‘ഹല്‍ദി’ വൈറലാക്കിയ മാജിക്

‘ഹല്‍ദി’ വൈറലാക്കിയ മാജിക്

ഫോട്ടോഗ്രാഫിയില്‍ ദിനംപ്രതി പുതുമകള്‍ പരീക്ഷിക്കപ്പെടുന്ന രംഗമാണ് വെഡ്ഡിംഗ്ഫോട്ടോഗ്രാഫി. പുതിയ തലമുറയിലെ മാറി മറിയുന്ന ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി വേറിട്ട നൂതന ആശയങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ട് മേഖലയിലെ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാജിക് മോഷന്‍ മീഡിയ

വെഡ്ഡിംഗ് ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി രംഗത്ത് അനുദിനം പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്ന ഇക്കാലത്ത് അവയ്ക്കിടയില്‍ ശ്രദ്ധിക്കപ്പെടുക ശ്രമകരമായ ദൗത്യമാണ്. വെഡ്ഡിംഗ് ആല്‍ബം എന്ന വിളിപ്പേരില്‍ നിന്ന് വെഡ്ഡിംഗ് സിനിമാ എന്ന തലക്കെട്ടിലേക്ക് കാര്യങ്ങള്‍ മാറിയത് ആ മല്‍സരത്തിന്റെ സാന്നിധ്യം കൊണ്ട് കൂടിയാണ്.

സ്ലൈഡര്‍, ഗ്ലൈഡര്‍, ജിംബല്‍, ഡ്രോണ്‍ തുടങ്ങി അത്യാധുനിക സജ്ജീകരണങ്ങളെല്ലാം കളം നിറയുമ്പോള്‍ കഷ്ടപ്പെടാന്‍ വിവാഹപ്പാര്‍ട്ടികളും തയാറാവുന്നു. ഈ സാഹചര്യത്തില്‍ വ്യത്യസ്ത സമീപനത്തിലൂടെ മാത്രമേ ഈ ക്ലീഷേ ഷൂട്ടുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സാധിക്കൂ. അത്തരത്തില്‍ സമീപകാലത്ത് സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിയ വെഡ്ഡിംഗ് ആല്‍ബമായിരുന്നു ഡാലിയയുടെ ഹല്‍ദി വീഡിയോ. കല്ല്യാണ തലേന്നുള്ള ഈ വീഡിയോ മനോഹരമാക്കിയത് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാജിക് മോഷന്‍ മീഡിയയാണ്.

സോഷ്യല്‍ മീഡിയയുടെ സാന്നിധ്യം മാജിക് മോഷന്‍ മീഡിയയുടെ വളര്‍ച്ചയില്‍ പ്രധാന ഘടകമാണ്. വൈറല്‍ ആയ ഒറ്റ വീഡിയോയില്‍ നിന്ന് തിരക്കേറിയ സ്ഥാപനമായി വളരാന്‍ കഴിഞ്ഞിരിക്കുന്നു. ചെറിയ രീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് ആഡംബര വിവാഹങ്ങളില്‍ വരെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്നു

3.44 മിനിറ്റ് നീണ്ടു നില്‍ക്കുന്ന സിംഗിള്‍ ഷോട്ടിലാണ് ഹല്‍ദി വീഡിയോ തയാറാക്കിയിരിക്കുന്നത്. അതായത് റെക്കോര്‍ഡിംഗ് ഓണാക്കിയ കാമറ കട്ട് ചെയതത് 3.44 മിനുറ്റിന് ശേഷം മാത്രം. മഞ്ഞയും വെള്ളയും ഇടകലര്‍ന്ന ബാക്ക്ഗ്രൗണ്ടും വസ്ത്രങ്ങളും പാട്ടിനൊപ്പം ചുവടുവെച്ച കല്യാണപ്പെണ്ണും കുടുംബവുമെല്ലാം ഹല്‍ദി വീഡിയോയെ കൂടുതല്‍ മനോഹരമാക്കി. ഇത്തരത്തില്‍ ഒരു വീഡിയോ ആദ്യത്തേതാണെന്ന് മാജികോ മോഷന്‍ മീഡിയ അവകാശപ്പെടുന്നു. ഫോട്ടോഗ്രാഫി അഭിനിവേശമാക്കിയ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടങ്ങിയ സംരംഭമാണ് മാജിക് മോഷന്‍ മീഡിയ എന്ന പേരില്‍ ഇന്ന് സജീവമായിരിക്കുന്നത്. പഠിച്ചത് എന്‍ജിനീയറിംഗ് ആയിരുന്നുവെങ്കിലും റൂബല്‍, ജോബില്‍, സച്ചിന്‍, ജോസി എന്നീ സുഹൃത്തുക്കള്‍ കര്‍മ്മ മേഖലയായി തെരഞ്ഞെടുത്തത് അവരുടെ ഇഷ്ടവിനോദത്തെ തന്നെ. അതിന്റെ മികവ് അവരുടെ വീഡിയോകളിലും തെളിഞ്ഞ് കാണാം. ഹല്‍ദി വീഡിയോയ്ക്ക് മുമ്പ് നിരവധി കല്യാണ വീഡിയോകള്‍ തയാറാക്കിയെങ്കിലും ഈ വീഡിയോ പുറത്തിറങ്ങിയ ശേഷമാണ് സ്ഥാപനം ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് കേരളത്തിലെ മികച്ച വെഡ്ഡിംഗ് സ്റ്റുഡിയോകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് മാജിക് മോഷന്‍ മീഡിയ. കേരളത്തിനകത്തും പുറത്തുമായി നിരവധി വിവാഹപാര്‍ട്ടികളും മറ്റുമായി മാജിക് മോഷന് തിരക്കേറുകയാണ്. ദുബായ്, അബുദാബി, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി ഷൂട്ടുകള്‍ ഇവര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

തങ്ങളുടെ ഇഷ്ടമേഖലയെ വരുമാന മാര്‍ഗമാക്കി മാറ്റിയതിലൂടെയാണ് ഈ നാല്‍വര്‍സംഘം വിജയത്തിലേക്ക് കുതിച്ചത്. ഇതര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ സമീപനം പുലര്‍ത്തിയതും മേഖലയില്‍ സ്വന്തം കൈമുദ്ര പതിപ്പിക്കാന്‍ അവരെ പ്രാപ്തരാക്കി. വളരെ കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിച്ച സംരംഭം ഇന്ന് ലക്ഷങ്ങളുടെ വരുമാനത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. അര്‍പ്പണബോധവും തൊഴിലിനോടുള്ള അഭിനിവേശവും ഉണ്ടെങ്കില്‍ മുതല്‍മുടക്ക് ഒരു തടസമേയല്ലെന്ന് തെളിയിക്കുകയാണിവര്‍.

Comments

comments

Categories: FK Special, Slider