം കൈമുതലായി കിട്ടുന്ന, കുടുംബ ബിസിനസിന്റെ ഭാഗമായ ഓരോ സംരംഭകനും റിലയന്‍സ് ഗ്രൂപ്പിന്റെ കഥ ഒരു കേസ് സ്റ്റഡിയാണ്. അത് പഠിച്ചിട്ടു വേണം ബിസിനസ് തന്ത്രങ്ങള്‍ മെനയാന്‍.

Comments

comments

Categories: Editorial, Slider