പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിച്ച് പിടിച്ചാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ട് കാര്യമില്ലെന്ന് ചെന്നൈ പൊലീസ്‌

പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിച്ച് പിടിച്ചാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ട് കാര്യമില്ലെന്ന് ചെന്നൈ പൊലീസ്‌

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ എന്‍ഒസി നല്‍കേണ്ടെന്നാണ് ചെന്നൈ പൊലീസ് തീരുമാനം

ചെന്നൈ : പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കര്‍ശനമായി നേരിടാന്‍ ചെന്നൈ പൊലീസ് രംഗത്ത്. കയ്യോടെ പിടിക്കപ്പെട്ടാല്‍ പിന്നെ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ട് കാര്യമില്ലെന്നാണ് ചെന്നൈ പൊലീസിന്റെ താക്കീത്. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ നിരാക്ഷേപ സാക്ഷ്യപത്രം (എന്‍ഒസി) നല്‍കേണ്ടെന്നാണ് നഗരത്തിലെ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

പുതുവര്‍ഷ രാവില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ ഭൂരിഭാഗത്തിന്റെയും പ്രായം ഇരുപതുകളിലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്

പുതുവര്‍ഷ രാവില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ ഭൂരിഭാഗത്തിന്റെയും പ്രായം ഇരുപതുകളിലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെയാണ് ‘ബ്രഹ്മാസ്ത്രം’ പ്രയോഗിക്കുന്നത്. ഈ ചെറുപ്പക്കാരെ നിലയ്ക്കുനിര്‍ത്താന്‍ വേറെ മാര്‍ഗ്ഗമില്ലെന്ന് സീനിയര്‍ പൊലീസ് ഓഫീസര്‍ പറഞ്ഞു. വിഷമവൃത്തത്തില്‍ പെട്ടുപോകാതിരിക്കാന്‍ മാന്യമായി പുതുവര്‍ഷം ആഘോഷിക്കാനാണ് ചെന്നൈ പൊലീസിന്റെ നിര്‍ദ്ദേശം.

രാത്രി 11:30 മുതല്‍ 1 മണി വരെ എല്ലാ ഫ്‌ളൈഓവറുകളിലും ബാരിക്കേഡ് സ്ഥാപിച്ച് വാഹന പരിശോധന നടത്തുമെന്ന് ചെന്നൈ ട്രാഫിക് പൊലീസ് അഡീഷണല്‍ ട്രാഫിക് കമ്മീഷണര്‍ എ അരുണ്‍ പറഞ്ഞു. ഓള്‍ഡ് മഹാബലിപുരം റോഡ് (ഒഎംആര്‍), ഈസ്റ്റ് കോസ്റ്റ് റോഡ് (ഇസിആര്‍), കാമരാജര്‍ ശാലൈ, രാജാജി ശാലൈ, അണ്ണാ ശാലൈ, സര്‍ദാര്‍ പട്ടേല്‍ റോഡ് എന്നീ ഹൈ-റിസ്‌ക് മേഖലകളിലും ബാരിക്കേഡുകള്‍ സ്ഥാപിക്കും.

176 ലൊക്കേഷനുകള്‍ അപകടസാധ്യതാ മേഖലകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം വാഹനങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ചെന്നൈ നഗരത്തില്‍ മാത്രം 3,500 ഓളം ട്രാഫിക് പൊലീസുകാരെയാണ് വിന്യസിക്കുന്നത്. സായുധ റിസര്‍വ് പൊലീസിന്റെ മൂന്ന് ബറ്റാലിയനുകളും ഇതിലുള്‍പ്പെടും. 126 ആംബുലന്‍സുകളാണ് ഒരുക്കി നിര്‍ത്തുന്നത്.

Comments

comments

Categories: Auto