സൈബര്‍ സുരക്ഷയില്‍  വിട്ടുവീഴ്ച്ച പാടില്ല

സൈബര്‍ സുരക്ഷയില്‍  വിട്ടുവീഴ്ച്ച പാടില്ല

ഐആര്‍സിടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്ന വ്യാജ സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയ പ്രശ്‌നം അതീവ ഗൗരവത്തോടെ വേണം കാണാന്‍

സര്‍വതും ഡിജിറ്റല്‍വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് സൈബര്‍ സുരക്ഷയാണ് സര്‍ക്കാരുകള്‍ പ്രഥമ പരിഗണന നല്‍കേണ്ട വിഷയം. അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഐആര്‍സിടിസിയുടെ ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റില്‍ വ്യാജ സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തി തിരിമറികള്‍ നടത്തിയിരുന്നു എന്നുള്ള വാര്‍ത്ത. ഒറ്റയടിക്ക് 1000 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാന്‍ സാധിക്കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

സര്‍ക്കാരിന് കീഴിലുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ അതിശക്തമായി സംരക്ഷിക്കപ്പെടുന്നവയാകണം എന്ന് ഉറപ്പ് വരുത്തേണ്ടത് സൈബര്‍ വിഭാഗത്തിന്റെ ചുമതലയാണ്. ഐആര്‍സിടിസി വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറി നടത്തിയ ഈ തിരിമറിയിലൂടെ സാധാരണക്കാര്‍ക്കാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. തത്കാല്‍ ടിക്കറ്റിന് ഇല്ലാത്ത ചാര്‍ജ് ഈടാക്കിയവര്‍ കൊള്ളയും നടത്തി. ഇത് വെളിച്ചത്തുകൊണ്ടുവന്നതില്‍ സിബിഐയെ അഭിനന്ദിക്കാമെങ്കിലും ഇങ്ങനെ പഴുതുകള്‍ നിറഞ്ഞതാണ് ഡിജിറ്റല്‍ സങ്കേതങ്ങള്‍ എന്നുള്ള പൊതുധാരണകള്‍ക്ക് ഇതിടയാക്കും. ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള പരിണാമത്തില്‍ സൈബര്‍ സുരക്ഷയില്‍ അലംഭാവങ്ങള്‍ പാടില്ല. സെന്റര്‍ ഫോര്‍ ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റംസ് സൈബര്‍ സെക്യൂരിറ്റിയുടെ കാര്യത്തില്‍ വലിയ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഇന്നലെ റെയ്ല്‍ മന്ത്രി തന്നെ പ്രസ്താവനയിറക്കാന്‍ കാരണവും മറ്റൊന്നല്ല.

ഡിജിറ്റല്‍ ബാങ്കിംഗ്, മറ്റ് ഡിജിറ്റല്‍ പേമന്റ് സങ്കേതങ്ങള്‍, ആധാര്‍ അധിഷ്ഠിത സംവിധാനങ്ങള്‍ എന്നിവയിലെല്ലാം സുരക്ഷാ പ്രശ്‌നങ്ങള്‍ പലരും ഉന്നയിക്കുന്നുണ്ട്. സൈബര്‍ സുരക്ഷയില്‍ വലിയ നിക്ഷേപം നടത്തുന്നതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. വികസിത രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ചെയ്യുന്നതിന്റെ കാല്‍ ശതമാനം പോലും നമ്മള്‍ ചെയ്യുന്നുണ്ടോയെന്നതും ആലോചിക്കേണ്ടതുണ്ട്.

Comments

comments

Categories: Editorial, Slider