ഇ-വേ ബില്‍ നടപ്പാക്കുന്നത് ജിഎസ്ടി വരുമാനം 25% വരെ വര്‍ധിപ്പിച്ചേക്കും

ഇ-വേ ബില്‍ നടപ്പാക്കുന്നത് ജിഎസ്ടി വരുമാനം 25% വരെ വര്‍ധിപ്പിച്ചേക്കും

വാറ്റ് സംവിധാനത്തിനു കീഴില്‍ ഇ-വേ ബില്‍ നടപ്പാക്കിയ സംസ്ഥാനങ്ങളിലെ വാര്‍ഷിക നികുതി വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധന നിരീക്ഷിക്കാനായിട്ടുണ്ട്

ന്യൂഡെല്‍ഹി: രാജ്യത്ത് ഇലക്ട്രോണിക് ബില്‍ (ഇ-വേ ബില്‍) സംവിധാനം നടപ്പാക്കുന്നതോടെ ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി)യില്‍ നിന്നുള്ള വരുമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. ഇ-വേ ബില്‍ പ്രാബല്യത്തില്‍ വരുന്നത് ജിഎസ്ടി വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധനവുണ്ടാക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. നികുതി ചോര്‍ച്ച പരിശോധിക്കുന്നതിനും ഇ-വേ ബില്‍ സഹായകമാകും. അന്തര്‍ സംസ്ഥാന ചരക്കുനീക്കത്തിന് ഫെബ്രുവരി ഒന്നുമുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമാകും.

ജിഎസ്ടി പ്രാബല്യത്തില്‍ വന്നതു മുതല്‍ ചില ബിസിനസുകാര്‍ക്ക് നികുതി ഹോളിഡേ ആണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ നികുതി സംവിധാനം നടപ്പില്‍ വന്നതോടെ നികുതിയില്‍ നിന്ന് ഭാഗികമായി രക്ഷപെടാനാകാത്ത സാഹചര്യം ഉണ്ടായതിനാലാണിത്. ഒന്നുകില്‍ നികുതി പൂര്‍ണമായും അടക്കാതിരിക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായും അടക്കുകയോ മാത്രമാണ് ജിഎസ്ടിക്കു കീഴില്‍ ഇപ്പോള്‍ സാധ്യമായിട്ടുള്ളത്. ഇതിനാല്‍ ജിഎസ്ടിയില്‍ നിന്ന് മാറിനില്‍ക്കുന്ന ചില ബിസിനസുകളെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെ നികുതി സംവിധാനത്തിന്റെ ഭാഗമാക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് ഇ-വേ ബില്‍ എന്നും നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

വാറ്റ് സംവിധാനത്തിനു കീഴില്‍ ഇ-വേ ബില്‍ നടപ്പാക്കിയ സംസ്ഥാനങ്ങളിലെ വാര്‍ഷിക നികുതി വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധന നിരീക്ഷിക്കാനായിട്ടുണ്ട്. രാജ്യവ്യാപാകമായി ഇ-വേ ബില്‍ നടപ്പാക്കുന്നതോടെ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനത്തിലും ഇതേ രീതിയിലുള്ള വര്‍ധനയുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി രാജ്യത്തെ 17 സംസ്ഥാനങ്ങളിലാണ് ഇതിനകം ഇ-വേ ബില്‍ നടപ്പാക്കിയിട്ടുള്ളത്. ഫെബ്രുവരി ഒന്നുമുതല്‍ ബാക്കി 14 സംസ്ഥാനങ്ങളില്‍ കൂടി ജിഎസ്ടി നിയമപ്രകാരമുള്ള ഇ-വേ ബില്‍ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള ചരക്കുനീക്കത്തിന് നിലവില്‍ ഉപയോഗിക്കുന്ന ട്രാന്‍സിറ്റ് പാസ് സംവിധാനത്തിന് പകരമായാണ് ഇ-വേ ബില്‍ നടപ്പാക്കുന്നത്. രാജ്യവ്യാപകമായി ഇ-വേ ബില്‍ സംവിധാനം നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞതായാണ് വിവരം. ഈ മാസം 15 മുതല്‍ കമ്പനികള്‍ക്ക് ഇ-വേ ബില്‍ ജനറേറ്റ് ചെയ്ത് തുടങ്ങാം. ജൂണ്‍ ഒന്നുമുതല്‍ രാജ്യവ്യാപകമായി സംസ്ഥാനങ്ങള്‍ക്കകത്തും പുറത്തുമുള്ള ചരക്കുനീക്കത്തിന് ഇ-വേ ബില്‍ പദ്ധതി നടപ്പാക്കുകയും ചെയ്യും.

നിലവില്‍ കര്‍ണാടകയില്‍ പദ്ധതിയുടെ പരീക്ഷണ ഘട്ടം നടന്നുകൊണ്ടിരിക്കുകയാണ്. പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നുണ്ടെന്നും സംസ്ഥാനത്ത് പ്രതിദിനം 1.1 ലക്ഷം ഇ-വേ ബില്ലുകള്‍ ജനറേറ്റ് ചെയ്യുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യവ്യപാകമായി പദ്ധതി നടപ്പാക്കുന്നതിനു മുന്‍പ് പ്രതിദിനം ഏകദേശം 40 ലക്ഷത്തോളം ഇ-വേ ബില്ലുകള്‍ ജനറേറ്റ് ചെയ്യാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതില്‍ 40 ശതമാനത്തോളം അന്തര്‍ സംസ്ഥാന ചരക്കുനീക്കത്തിന് വേണ്ടിയുള്ളതായിരിക്കുമെന്നും ഇവര്‍ പറയുന്നു.

Comments

comments

Categories: More