മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ മെയ്ഡ് ബൈ ഇന്ത്യ കൂടിയായിരിക്കും

മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ മെയ്ഡ് ബൈ ഇന്ത്യ കൂടിയായിരിക്കും

റോഡിലിറങ്ങി ഉപയോക്താക്കളോട് നേരിട്ട് സംസാരിക്കാനാണ് മാരുതിയുടെ പരിപാടി. ജനുവരിയില്‍ രാജ്യമാകെ തുടങ്ങുന്ന സര്‍വ്വെ ആറ് ആഴ്ച്ചക്കാലം നീണ്ടുനില്‍ക്കും

ന്യൂഡെല്‍ഹി : പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ കമ്പനിയുടെ തുടക്കകാലത്ത് ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ മാറ്റുന്ന തീരുമാനമായിരുന്നു മാരുതി കൈക്കൊള്ളേണ്ടിയിരുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനുമായി സുസുകിയുടെ വാഹന നിരയില്‍നിന്ന് രണ്ട് മോഡലുകള്‍ തെരഞ്ഞെടുക്കുക എന്നതായിരുന്നു വലിയ സാഹസം. ഇന്ത്യയില്‍ അക്കാലത്ത് ആകെ മൂന്ന് കാര്‍ മോഡലുകളുമായി രണ്ട് പ്രധാന വാഹന നിര്‍മ്മാതാക്കളാണ് ഉണ്ടായിരുന്നതെന്ന് ഓര്‍ക്കണം. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അംബാസഡര്‍, ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് കോണ്ടസ്സ (പണക്കാരന്റെ കാര്‍ എന്ന വിശേഷണം), റീബാഡ്ജ് ചെയ്ത ഫിയറ്റ് അഥവാ പ്രീമിയര്‍ പത്മിനി എന്നിവയായിരുന്നു ഈ കാറുകള്‍.

എന്നാല്‍ ഈ മൂന്ന് കാര്‍ മോഡലുകളില്‍നിന്ന് ഇന്ത്യന്‍ വാഹന വിപണി പഠിച്ചെടുക്കുകയെന്നത് മാരുതിക്ക് അസാധ്യമായിരുന്നു. പകരം രാജ്യമെങ്ങും ഉപയോക്താക്കളായേക്കാവുന്നവരെ സമീപിച്ചും നേരിട്ട് സംസാരിച്ചും വിപണിയുടെ ‘പള്‍സ്’ മനസ്സിലാക്കുകയായിരുന്നു മാരുതി ചെയ്തത്. ഇന്ത്യന്‍ വാഹന വിപണിയില്‍ ഏത് തരത്തിലുള്ള വാഹനമാണ് വേണ്ടതെന്ന് അങ്ങനെ മാരുതി കണ്ടെത്തി. ഇതേതുടര്‍ന്നാണ് ഇന്ത്യന്‍ വാഹന വ്യവസായത്തിന് പുതിയ ഗതിവേഗം സമ്മാനിച്ച മാരുതി 800, മാരുതി ഓമ്‌നി വാഹനങ്ങള്‍ പിറന്നത്. സുസുകി ഫ്രണ്ടിന്റെ ഇന്ത്യന്‍ വേര്‍ഷനായിരുന്നു മാരുതി 800 എങ്കില്‍ സുസുകി ക്യാരിയുടെ ഇന്ത്യന്‍ പരിഭാഷയായിരുന്നു മാരുതി ഓമ്‌നി. പ്രീമിയര്‍ പത്മിനി, ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് അംബാസഡര്‍ എന്നിവയുടെ മരണമണി മുഴക്കുന്നതായിരുന്നു ഈ രണ്ട് ഉല്‍പ്പന്നങ്ങള്‍.

2017 ല്‍ ഇന്ത്യന്‍ വാഹന വ്യവസായം മറ്റൊരു നിര്‍ണ്ണായക ഘട്ടത്തിലാണ്. ഫോസില്‍ ഇന്ധനങ്ങളെ കൈവെടിഞ്ഞ് ബദല്‍ ഇന്ധനങ്ങളിലേക്കും വൈദ്യുതിയിലേക്കും തിരിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ആഗോള വാഹന നിര്‍മ്മാതാക്കള്‍. 2030 ഓടെ ഇലക്ട്രിക് വാഹന രാജ്യമാകണമെന്ന് ഇന്ത്യയും തീരുമാനിച്ചുകഴിഞ്ഞു. ഇന്ത്യന്‍ വാഹന വിപണിയിലെ മാര്‍ക്കറ്റ് ലീഡറും മികച്ച വാഹന നിരയുമുള്ള മാരുതി സുസുകി ഒരിക്കല്‍ക്കൂടി ചിന്താമഗ്നരാണ്. ഏത് തരം ഇലക്ട്രിക് വാഹനങ്ങളാണ് അവതരിപ്പിക്കേണ്ടതെന്ന ചോദ്യമാണ് കമ്പനി അഭിമുഖീകരിക്കുന്നത്.

ജനങ്ങളുടെ കാര്‍ എന്ന് മാരുതി 800 അറിയപ്പെട്ടതുപോലെ പുതിയ ഇലക്ട്രിക് കാറിന് ജനങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ എന്ന വിശേഷണം ലഭിക്കുമോയെന്നാണ് അറിയേണ്ടത്

ഇവി സംബന്ധിച്ച് റോഡ്മാപ്പ് തയ്യാറാക്കിയതായി മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ ഈയിടെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളേക്കാള്‍ ഉപഭോക്തൃ താല്‍പ്പര്യങ്ങളാണ് ഇക്കാര്യത്തില്‍ പരിഗണിക്കുന്നതെന്നും പറയുകയുണ്ടായി. അതായത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രയോഗിച്ച അതേ തന്ത്രം മാരുതി പുറത്തെടുക്കും. പുറത്ത് റോഡിലിറങ്ങി ഉപയോക്താക്കളോട് നേരിട്ട് സംസാരിക്കാനാണ് മാരുതി സുസുകിയുടെ പരിപാടി. ഇലക്ട്രിക് കാര്‍ സംബന്ധിച്ച ജനങ്ങളുടെ പ്രതീക്ഷകളും ആവശ്യങ്ങളുമെല്ലാം രേഖപ്പെടുത്തും. ജനുവരിയില്‍ രാജ്യമാകെ തുടങ്ങുന്ന സര്‍വ്വെ ആറ് ആഴ്ച്ചക്കാലം നീണ്ടുനില്‍ക്കും.

ഇതേസമയം, ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് മുന്നോടിയായി പഠനം നടത്താന്‍ മാരുതിയുടെ മാതൃ കമ്പനിയായ സുസുകിയും ടൊയോട്ടയും പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ഈ പഠനങ്ങളും ഇലക്ട്രിക് കാര്‍ സംബന്ധിച്ച ഭാവി പദ്ധതികള്‍ തീരുമാനിക്കാന്‍ മാരുതിയെ സഹായിക്കും. മാരുതിയുടെ ആദ്യ ഓള്‍-ഇലക്ട്രിക് കാര്‍ 2020 ല്‍ നിരത്തുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളുടെ കാര്‍ എന്ന് മാരുതി 800 അറിയപ്പെട്ടതുപോലെ പുതിയ ഇലക്ട്രിക് കാറിന് ജനങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ എന്ന വിശേഷണം ലഭിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

Comments

comments

Categories: Auto