ഓഹരികളില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചത് 5,900 കോടി രൂപ

ഓഹരികളില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചത് 5,900 കോടി രൂപ

51,000 കോടി രൂപയിലധികമാണ് ഇന്ത്യന്‍ ഓഹരികളില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 2017ല്‍ നടത്തിയിട്ടുള്ള അറ്റ നിക്ഷേപം

ന്യൂഡെല്‍ഹി: ഡിസംബര്‍ മാസം ആഭ്യന്തര ഓഹരികളില്‍ നിന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) പിന്‍വലിച്ചത് ഏകദേശം 5,900 കോടി രൂപ. ധനക്കമ്മിയിലുണ്ടായ വര്‍ധനയും ക്രൂഡ് ഓയില്‍ വില വര്‍ധനയും വിപണിയില്‍ നിക്ഷേപകരെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഒക്‌റ്റോബര്‍ മാസത്തെ കണക്ക് പ്രകാരം ഈ സാമ്പത്തിക വര്‍ഷം മൊത്തമായി ലക്ഷ്യമിടുന്ന പരിധിയുടെ 96.1 ശതമാനത്തിലേക്ക് ധനക്കമ്മി ഉയര്‍ന്നിരുന്നു. സെപ്റ്റംബര്‍ പാദത്തില്‍ 6.3 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളര്‍ച്ച.

ഡിസംബറിലെ പ്രകടനം മോശമായെങ്കിലും, 51,000 കോടി രൂപയിലധികമാണ് ഇന്ത്യന്‍ ഓഹരികളില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 2017ല്‍ നടത്തിയിട്ടുള്ള അറ്റ നിക്ഷേപം. എഫ്പിഐകള്‍ 5,883 കോടി രൂപ ഡിസംബറില്‍ ഓഹരികളില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ടെന്നാണ് ഡെപ്പോസിറ്ററി ഡാറ്റ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതേ പ്രവണത പുതുവര്‍ഷത്തില്‍ എഫ്പിഐകള്‍ ആവര്‍ത്തിച്ചേക്കില്ലെന്ന പ്രതീക്ഷയാണ് വിപണി വിദഗ്ധര്‍ പങ്കുവെച്ചിട്ടുള്ളത്. നവംബറില്‍ എഫ്പിഐകള്‍ 19,728 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരികളിലേക്ക് ഒഴുക്കിയിരുന്നത്. എട്ട് മാസത്തിനിടയില്‍ എഫ്പിഐകള്‍ ആഭ്യന്തര ഓഹരികളില്‍ നടത്തിയ ഏറ്റവും വലിയ നിക്ഷേപം കൂടിയായിരുന്നു ഇത്.

പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശേഷി ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളും ലോക ബാങ്ക് തയാറാക്കിയ ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ നിലമെച്ചപ്പെടുത്തിയതുമാണ് നവംബറില്‍ വിദേശ നിക്ഷേപകരെ ആവേശത്തിലാക്കിയത്. ഇതിനുമുന്‍പ് മാര്‍ച്ചിലാണ് (30,906 കോടി രൂപ) ഏറ്റവും ഉയര്‍ന്ന നിക്ഷേപം എഫ്പിഐകള്‍ നടത്തിയിരുന്നത്.

ക്രൂഡ് ഓയില്‍ വില വര്‍ധനയും ധനക്കമ്മിയിലെ ഉയര്‍ച്ചയും സമ്പദ് വ്യവസ്ഥയിലെ സൂക്ഷ്മ ഘടകങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ഡിസംബറില്‍ നിക്ഷേപകരെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് മോണിംഗ്‌സ്റ്റാര്‍ ഇന്ത്യ റിസര്‍ച്ച് വിഭാഗം സീനിയര്‍ അനലിസ്റ്റ് മാനേജര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു. രൂപ കരുത്താര്‍ജിച്ചതും ആഭ്യന്തര വിപണിയിലുണ്ടായ ഉയര്‍ച്ചയും ഡിസംബര്‍ അവസാനിക്കുന്നതിനു മുന്‍പ് മികച്ച നേട്ടമുണ്ടാക്കാനുള്ള അവസരം നിക്ഷേപകര്‍ക്ക് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബറില്‍ വിദേശ നിക്ഷേപകര്‍ ഡെറ്റ് വിപണിയില്‍ 2,350 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്.

Comments

comments

Categories: Slider, Top Stories