നാല് മുഴുവന്‍ സമയ അംഗങ്ങള്‍; സെബിയുടെ ആവശ്യം ധനമന്ത്രാലയം അംഗീകരിച്ചു

നാല് മുഴുവന്‍ സമയ അംഗങ്ങള്‍; സെബിയുടെ ആവശ്യം ധനമന്ത്രാലയം അംഗീകരിച്ചു

ജോലിഭാരം അധികമായതോടെയാണ് റെഗുലേറ്ററി അതോറിറ്റി ഈ ആവശ്യം ഉന്നയിച്ചത്

ന്യൂഡെല്‍ഹി: നാല് മുഴുവന്‍ സമയ അംഗങ്ങള്‍ വേണമെന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ആവശ്യം ധനമന്ത്രാലയം അംഗീകരിച്ചു. റെഗുലേറ്ററി അതോറിറ്റിയില്‍ നേതൃനിര ശക്തമാക്കുന്നതിനും ചുമതലകള്‍ വേഗത്തില്‍ നിര്‍വഹിക്കുന്നതിനും ഈ നീക്കം സഹായകമാകും.

2015ല്‍ ഫോര്‍വാര്‍ഡ് മാര്‍ക്കറ്റ് കമ്മീഷന്‍ സെബിയില്‍ ലയിപ്പിച്ചതിനെ തുടര്‍ന്ന് ജോലിഭാരം അധികമായതോടെയാണ് റെഗുലേറ്ററി അതോറിറ്റി ഈ ആവശ്യം ഉന്നയിച്ചത്. നാലമാതൊരു അംഗത്ത കൂടി ഉള്‍പ്പെടുത്തണമെന്നും മുന്‍ഗണനാ അടിസ്ഥാനത്തില്‍ ഈ അംഗത്തിന്റെ നിയമനം നടത്തണമെന്നും നിര്‍ദേശിച്ചുകൊണ്ട് സെബി ധനമന്ത്രാലയത്തിന് കത്തയക്കുകയായിരുന്നു. സെബി ആക്റ്റ് അനുസരിച്ച് ചെയര്‍മാനു പുറമേ ധനമന്ത്രാലയത്തില്‍ നിന്നും സാമ്പത്തികകാര്യ വകുപ്പില്‍ നിന്നും ആര്‍ബിഐയില്‍ നിന്നുമായി ഓരോ അംഗങ്ങള്‍ സെബിയിലുണ്ടാകും. ഇതിനുപുറമെ മറ്റ് അഞ്ച് അംഗങ്ങളും ഉണ്ടാകും. ഇതില്‍ മൂന്ന് പേര്‍ മുഴുവന്‍ സമയ അംഗങ്ങളായിരിക്കണം. ഇതാണിപ്പോള്‍ നാലാക്കി വര്‍ധിപ്പിക്കുന്നത്.

നിലവില്‍ രണ്ട് മുഴുവന്‍ സമയ അംഗങ്ങളാണ് സെബിയിലുള്ളത്. മാധബി പുരി ബുച്ച്, ജി മഹാലിംങ്കം എന്നിവരാണവര്‍. സജീവ് കൗശിക്കിനെ മുഴുവന്‍ സമയ അംഗമായി കഴിഞ്ഞ മാസം നിയമിച്ചിരുന്നെങ്കിലും അദ്ദേഹം ഇതുവരെ സെബിയില്‍ ചുമതലയേറ്റിട്ടില്ല. സാമ്പത്തികകാര്യ വകുപ്പില്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റുകളുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്.

Comments

comments

Categories: Slider, Top Stories