രണ്ട് പുതിയ പേരുകള്‍ക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തു

രണ്ട് പുതിയ പേരുകള്‍ക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തു

ഹാര്‍ലി ഡേവിഡ്‌സണ്‍ ഫോര്‍ട്ടി-എയ്റ്റിന്റെ പുതിയ വേര്‍ഷനായിരിക്കും 48എക്‌സ് എന്നാണ് കരുതുന്നത്. പാന്‍ അമേരിക്ക ടൂറിംഗ് മോഡലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

മില്‍വൗക്കീ (യുഎസ്) : അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ രണ്ട് പുതിയ പേരുകള്‍ക്കായി ട്രേഡ്മാര്‍ക്ക് ഫയല്‍ ചെയ്തു. 48എക്‌സ്, പാന്‍ അമേരിക്ക എന്നിവയാണ് പേരുകള്‍. 2018 ല്‍ ഹാര്‍ലി ഈ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. സ്‌പെയിനിലെ അലികാന്റെ ആസ്ഥാനമായ യൂറോപ്യന്‍ യൂണിയന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസിലാണ് ട്രേഡ്മാര്‍ക്കുകള്‍ ഫയല്‍ ചെയ്തത്. രണ്ടാഴ്ച്ച മുമ്പ് യുഎസ് പേറ്റന്റ്‌സ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ ബ്രോണ്‍ക്‌സ് എന്ന ട്രേഡ്മാര്‍ക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ ഫയല്‍ ചെയ്തിരുന്നു. ഹാര്‍ലി ഡേവിഡ്‌സണ്‍ ഫോര്‍ട്ടി-എയ്റ്റിന്റെ പുതിയ വേര്‍ഷനായിരിക്കും 48എക്‌സ് എന്നാണ് കരുതുന്നത്. ഫോര്‍ട്ടി-എയ്റ്റിന് സാധാരണ നല്‍കാറുള്ള 1,202 സിസി എന്‍ജിനില്‍നിന്ന് വ്യത്യസ്തമായി 750 സിസി റെവലൂഷന്‍-എക്‌സ് എന്‍ജിനായിരിക്കും 48എക്‌സ് ഉപയോഗിക്കുന്നത്.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 100 പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്ന് ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ചിരുന്നു. 2014 ല്‍ ‘ലൈവ് വയര്‍’ ഇലക്ട്രിക് ബൈക്കിന്റെ വര്‍ക്കിംഗ് പ്രോട്ടോടൈപ്പ് ഹാര്‍ലി നിര്‍മ്മിച്ചിരുന്നു

പാന്‍ അമേരിക്ക ടൂറിംഗ് മോഡലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വവ്വാല്‍ച്ചിറകിന് സമാനമായ ഫെയറിംഗ്, പാനിയറുകള്‍, ഹാര്‍ലിയുടെ ട്രേഡ്മാര്‍ക്കായ ബൂം!ബോക്‌സ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ കാണാനാകും. മറ്റ് പുതിയ ഹാര്‍ലി ടൂറിംഗ് മോഡലുകളെപ്പോലെ 1,745 സിസി മില്‍വൗക്കീ 107 വി-ട്വിന്‍ മോട്ടോറായിരിക്കും പാന്‍ അമേരിക്കയുടെ ഹൃദയം. ഈ എന്‍ജിന്‍ പരമാവധി ഏകദേശം 150 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. ഹാര്‍ലി ഡേവിഡ്‌സണ്‍ തങ്ങളുടെ ബൈക്കുകളുടെ പവര്‍ കണക്കുകള്‍ ഒരിക്കലും വെളിപ്പെടുത്താറില്ല. ടോര്‍ക്ക് മാത്രം വിളംബരം ചെയ്യുകയാണ് പതിവ്.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 100 പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്ന് ഈ വര്‍ഷമാദ്യം ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചിരുന്നു. അതായത് ഓരോ വര്‍ഷവും പത്തെണ്ണം വരെ. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്നും ഹാര്‍ലി പ്രഖ്യാപിച്ചിട്ടുണ്ട്. 2014 ല്‍ ‘ലൈവ് വയര്‍’ ഇലക്ട്രിക് ബൈക്കിന്റെ വര്‍ക്കിംഗ് പ്രോട്ടോടൈപ്പ് ഹാര്‍ലി നിര്‍മ്മിച്ചിരുന്നു. അവഞ്ചേഴ്‌സ് : ഏജ് ഓഫ് അള്‍ട്രോണ്‍ എന്ന സിനിമയില്‍ ഈ ബൈക്ക് അഭിനയിക്കുകയും ചെയ്തു. കൂടുതല്‍ യുവാക്കളെയാണ് കമ്പനി നോട്ടമിട്ടിരിക്കുന്നത്. അമേരിക്കയില്‍ മാത്രം 20 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ആഗ്രഹിക്കുന്നത്. ആഗോള വില്‍പ്പന അമ്പത് ശതമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

Comments

comments

Categories: Auto