ജിഎസ്ടി പരിവര്‍ത്തനത്തിലെ പ്രശ്‌നങ്ങള്‍

ജിഎസ്ടി പരിവര്‍ത്തനത്തിലെ പ്രശ്‌നങ്ങള്‍

സാമ്പത്തിക രംഗം ചരക്കുസേവന നികുതിയില്‍ അധിഷ്ഠിതമായി പരിവര്‍ത്തനപ്പെടുന്നതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്നതാണോ തുടര്‍ച്ചയായി ഇടിയുന്ന ജിഎസ്ടി കളക്ഷന്‍ എന്ന വാദങ്ങള്‍ ഉയരുന്നുണ്ട്

ജിഎസ്ടി (ചരക്കുസേവന നികുതി) വരുമാനവുമായി ബന്ധപ്പെട്ട് നവംബര്‍ മാസത്തിലെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നു. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒട്ടും ശുഭകരമല്ല ആ കണക്കുകള്‍. വരുമാനം കുറയുമെന്ന് പ്രതീക്ഷിച്ചതാണെങ്കിലും ഗൗരവത്തിലെടുക്കേണ്ട ചില സൂചനകളുണ്ട്. ജിഎസ്ടി വരുമാനത്തിന്റെ കണക്കെടുപ്പില്‍ ശ്രദ്ധേയമായ കാര്യം അത് വെറും ഏറ്റക്കുറച്ചിലുകള്‍ മാത്രമല്ല തുടര്‍ച്ചയായ ഇടിവ് തന്നെയാണെന്നതാണ്. ജൂലൈ മാസത്തിലെ ജിഎസ്ടി കളക്ഷന്‍ 95,000 കോടി രൂപയായിരുന്നു. ഒക്‌റ്റോബര്‍ എത്തിയപ്പോള്‍ അത് 83,346 കോടി രൂപയായി കുറഞ്ഞു. നവംബറില്‍ അത് വീണ്ടും താഴ്ന്ന് 80,808 കോടി രൂപയിലെത്തി.

ജിഎസ്ടി നിരക്കുകള്‍ സര്‍ക്കാര്‍ പുനര്‍നിര്‍ണയിച്ചത് വരുമാനം ഇടിഞ്ഞതിന് ഒരു കാരണമായി പറയാം. അതുപോലെ തന്നെ കയറ്റുമതിക്കാര്‍ക്ക് ഇളവ് നല്‍കിയതും കളക്ഷനെ ബാധിച്ചിട്ടുണ്ടാകാം. എന്നാലും ജിഎസ്ടി അധിഷ്ഠിത ഘടനയിലേക്കുള്ള പരിവര്‍ത്തനത്തില്‍ ചില പാകപ്പിഴകള്‍ സംഭവിക്കുന്നുണ്ടോയെന്നത് വിലയിരുത്തപ്പെടേണ്ടതാണ്. കാരണം റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണം ജൂലൈ മാസത്തില്‍ 5.87 മില്ല്യണ്‍ ആയിരുന്നു. ഇത് നവംബര്‍ മാസത്തിലെത്തിയപ്പോള്‍ 5.3 ആയി കുറഞ്ഞിട്ടുണ്ട്. ഇതിന് പുറമെയാണ് സാധാരണ ഉപഭോക്താക്കള്‍ക്ക് ജിഎസ്ടി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടാത്ത അവസ്ഥ. ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഇപ്പോഴും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്ര നേരത്തെയുള്ള വിധിനിര്‍ണയങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ ശരിയാകില്ല എങ്കിലും ഇതിനെ സൂചനകളായി കണ്ട് ജിഎസ്ടി കൂടുതല്‍ ലളിതമാക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

Comments

comments

Categories: Editorial, Slider