തട്ടത്തിന്‍മറയത്ത് നിന്നൊരു പാട്ടിന്റെ പാലാഴി

തട്ടത്തിന്‍മറയത്ത് നിന്നൊരു പാട്ടിന്റെ പാലാഴി

ആണുങ്ങള്‍ വാഴുന്ന മലയാളത്തിലെ സിനിമാ പാട്ടെഴുത്തിലേക്ക് ഒരു ഉറുദു ഡയലോഗ് എഴുതിക്കൊണ്ട് കടന്നു വന്ന ഫൗസിയ അബൂബക്കര്‍, മലയാളത്തിലും ഹിന്ദിയിലും ഉറുദുവിലും തമിഴ് പഞ്ചാബി ഭാഷകളിലും ഒരുപോലെ എഴുതുന്ന ആദ്യ പാട്ടെഴുത്തുകാരിയാണ്.

തേരി ആംഖോ കി ഖസാനേ മേം ചുപാഥാ മുസാഫിര്‍ കാ ദരിയാ…ഔര്‍ തേരി ദില്‍കി ഖസാനേ മേം വൊ ദരിയാ കാ നമക്….(നിന്റെ മിഴിക്കുള്ളിലെ ഖജനാവില്‍ ഒളിച്ചിരിക്കുന്നു യാത്രക്കാരന്റെ കടല്‍…പിന്നെ നിന്റെ ഹൃദയത്തിലെ ഖജനാവില്‍ ആ കടലിലെ ഉപ്പ്).

ചാര്‍ലി എന്ന സിനിമയില്‍ ദുല്‍ക്കര്‍ സല്‍മാന്റെ ഇന്‍ട്രൊഡക്ഷന്‍ സീനിലെ മാസ്മരികമായ ഈ ഡയലോഗ് എഴുതിയ ഫൗസിയ അബൂബക്കര്‍ എന്ന ഉറുദു പാട്ടെഴുത്തുകാരിയെക്കുറിച്ച് പ്രശസ്ത തബലിസ്റ്റ് റോഷന്‍ ഹാരിസ് ഒരു ഡയലോഗ് പറഞ്ഞു- അല്ലാമാ ഇഖ്ബാലിന് മിര്‍സാ ഗാലിബില്‍ ഉണ്ടായ മകള്‍. ഇടക്കാലത്ത് ഒരു ഇഷ്ടം കൊണ്ട് മാത്രം ഉര്‍ദു പഠിച്ചെടുത്ത, ഇപ്പോഴും ഉര്‍ദു എഴുതാനറിയാത്ത ഫൗസിയ വളരെ പെട്ടെന്നാണ് മലയാളത്തിലെ ജനപ്രിയ ഉറുദു പാട്ടെഴുത്തുകാരിയായി മാറിയത്. സ്‌കൂള്‍ പഠന കാലത്ത് ക്ലേ മോഡലിംഗ് മത്സരത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന കുട്ടി വരാതിരുന്നതിനാല്‍ അവിചാരിതമായി മത്സരത്തില്‍ പങ്കെടുത്ത് ക്ലേ മോഡലിംഗില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ പോയ ഫൗസിയയുടെ ജീവിതത്തില്‍ ഇത്തരം ആകസ്മികതകള്‍ ഉടനീളമുണ്ട്.

കുട്ടിക്കാലം മുതലേ ഹൃദയത്തില്‍ നിന്ന് പിറക്കുകയും പാടി നടക്കുകയും ചെയ്ത വരികളാണ്് അമ്പതുകളിലെത്തി നില്‍ക്കുന്ന ഫൗസിയയുടെ വിരല്‍ത്തുമ്പുകളിലൂടെ ഇന്ന് പല ഭാഷകളില്‍ ഗാനങ്ങളായി പിറവിയെടുക്കുന്നത്. ചെറുപ്പത്തില്‍ മനസില്‍ വന്ന വരികള്‍ കവിതയാണെന്നറിയാതെ ഫൗസിയ പാടിത്തീര്‍ത്തു. ഒന്നും എഴുതി വെച്ചില്ല. ഒമാനില്‍ ബിസിനസ് നടത്തുകയായിരുന്ന ഭര്‍ത്താവിനൊപ്പം താമസിച്ച പ്രവാസ കാലത്താണ് അറബി, ഉറുദു, ഹിന്ദി ഭാഷകള്‍ പഠിച്ചെടുത്തത്. ഇപ്പോള്‍ മലയാളത്തിലും ഉറുദുവിലും അറബിയിലും ഹിന്ദിയിലും പഞ്ചാബിയിലും തമിഴിലും ഫൗസിയ പാട്ടെഴുതുന്നു. ഹൃദയത്തില്‍ കവിതയുണ്ടെങ്കില്‍ അത് പുറത്തുവരുന്നതിന് ഭാഷകള്‍ ഒരു തടസമല്ലെന്നാണ് ഫൗസിയയുടെ പക്ഷം.

രണ്ടു വര്‍ഷം മുമ്പ് ഷെഹ്‌നായി എന്ന സിനിമയിലൂടെയാണ് പാട്ടെഴുത്തില്‍ തുടക്കം കുറിച്ചത്. സുഹൃത്തായ കാനേഷ് പൂനൂര് പാട്ടെഴുതിയ ആ സിനിമയില്‍ ഉറുദു വരികള്‍ എഴുതാനായിരുന്നു ക്ഷണം. റഫീഖ് അഹമ്മദുമായുള്ള പരിചയമാണ് ചാര്‍ലിയിലെ പ്രശസ്തമായ ഡയലോഗിന്റെ പിറവിക്ക് കാരണം. സിനിമയില്‍ ദുല്‍ഖറിന്റെ ഇന്‍ട്രോ സീന്‍ കളറാക്കാന്‍ തിരക്കഥാകൃത്തായ ഉണ്ണി ആര്‍ ആലോചിച്ചപ്പോള്‍ സിനിമക്കു വേണ്ടി പാട്ടെഴുതിയ റഫീഖ് അഹമ്മദാണ് ഫൗസിയയുടെ പേര് നിര്‍ദേശിച്ചത്. ഉണ്ണി ആര്‍ വിളിച്ച് കഥാ സന്ദര്‍ഭം പറഞ്ഞുകൊടുത്തു. മിനിറ്റുകള്‍ക്കുള്ളില്‍ ഡയലോഗ് തയ്യാറായി. ദുല്‍ക്കറിന്റെ ആ പഞ്ച് ഡയലോഗ് ചാര്‍ളിയുടെ ഹൈലൈറ്റായി.

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി അഭിനയിക്കുന്ന ദി സൗണ്ട് സ്റ്റോറി(ഒരു കഥൈ സൊല്ലട്ടുമാ) എന്ന ബഹുഭാഷാ ചിത്രത്തിന് വേണ്ടി രാഹുല്‍രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം എഴുതിയതാണ് ഫൗസിയയുടെ പാട്ടെഴുത്തു ജീവിതത്തിലെ ഏറ്റവും പുതിയ നാഴികക്കല്ല്. സിനിമയുടെ മലയാളം, ഹിന്ദി, കന്നട പതിപ്പുകളില്‍ ഫൗസിയ എഴുതിയ ‘ദീതോ തോ നാ യെ പല്‍’ എന്ന് തുടങ്ങുന്ന ഉറുദു വരികളാണ് വരിക. അടുത്ത മാസം സോണി മ്യൂസിക് ഈ ആല്‍ബം പുറത്തിറക്കും. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന പാട്ടെഴുത്തുകാരിയായി മാറാനുള്ള അവസരമാണ് ഈ സിനിമ ഫൗസിയക്ക് നല്‍കിയിരിക്കുന്നത്. സുനിതാ സാരഥിയാണ് ഗാനം പാടിയിരിക്കുന്നത്. വരികള്‍ ഇഷ്ടപ്പെട്ട സുനിത അവരുടെ സ്വന്തം ആല്‍ബത്തിലേക്ക് ഉറുദു ഗാനം എഴുതാന്‍ ക്ഷണിച്ചിട്ടുണ്ട്. ചിത്രത്തിന്റെ തമിഴ്പതിപ്പില്‍ വൈരമുത്തുവാണ് വരികള്‍ എഴുതിയത്. തമിഴ് ഗാനത്തിന്റെ ലോഞ്ച് കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന ചടങ്ങില്‍ എ ആര്‍ റഹ്മാനാണ്‌ നിര്‍വഹിച്ചത്. മലയാളം പതിപ്പിന്റെ ഓഡിയോ ലോഞ്ച് അടുത്ത മാസം തൃശൂരില്‍ നടക്കും.

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി അഭിനയിക്കുന്ന ‘ദി സൗണ്ട് സ്റ്റോറി’ എന്ന ബഹുഭാഷാ ചിത്രത്തിന് വേണ്ടി രാഹുല്‍രാജ് സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം എഴുതിയതാണ് ഫൗസിയയുടെ പാട്ടെഴുത്തു ജീവിതത്തിലെ ഏറ്റവും പുതിയ നാഴികക്കല്ല്. സിനിമയുടെ മലയാളം, ഹിന്ദി, കന്നട പതിപ്പുകളില്‍ ഫൗസിയ എഴുതിയ ‘ദീതോ തോ നാ യെ പല്‍’ എന്ന് തുടങ്ങുന്ന പാട്ടുണ്ടാകും. അടുത്ത മാസം സോണി മ്യൂസിക് ഈ ആല്‍ബം പുറത്തിറക്കും.

ഉറുദുവിന് പുറമെ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലും ഫൗസിയ കവിതകള്‍ എഴുതുന്നു. ജന്നത്ത് എന്ന സിനിമക്ക് വേണ്ടി മൂന്ന് ഗാനങ്ങള്‍ എഴുതി. ഇതില്‍ ഉറുദു വരികളുള്ള ഒരു ഗാനം യൂട്യൂബില്‍ ഇതുവരെ ഏഴ് ലക്ഷം പേര്‍ കണ്ടു. തുടര്‍ന്ന് സിദ്ധിഖ് സംവിധാനം ചെയ്ത ഫുക്രിയില്‍ വിശ്വജിത് സംവിധാനം ചെയ്ത ഒരു പാട്ടിന് വേണ്ടി ഉറുദു വരികളെഴുതി. അവാര്‍ഡ് നേടിയ മൂന്നാമത്തെ വഴി എന്ന ഹ്രസ്വചിത്രത്തിന് വേണ്ടി വിശ്വജിത്തിന്റെ സംഗീത സംവിധാനത്തില്‍ ഫൗസിയ എഴുതിയ ‘അള്ളാ ഫാസിലേ’ എന്ന സൂഫി ഖവാലിയും ഹിറ്റാണ്. സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ച് അവതരിപ്പിച്ച ഒരു ദേശഭക്തിഗാനം എഴുതി. അസീസ് ഉപ്പള സംഗീതം ചെയ്ത ഖദ്ദാമ എന്ന ആല്‍ബവും ചെയ്തു. നിരവധി പരസ്യ ചിത്രങ്ങള്‍ക്കും വരികള്‍ എഴുതി. അഞ്ചോളം മാപ്പിളപ്പാട്ടുകള്‍ എഴുതിയിട്ടുണ്ട്. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന മാപ്പിള കവിയരങ്ങില്‍ ഫൗസിയ കവിതയവതരിപ്പിക്കാറുണ്ട്.

ഹിന്ദി, അറബി, ഉറുദു, പഞ്ചാബി മിക്‌സ് ചെയ്ത് എഴുതി ഭവ്യ പണ്ഡിറ്റ് പാടിയ ഗസല്‍ ആല്‍ബം വരാനിരിക്കുന്നു. അഫ്‌സല്‍ ഷാജഹാന്‍, ഷെഫിന്‍മായിന്‍ എന്നിവര്‍ സംഗീതം ചെയ്തിരിക്കുന്ന രണ്ട് ആല്‍ബങ്ങളും പ്രതീക്ഷയുള്ളതാണ്. തമി എന്ന സിനിമക്ക് വേണ്ടി എഴുതുന്നു. ഇപ്പോള്‍ മനോരമ മ്യൂസിക് പുറത്തിറക്കുന്ന ഉറുദു ആല്‍ബത്തിന്റെ വര്‍ക്കിലാണ്. വിശ്വജിത്താണ് സംഗീതം. വിശ്വജിത്തിന്റെ തന്നെ മീരാ ഭജന്‍സിന്റെ വരികളും എഴുതാനിരിക്കുന്നു. അടുത്തിടെ ഖത്തറിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് മന്‍സൂര്‍ ഫെമി തയ്യാറാക്കിയ വീഡിയോ ആല്‍ബത്തിനു വേണ്ടി ഫൗസിയ എഴുതിയ ‘കഹോ കഹോ സുനോ സുനോ സുനോ’ എന്ന തുടങ്ങുന്ന ഗാനം മിഡില്‍ ഈസ്റ്റില്‍ വൈറലാണ്.

തൊട്ടതെല്ലാം പൊന്നാക്കുന്ന ഫൗസിയ ഒരു ബഹുമുഖ പ്രതിഭ കൂടിയാണ്. മികച്ച ഗസല്‍ ഗായിക കൂടിയായ ഫൗസിയ ചെറിയ വേദികളിലൊക്കെ പാടാറുണ്ട്. ഈ മനോഹര ശബ്ദം ലോകം കേള്‍ക്കണം എന്നാണ് പാട്ടു കേട്ട റഫീഖ് അഹമ്മദ് പറഞ്ഞത്. അറിയപ്പെടുന്ന ചിത്രകാരിയുമാണ്. ആറ് ചിത്രപ്രദര്‍ശനങ്ങള്‍ ഇവര്‍ നടത്തിക്കഴിഞ്ഞു. ബിനാലെയുടെ ഭാഗമായുള്ള പരിശീലന പരിപാടിയില്‍ മ്യൂറല്‍ പെയ്ന്റിംഗ് പഠിച്ചെടുത്ത ഫൗസിയയുടെ സൃഷ്ടിയായ ഡാന്‍സിങ് വിനായക എന്ന മ്യൂറല്‍ പെയ്ന്റിംഗ് അടുത്ത ബിനാലെയില്‍ പ്രദര്‍ശിപ്പിക്കും. പാട്ടു മാത്രമല്ല, കഥകളും ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച കോസ്റ്റിയൂം ഡിസൈനറായ ഫൗസിയ ആലുവയില്‍ എട്ടു വര്‍ഷത്തോളം ദി ഡിസൈന്‍സ് എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്നു. പാട്ടില്‍ തിരക്കേറിയതോടെ സ്ഥാപനം നിര്‍ത്തി.

ആലുവ മണപ്പുറത്തെ വീട്ടില്‍ ബിസിനസുകാരനായ ഭര്‍ത്താവ് അബൂബക്കറിന്റെയും മൂന്നു മക്കളുടെയും കാര്യങ്ങള്‍ നോക്കുന്ന കുടുംബിനി കൂടിയായ ഫൗസിയയുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. മലയാള ഗാനശാഖയില്‍ ഫൗസിയയുടെ സുവര്‍ണ കാലം വരാനിരിക്കുന്നതേയുള്ളൂ.

Comments

comments

Categories: FK Special, Slider