ഹിറ്റ്‌ലര്‍ ഉപയോഗിച്ച 1939 മെഴ്‌സിഡസ് ബെന്‍സ് 770കെ ഗ്രോസര്‍ ലേലത്തിന് വെയ്ക്കും

ഹിറ്റ്‌ലര്‍ ഉപയോഗിച്ച 1939 മെഴ്‌സിഡസ് ബെന്‍സ് 770കെ ഗ്രോസര്‍ ലേലത്തിന് വെയ്ക്കും

ഈ കാറിന്റെ ഏറ്റവും പ്രശസ്തമായ ഫോട്ടോഗ്രാഫ് 1940 ല്‍ ഫ്രാന്‍സിന്റെ തോല്‍വി ആഘോഷിക്കുന്നതിന് ബെര്‍ലിനില്‍ നടന്ന ഗ്രാന്‍ഡ് പരേഡില്‍ കാര്‍ ഹിറ്റ്‌ലര്‍ ഉപയോഗിച്ചതാണ്

അരിസോണ (യുഎസ്) : ക്ലാസ്സിക് കാര്‍ മോട്ടോറിംഗ് ലോകത്തെ കാറുകളിലൊന്നായ മെഴ്‌സിഡസ് ബെന്‍സ് 770കെ ഗ്രോസര്‍ ലേലത്തിന് വെയ്ക്കുന്നു. ജര്‍മ്മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്ന കാര്‍ എന്നതാണ് 1939 മോഡല്‍ 770കെ ഗ്രോസറിന്റെ ചരിത്രപരമായ പ്രാധാന്യം. 1930 കളുടെ അവസാനം കമ്മീഷന്‍ ചെയ്ത ഈ മെഴ്‌സിഡസ് ബെന്‍സ് 770കെ ‘ഗ്രോസര്‍’ അഥവാ ‘ഗ്രാന്‍ഡ്’ യൂറോപ്പിലെ റാലികളില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ പല തവണ ഉപയോഗിച്ചിരുന്നു. ഐഎ148461 ആണ് ഈ കാറിന്റെ ഒറിജിനല്‍ രജിസ്‌ട്രേഷന്‍ നമ്പര്‍.

ഹിറ്റ്‌ലറുടെ കൈവശമുണ്ടായിരുന്ന പല കാറുകളില്‍ ഒന്നായിരുന്നു 1939 മോഡല്‍ മെഴ്‌സിഡസ് ബെന്‍സ് 770കെ ഗ്രോസര്‍. നാസി ഹൈ കമാന്‍ഡിന്റെ വാഹന നിരയില്‍ ഈ കാറുമുണ്ടായിരുന്നു. നിര്‍മ്മിച്ച എട്ട് ഒറിജിനല്‍ ഡബ്ല്യു150 770കെ മോഡലുകളില്‍ അവസാനത്തേതാണ് 189744 എന്ന ഷാസി നമ്പറുള്ള ഈ കാര്‍. ഇപ്പോഴും ‘ജീവിച്ചിരിക്കുന്ന’ അഞ്ച് കാറുകളില്‍ ഒന്ന്. ഈയൊരു കാര്‍ ഉള്‍പ്പെടെ മൂന്നെണ്ണം മാത്രമാണ് സ്വകാര്യ വ്യക്തികളുടെ കൈവശമുള്ളത്. മറ്റ് രണ്ട് കാറുകള്‍ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നു.

1939 മെഴ്‌സിഡസ് ബെന്‍സ് 770കെ ഗ്രോസര്‍ സംബന്ധിച്ച ഏറ്റവും പ്രശസ്തമായ ഫോട്ടോഗ്രാഫ് 1940 ല്‍ ഫ്രാന്‍സിന്റെ തോല്‍വി ആഘോഷിക്കുന്നതിന് ബെര്‍ലിനില്‍ നടന്ന ഗ്രാന്‍ഡ് പരേഡില്‍ ഈ കാര്‍ ഹിറ്റ്‌ലര്‍ ഉപയോഗിച്ചതാണ്. 1941 ല്‍ യൂഗോസ്ലാവ്യയെയും ഗ്രീസിനെയും പരാജയപ്പെടുത്തിയപ്പോഴും പരേഡിനായി ഈ കാര്‍ ഉപയോഗിച്ചു. 1940 കളുടെ തുടക്കത്തില്‍ പലതവണ ജര്‍മ്മനി സന്ദര്‍ശിച്ചപ്പോള്‍ ബെനിറ്റോ മുസ്സോളിനിയും ഈ കാര്‍ ഉപയോഗിച്ചിരുന്നു. ഭാഗിക കവചിത വാഹനമായ 770കെ കൂടുതലായി ഉപയോഗിച്ചിരുന്നില്ല. ഫ്രാന്‍സില്‍നിന്ന് അമേരിക്കന്‍ സേനയാണ് ഈ കാര്‍ കണ്ടെത്തിയത്.

1946 ല്‍ ബെല്‍ജിയം സ്വദേശിക്കും തുടര്‍ന്ന് കാര്‍ കൈമാറി അമേരിക്കന്‍ പുകയില വ്യാപാരിയുടെ കൈവശവുമെത്തി. അദ്ദേഹം പിന്നീട് നോര്‍ത്ത് കരോലിനയിലെ മ്യൂസിയത്തിന് സംഭാവന ചെയ്തു. 1976 ല്‍ ഈ കാര്‍ അവിടെനിന്നും വാങ്ങിയവര്‍ കാറിന്റെ ചരിത്രം മനസ്സിലാക്കി പുതുമയോടെ സൂക്ഷിച്ചു. അതേസമയം നാസി ചിഹ്നങ്ങളെല്ലാം ഉപേക്ഷിച്ചു.

ലേലം ചെയ്തു ലഭിക്കുന്ന തുകയുടെ പത്ത് ശതമാനം ‘ഹോളോകോസ്റ്റ് എജ്യുക്കേഷന്’ നല്‍കുമെന്ന് അജ്ഞാതനായ ഉടമ അറിയിച്ചിട്ടുണ്ട്

പലതവണ പിന്നെയും കൈമറിഞ്ഞ കാര്‍ അവസാനം ലാസ് വെഗാസിലെ കാസിനോ നടത്തിപ്പുകാരന്‍ സ്വന്തമാക്കി. ഹിറ്റ്‌ലര്‍ തീമിലുള്ള പിറന്നാള്‍ പാര്‍ട്ടികള്‍ക്ക് ഈ കാര്‍ ഉപയോഗിച്ചു. അദ്ദേഹത്തിന്റെ മരണശേഷം കാര്‍ വീണ്ടും യൂറോപ്പിലെത്തി. ഇപ്പോള്‍ റഷ്യന്‍ ബിസിനസ്സുകാരന്റെ കൈവശമാണ് 1939 മോഡല്‍ മെഴ്‌സിഡസ് 770കെ ഗ്രോസര്‍.

സമാനമായ കാര്‍ 5-7 മില്യണ്‍ ഡോളറിനാണ് (35-50 കോടി രൂപ) വിറ്റുപോയത്. ലേലത്തില്‍ ഈ കാറിന് അതിന്റെ ഇരട്ടി വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രപരമായ പ്രാധാന്യം മുന്‍നിര്‍ത്തി കാര്‍ ലേലം ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന സംഘടനകള്‍ നിരവധിയാണ്. എന്നാല്‍ ലേലം ചെയ്തു ലഭിക്കുന്ന തുകയുടെ പത്ത് ശതമാനം ഹോളോകോസ്റ്റ് എജ്യുക്കേഷന് നല്‍കുമെന്ന് അജ്ഞാതനായ ഉടമ അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Auto