ടിം കുക്കിന്റെ സഞ്ചാരം ഇനി മുതല്‍ സ്വകാര്യ വിമാനത്തില്‍

ടിം കുക്കിന്റെ സഞ്ചാരം ഇനി മുതല്‍ സ്വകാര്യ വിമാനത്തില്‍

വാഷിംഗ്ടണ്‍: ആപ്പിള്‍ സിഇഒ ടിം കുക്ക്, സുരക്ഷാ കാരണങ്ങളാല്‍ ഇനി മുതല്‍ സ്വകാര്യ വിമാനത്തിലായിരിക്കും സഞ്ചരിക്കുകയെന്ന് റിപ്പോര്‍ട്ട്. ബിസിനസ്, സ്വകാര്യ ആവശ്യങ്ങള്‍ക്കു കുക്ക് വിമാനത്തില്‍ സഞ്ചരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച സമര്‍പ്പിച്ച ഓഹരി ഉടമകളുടെ പ്രോക്‌സി സ്റ്റേറ്റ്‌മെന്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നതെന്നു ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.

2017-ല്‍ കുക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ക്കായി ചെലവഴിച്ചത് 93,109 ഡോളറാണ്. ഇനി മുതല്‍ കുക്ക് യാത്രകള്‍ നടത്താന്‍ സ്വകാര്യ വിമാനം ഉപയോഗിക്കുന്നത് അദ്ദേഹത്തിന് കമ്പനി നല്‍കുന്ന പ്രതിഫലമായിട്ടായിരിക്കും പരിഗണിക്കുന്നതെന്ന് ഓഹരി ഉടമകള്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന പ്രതിഫലത്തിന് കുക്കിനു നികുതി അടയ്‌ക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നുണ്ട്. കുക്കിനു സുരക്ഷയൊരുക്കാനും ആപ്പിള്‍ പ്രത്യേക ഏജന്‍സിയെ നിയമിച്ചിട്ടുണ്ട്.

2017-ല്‍ ടിം കുക്കിന് ലഭിച്ച പ്രതിഫലം 12.8 മില്യന്‍ ഡോളറെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 3.06 മില്യന്‍ ഡോളര്‍ ശമ്പളമായും 9.3 മില്യന്‍ ഡോളര്‍ ക്യാഷ് ബോണസുമായിട്ടാണ് ലഭിച്ചത്. മുന്‍വര്‍ഷത്തെക്കാള്‍ 47 ശതമാനത്തിന്റെ വര്‍ധനയാണ് 2017-ല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ കുക്കിന് ലഭിച്ചത്.

Comments

comments

Categories: FK Special