2018-ല്‍ ഐ ഫോണിന് ഡിമാന്‍ഡ് കുറയുമെന്ന് റിപ്പോര്‍ട്ട്

2018-ല്‍ ഐ ഫോണിന് ഡിമാന്‍ഡ് കുറയുമെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ക്രിസ്മസ്-പുതുവര്‍ഷ വിപണിയില്‍ മങ്ങിയ ഡിമാന്‍ഡ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 2018-ലെ ആദ്യ പാദം ആപ്പിളിന്റെ പുതിയ മോഡലായ ഐ ഫോണ്‍ x നു വില്‍പനയില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നു വിപണിയിലെ അനലിസ്റ്റുകള്‍ പ്രവചിച്ചു. ഇത് ഐ ഫോണിന്റെ ഷിപ്പ്‌മെന്റില്‍ (ചരക്ക് കയറ്റി അയയ്ക്കല്‍) വന്‍ ഇടിവുണ്ടാക്കുമെന്നും സിനോലിങ്ക് സെക്യൂരിറ്റീസിലെ അനലിസ്റ്റ് സാങ് ബിന്‍ തിങ്കളാഴ്ച പറഞ്ഞു. ചുരുങ്ങിയത് 35 മില്യന്‍ ഐ ഫോണ്‍ ഹാന്‍ഡ്‌സെറ്റുകള്‍ 2018 ലെ ആദ്യ പാദത്തില്‍ കയറ്റി അയയ്ക്കാമെന്നായിരുന്നു ആപ്പിളിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതു സാധ്യമല്ലെന്നാണ് ഇപ്പോള്‍ പ്രവചിക്കുന്നത്. ഐ ഫോണ്‍ x പുതുതായി വിപണിയിലെത്തിയപ്പോള്‍ അനുഭവപ്പെട്ട ഡിമാന്‍ഡിന്റെ ആദ്യ തരംഗം ഏറെക്കുറെ അവസാനിച്ചു.

എന്നാല്‍ ഉയര്‍ന്ന വിലയും പുതുമ അവതരിപ്പിക്കാന്‍ കമ്പനിക്ക് സാധിക്കാതെ പോയതും ഐ ഫോണിന്റെ ഇനിയുള്ള വില്‍പനയെ കാര്യമായി ബാധിക്കുമെന്നാണു കരുതുന്നതെന്നു ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷക സ്ഥാപനം പറഞ്ഞു. ഒരു ട്രില്യന്‍ ഡോളറിന്റെ വിപണി മൂല്യമുള്ള കമ്പനിയെന്ന ഖ്യാതി കരസ്ഥമാക്കാന്‍ ചുവടുവച്ചു കൊണ്ടിരിക്കുന്ന ആപ്പിളിന്, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത ഒട്ടും ആശ്വാസം പകരുന്നതല്ല. 2007-ല്‍ ഐ ഫോണ്‍ അവതരിപ്പിച്ചതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ് ആപ്പിള്‍. ഇതിന്റെ ഭാഗമായിട്ടാണ് 2017 സെപ്റ്റംബര്‍ 12 ന് ആപ്പിള്‍ ഐ ഫോണ്‍ x ഉള്‍പ്പെടെ മൂന്ന് പുതിയ ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഫേസ് റെക്കഗ്‌നിഷന്‍ ഉള്‍പ്പെടെയുള്ള പ്രത്യേകതകളുമായിട്ടാണു ഈ ഫോണ്‍ അവതരിപ്പിച്ചതെങ്കിലും ഈ പ്രത്യേകത വിപണിയെ ആകര്‍ഷിക്കാന്‍ പര്യാപ്തമായില്ലെന്നതാണു യാഥാര്‍ഥ്യം.

ഐ ഫോണിന് ഏറെ ആരാധകരുള്ള രാജ്യമാണ് ചൈനയും ഇന്ത്യയും. എന്നാല്‍ സമീപകാലത്തു ഹുവായ്, ഒപ്പോ, സിയോമി തുടങ്ങിയ ചൈനീസ് കമ്പനികള്‍ ഐ ഫോണിന്റെ വിപണി കൈയ്യടക്കുകയും ചെയ്തു. ഇതിനിടെ ചൈനയിലെ സെങ്‌സുവില്‍ ഐ ഫോണിന്റെ നിര്‍മാണ ഹബ്ബില്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിച്ചതായി തായ്‌വനീസ് പത്രമായ ഇക്കണോമിക് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Comments

comments

Categories: FK Special