ചെറുകിട വ്യവസായമായി പരിഗണിക്കണം

ചെറുകിട വ്യവസായമായി പരിഗണിക്കണം

 

ജിഎസ്ടി നടപ്പാക്കിയതിന്റെ പരാതിയും പരിഭവങ്ങളും ഏറ്റവും കൂടുതലുയര്‍ന്നു കേട്ട മേഖലകളിലൊന്നാണ് ഹോട്ടല്‍-റസ്റ്ററന്റ് വ്യവസായം. എന്നാല്‍ അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണേണ്ട മറ്റ് നിരവധി പ്രശ്‌നങ്ങളും ഈ മേഖലയിലുണ്ടെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു. 2018ലെ സംസ്ഥാന ബജറ്റില്‍ അനുകൂല പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ഹോട്ടലുടമകള്‍.

ചെറിയ കുടുംബങ്ങളിലേക്ക് ചുരുങ്ങുകയും തൊഴിലിന്റെ സൗകര്യത്തിനായി നഗരങ്ങളിലേക്ക് ചേക്കേറുകയും ചെയ്ത മലയാളി, പുതുരുചികള്‍ പരീക്ഷിക്കാന്‍ കൂടുതല്‍ പണം മുടക്കാന്‍ സന്നദ്ധമായ കാലത്തെ പ്രതീക്ഷയോടെ കണ്ട് ഏറെ ഹോട്ടലുകളും റെസ്റ്ററന്റുകളുമാണ് അടുത്തിടെ കേരളത്തില്‍ പുതിയതായി ആരംഭിച്ചത്. പാരമ്പര്യ വിഭവങ്ങള്‍ വിളമ്പുന്ന ചെറിയ ചായക്കടകള്‍ മുതല്‍ വിദേശഭക്ഷണം വിളമ്പുന്ന റെസ്റ്ററന്റ് ശൃംഖലകള്‍ വരെ ഭക്ഷണ വിപണിയിലെ മാറിയ ട്രെന്‍ഡുകള്‍ക്കനുസരിച്ച് മത്സരബുദ്ധിയോടെ നീങ്ങുന്ന കാലമാണിത്. എന്നാല്‍ വ്യവസായത്തെ പിന്നോട്ടടിപ്പിക്കുന്ന നിരവധി നടപടികള്‍ ഈ മേഖലയില്‍ പ്രതിസന്ധികളുണ്ടാക്കിയിരിക്കുന്നെന്ന് ഹോട്ടല്‍-റസ്റ്ററന്റുടമകള്‍ തുറന്ന് സമ്മതിക്കുന്നു.

എസി, നോണ്‍ എസി റസ്റ്ററന്റുകള്‍ക്കെല്ലാം ഒരുപോലെ ജിഎസ്ടി 5 ശതമാനത്തിലേക്ക് കുറക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വന്‍കിട എസി റസ്റ്ററന്റുകള്‍ക്ക് 5 ശതമാനം ജിഎസ്ടി തുക ഭക്ഷണം കഴിക്കാനെത്തുന്നവരില്‍ നിന്നും ഈടാക്കി നല്‍കാനുള്ള അധികാരം നല്‍കി. അതേസമയം ചെറുകിട ഹോട്ടലുകള്‍ക്ക് ജിഎസ്ടി ജനങ്ങളില്‍ നിന്ന് ഈടാക്കാനുള്ള സൗകര്യം നല്‍കിയില്ല. 5 ശതമാനം ജിഎസ്ടി തുക കൂടി ലാഭവിഹിതത്തില്‍ നിന്ന് എടുത്ത് അടക്കേണ്ട സാഹചര്യമാണ് ചെറുകിട ഹോട്ടലുകള്‍ക്ക് വന്നിരിക്കുന്നത്. ഇപ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ ഏറെയുളള ചെറുകിട മേഖലക്ക് ഇത് വലിയ തിരിച്ചടിയാണ്. ചെറുകിട മേഖലയിലെ ഹോട്ടലുകളെ ജിഎസ്ടിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

ജി ജയപാല്‍, കേരള ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി

വിലക്കയറ്റവും സര്‍ക്കാര്‍ ഫീസുകളുടെയും നികുതികളുടെയും ബാധ്യതയും മൂലം സംസ്ഥാനത്തെ എണ്‍പത് ശതമാനത്തോളം റസ്റ്ററന്റുകളും ലാഭമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ടൂറിസം മേഖലയോട് ചേര്‍ത്തു നിര്‍ത്തി മലബാര്‍ മേഖലയില്‍ ഏതൊക്കെ രീതിയില്‍ റസ്റ്ററന്റുകള്‍ക്കും പ്രോത്സാഹനം നല്‍കാമെന്ന് സര്‍ക്കാര്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചു. ചെറുകിട വ്യവസായം എന്ന പരിഗണനക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കും ഹോട്ടല്‍-റസ്റ്ററന്റ് മേഖല അര്‍ഹമാണെങ്കിലും ഇപ്പോഴും നെഗറ്റീവ് ലിസ്റ്റിലാണ് സ്ഥാനം. നിയമ ലംഘനങ്ങള്‍ക്ക് ഹോട്ടലുകളെ മാത്രം പഴിചാരുന്ന സമീപനമാണുള്ളത്. പ്ലാസ്റ്റിക് ഉത്പാദകര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ ഇടക്കു നില്‍ക്കുന്ന ഹോട്ടലുകളെയാണ് ബുദ്ധിമുട്ടിക്കുന്നത്. സര്‍ക്കാരുകള്‍ പോലും ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ പരാജയപ്പെടുമ്പോള്‍ വിവിധസ്ഥലങ്ങളില്‍ സൗജന്യമായി ടോയ്‌ലറ്റ് സൗകര്യങ്ങളും മറ്റും നല്‍കുന്നതും ഹോട്ടലുകളാണ്.

മൊഹമ്മദ് സുഹൈല്‍, ഉടമ, ഹോട്ടല്‍ റഹ്മത്ത് , കോഴിക്കോട്

ചെറുകിട ഹോട്ടലുകള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഏറ്റവും രൂക്ഷം. ഫാസ്റ്റ് ഫുഡിന്റെയും വിദേശഭക്ഷണ സംസ്‌കാരത്തിന്റെയും തള്ളിക്കയറ്റത്തില്‍ പരമ്പരാഗത കേരളീയ ഭക്ഷണം വിളമ്പുന്ന ചെറുകിട ഹോട്ടലുകള്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ്. അടച്ചു പൂട്ടുകയോ തനത് ഭക്ഷണ ശൈലിയില്‍ മാറ്റം വരുത്തുകയോ മാത്രമാണ് അവര്‍ക്ക് മുന്നിലുള്ള വഴി. മാലിന്യസംസ്‌കരണം അതാതിടങ്ങളില്‍ തന്നെ നിര്‍വഹിക്കണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവും പരിമിതമായ ചുറ്റുപാടുകളില്‍ വാടകക്കും മറ്റും പ്രവര്‍ത്തിക്കുന്ന ഇത്തരം ചെറുകിട സംരംഭങ്ങള്‍ക്ക് ഇടിത്തീയായി. മലിനജലം പൊതുസംവിധാനത്തിന്റെ ഭാഗമായ അഴുക്കുചാലുകളിലേക്ക് ഒഴുക്കുന്നത് അടക്കം നിയമപ്രകാരം തടയപ്പെട്ടിരിക്കുന്നു. വന്‍കിട ഹോട്ടലുകള്‍ക്ക് അവരുടേതായ മാലിന്യ സംസ്‌കരണ പഌന്റുകളും മറ്റുമുണ്ട്. അവയെ ഇത്തരം നിയമങ്ങള്‍ ബാധിക്കില്ല. എന്നാല്‍ ഈ ഉത്തരവിന്റെ മാത്രം പശ്ചാത്തലത്തില്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ് ആയിരക്കണക്കിന് ചെറുകിട ഹോട്ടലുകള്‍. 2011 മുതല്‍ കേരളത്തിലെ ഹോട്ടലുകളിലും റസ്റ്ററന്‌റുകളിലും എഫ്എസ്എസ്എഐ അഥവാ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് നടപ്പാക്കിയിരുന്നു. കെട്ടിടങ്ങള്‍ നവീകരിക്കാനും ശുചിത്വത്തിന്റെ കാര്യത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കാനും നിയമപ്രകാരം ഹോട്ടലുകള്‍ ബാധ്യസ്ഥമാണ്. വലിയ സാമ്പത്തിക ബാധ്യത ഉണ്ടാവുന്നുണ്ടെങ്കിലും ശുചിത്വലും മറ്റും സംബന്ധിച്ച എഫ്എസ്എസ്എഐ നിബന്ധനകള്‍ നടപ്പാക്കുന്നതിനെ ഹോട്ടലുടമകള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ സാമ്പത്തികമായി വന്നിരിക്കുന്ന അധികബാധ്യത ചെറുകിട ഹോട്ടലുകളെ സാരമായി ബാധിച്ചിട്ടുണ്ട്.

ഹോട്ടല്‍ ഭക്ഷണത്തിന്റെ ജിഎസ്ടി 5 ശതമാനം ആക്കി കുറച്ചെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ഇന്‍പുട്ട് ടാക്‌സ് നല്‍കാത്തത് ദോഷകരമായിരിക്കുന്നു. മുന്‍പ് വാറ്റ് സംവിധാനം നിലവില്‍ നിന്നപ്പോഴൊക്കെ ഇതിന് സൗകര്യമൊരുക്കിയിരുന്നു. വിലക്കയറ്റം ഏറെ ദോഷകരമായാണ് റസ്റ്ററന്റ് മേഖലയെ ബാധിച്ചിരിക്കുന്നത്. പച്ചക്കറികളുടെ അടക്കം വില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 5-6 ശതമാനത്തോളം കൂടി. മാര്‍ക്കറ്റിലെ ആവശ്യവും ലഭ്യതയുമാണ് ജിഎസ്ടിയെക്കാള്‍ ഭക്ഷണ മേഖലയിലെ വിലയെ സ്വാധീനിക്കുന്നതെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. പാചകവാചകത്തിന്റെ വിലവര്‍ദ്ധനയും വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍ സജീവമായ ഇടപെടല്‍ നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. പൊതുവിപണിയിലെ വിലക്കുറവ് ഹോട്ടല്‍ വ്യവസായത്തിനും അനുകൂലമാവും. ഈറ്റിംഗ് ഔട്ട് എന്നൊരു സംസ്‌കാരം രൂപപ്പെട്ടു വരുന്ന കാലമാണിത്. ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വലിയ രീതിയില്‍ വര്‍ദ്ധിക്കാതെ പിടിച്ചു നിര്‍ത്തിയാലേ കച്ചവടം മുന്നോട്ടു പോകൂ. മലയാളികളായ തൊഴിലാളികളുടെ ക്ഷാമം മൂലം ഉത്തരേന്ത്യക്കാരാണ് ഇന്ന് റസ്റ്ററന്റുകളില്‍ ഏറെയും ജോലിയെടുക്കുന്നത്. ഇവര്‍ക്ക് ഇഎസ്‌ഐയും പിഎഫും മറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചികിത്സാ ആനുകൂല്യങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിമുഖത കാട്ടുന്നു. സ്വകാര്യ ആശുപത്രികളില്‍ തൊഴിലാളികളെ ചികിത്സിക്കേണ്ടതിന്റെയും ഭാരം റസ്റ്ററന്റ് ഉടമകളാണ് വഹിക്കുന്നത്. ഇത്തരത്തില്‍ ചെലവ് ഒരു വശത്ത് വര്‍ധിക്കുമ്പോഴും ഭക്ഷണത്തിന് വില കൂട്ടാവുന്ന സാഹചര്യമല്ല നിലനില്‍ക്കുന്നത്. കൃത്യമായി നികുതിയടച്ച് വ്യവസായം നടത്തുന്ന ആളുകള്‍ക്കാണ് ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസക് റെസ്റ്ററന്റേ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള നടപടികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ.

സുമേഷ് ഗോവിന്ദ്, പ്രൊപ്രൈറ്റര്‍, പാരഗണ്‍ ഗ്രൂപ്പ് ഓഫ് റസ്റ്ററന്റ്‌സ്

സംസ്ഥാന സര്‍ക്കാര്‍ ഹോട്ടല്‍ വ്യവസായത്തെ നെഗറ്റീവ് ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത് വ്യാപാരത്തെ പ്രോത്‌സാഹിപ്പിക്കുന്ന നടപടിയല്ലെന്ന് പൊതുവെ ചൂണ്ടിക്കാട്ടപ്പെടുന്നു. സര്‍വീസ് മേഖലയില്‍ ഉള്‍പ്പെടുത്തി ചെറുകിട-മധ്യവര്‍ഗ വ്യവസായമായാണ് (എംഎസ്എംഇ) കേന്ദ്ര സര്‍ക്കാര്‍ ഹോട്ടല്‍-റസ്റ്ററന്റ് മേഖലയെ പരിഗണിക്കുന്നത്. എംഎസ്എംഇ മേഖലക്കുള്ള കുറഞ്ഞ പലിശ നിരക്കും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കും ഹോട്ടല്‍-റസ്റ്ററന്റ് മേഖലക്കും അവകാശമുണ്ട്. എന്നാല്‍ നെഗറ്റീവ് ലിസ്റ്റില്‍ പെട്ടതോടെ കേരളത്തിലെ ഹോട്ടല്‍ വ്യവസായത്തിന് ഈ ആനുകൂല്യങ്ങളൊന്നും ലഭിക്കാതെയായിരിക്കുന്നു.

റസ്റ്ററന്റ് മേഖലയിലെ സംരംഭങ്ങള്‍ക്ക് ഇന്ന് വലിയ മുന്‍ഗണന ലഭിക്കുന്നുണ്ട്. കൊച്ചിയില്‍ തന്നെ നിര്‍മാണം നടക്കുന്നയിടങ്ങള്‍ പരിശോധിച്ചാല്‍ 10ല്‍ 7ഉം റസ്റ്ററന്റുകളാണ്. ഇതിനോടൊപ്പം തന്നെ രൂപപ്പെട്ടിരിക്കുന്ന പ്രശ്‌നമാണ് വിദഗ്ധ തൊഴിലാളികളുടെ അഭാവം. വടക്കേയിന്ത്യയില്‍ നിന്നും നേപ്പാളില്‍ നിന്നും ബംഗാളില്‍ നിന്നുമൊക്കെയുള്ള ആളുകള്‍ ഉള്ളതു കൊണ്ടാണ് കേരളത്തിലെ ഹോട്ടല്‍-റസ്റ്ററന്റ് വ്യവസായം മുന്നോട്ട് പോകുന്നത്. ആള്‍ക്കാരെ പരിശീലിപ്പിക്കുന്നത് തുടര്‍ച്ചയായ പ്രക്രിയ ആയി മാറിയിട്ടുണ്ട്. കുറെ ആള്‍ക്കാരെ പഠിപ്പിച്ചിറക്കുമ്പോഴേക്കും അവരെ മറ്റ് റസ്റ്ററന്റുകാര്‍ കൊണ്ടുപോകും. പിന്നെ അടുത്ത ഗ്രൂപ്പിനെ പരിശീലിപ്പിക്കണം. തൊഴില്‍ അവസരങ്ങള്‍ ഏറെയുള്ള ഈ മേഖലയില്‍ മലയാളികള്‍ ഇല്ലാതായിരിക്കുന്നു. കെട്ടിട വാടക വളരെ കൂടിയത് റസ്റ്ററന്റ് ബിസിനസിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്‌. 5000 ചതുരശ്ര അടി സ്ഥലമെങ്കിലും സ്ഥലം പുതിയ രീതിയിലുള്ള റസ്റ്ററന്റുകള്‍ക്ക് ആവശ്യമാണ്. കൊച്ചിയില്‍ 6 ലക്ഷം രൂപയാണ് വാടക ചോദിക്കുന്നത്. ഇത്രയും തുക ചെലവാക്കി സംരംഭം ലാഭകരമാക്കാനാവില്ല.

സിദ്ദിഖ് എം, എംഡി, ആലിബാബ & 41 ഡിഷസ്

ജൈവകൃഷി സംരംഭങ്ങള്‍ വളരെ വിപുലമായി സര്‍ക്കാരും മറ്റ് സംഘടനകളുമൊക്കെ പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഇങ്ങനെ ഉണ്ടാക്കിയെടുത്ത വിഷരഹിതമായ കാര്‍ഷിക ഉത്പന്നങ്ങള്‍ എങ്ങനെ നന്നായി പാകം ചെയ്ത് കഴിക്കാമെന്നത് സംബന്ധിച്ച് ഒരു അവബോധവും ജനങ്ങളിലേക്ക് എത്തുന്നില്ല. ജൈവകൃഷി പ്രോത്സാഹനം കൊണ്ട് മാത്രം കാര്യമില്ല. തെറ്റായ പാചക രീതികളാണ് ഇന്ന് രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം. സാമൂഹ്യാരോഗ്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കേണ്ട മേഖലയാണിത്. വരും തലമുറയെങ്കിലും തെറ്റായ ഭക്ഷണരീതികളിലേക്ക് എത്തിപ്പെടാതിരിക്കാനുള്ള കൂട്ടായ ശ്രമമാണ് വേണ്ടത്. ഇന്ത്യന്‍ കോഫി ഹൗസ് മാതൃകയില്‍ സംസ്ഥാനത്തുടനീളം പ്രകൃതി ഭക്ഷണശാലകള്‍ എന്തുകൊണ്ട് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തുടങ്ങിക്കൂടാ? ഡോ. ഗംഗാധരന്‍ ചിന്നങ്ങത്ത്, ഉടമ, പത്തായം പ്രകൃതിഭക്ഷണശാല, തിരുവന്തപുരം

ധനമന്ത്രിയുടെ ശ്രദ്ധയ്ക്ക്‌

കേരളത്തിന്റെ തനത് ഭക്ഷണ സംസ്‌കാരത്തെ തിരികെ പിടിക്കുവാന്‍ ആരോഗ്യകരമായ ഭക്ഷണശൈലിയില്‍ അധിഷ്ഠിതമായ ഒരു ഭക്ഷ്യനയം തന്നെ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വ്യാപാരികള്‍ വിരല്‍ ചൂണ്ടുന്നത്. ആരോഗ്യകരമായ നാടന്‍ ഭക്ഷണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും പ്രചാരണവും സര്‍ക്കാരും ഹോട്ടലുകളും സഹകരിച്ച് നടത്തണം. തനതായ കേരളീയ വിഭവങ്ങള്‍ നല്‍കുന്ന ഹോട്ടലുകള്‍ക്ക് സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

ഹോട്ടല്‍-റസ്റ്ററന്റ് മേഖലയെ അടിയന്തരമായി നെഗറ്റീവ് ലിസ്റ്റില്‍ നിന്നും മാറ്റി എംഎസ്എംഇ അഥവാ ചെറുകിട വ്യവസായമായി പരിഗണിക്കാനുളള പ്രഖ്യാപനം സംസ്ഥാന ബജറ്റില്‍ ഉണ്ടാവണമെന്ന ആവശ്യവും വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും കുറഞ്ഞ പലിശക്കുള്ള വായ്പകളും സാമ്പത്തിക സഹായവും ഇപ്രകാരം കേരളത്തിലെ ഹോട്ടലുകള്‍ക്കും നേടിയെടുക്കാനാകും. എഫ്എസ്എസ്എഐ നിയമപ്രകാരമുള്ള മാനദണ്ഡങ്ങളനുസരിച്ച് കെട്ടിടങ്ങള്‍ നവീകരിക്കുവാന്‍ ചെറുകിട ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായമോ താങ്ങാവുന്ന പലിശയില്‍ വായ്പയോ ലഭ്യമാക്കണം. വായ്പകള്‍ക്കുള്ള അടിസ്ഥാന രേഖയായി എഫ്എസ്എസ്എഐ ലൈസന്‍സ് പരിഗണിക്കാവുന്നതാണ്.

ഉറവിട മാലിന്യ സംസ്‌കരണം എന്ന ആശയത്തെ ഹോട്ടലുടമകള്‍ എതിര്‍ക്കുന്നില്ലെങ്കിലും കുറഞ്ഞ ബജറ്റില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ഹോട്ടലുകളെ സംബന്ധിച്ച് ഇത് അപ്രായോഗികമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സ്ഥല സൗകര്യമുള്ള വലിയ ഹോട്ടലുകള്‍ മാലിന്യസംസ്‌കരണത്തിന് സ്വന്തം വളികള്‍ തേടട്ടെയെന്നാണ് പൊതു നിലപാട്. എന്നാല്‍ ചെറുകിട ഹോട്ടലുകള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ് കൂടിയേ തീരൂ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് ചെറുകിട ഹോട്ടലുകളിലെ മാലിന്യ സംസ്‌കരണത്തിന് പൊതു സംവിധാനം എര്‍പ്പെടുത്താനുളള നിര്‍ദേശം ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ഉണ്ടാവുമെന്ന് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു.

പ്രതിബന്ധങ്ങള്‍

പരിമിത സൗകര്യങ്ങളും കുറഞ്ഞ സാമ്പത്തിക ശേഷിയുമുള്ള ചെറുകിട ഹോട്ടലുകളെ ഉറവിട മാലിന്യ സംസ്‌കരണത്തില്‍ ഉള്‍പ്പെടുത്തിയ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നടപടി.

ഹോട്ടല്‍-റസ്റ്ററന്റ് വ്യവസായത്തെ എംഎസ്എംഇ മേഖലയില്‍ നിന്ന് ഒഴിവാക്കി നെഗറ്റീവ് ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്

എഫ്എസ്എസ്എഐ പ്രകാരം കെട്ടിടങ്ങള്‍ നവീകരിക്കാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും വന്‍തുക മുടക്കേണ്ടി വരുന്നത്.

ജിഎസ്ടി ഇന്‍പുട്ട് ക്രെഡിറ്റ് നല്‍കാത്തത്.

പൊതുവിപണിയിലെ വിലക്കയറ്റം.

തൊഴിലാളികളുടെ ലഭ്യതക്കുറവ്.

ഫഌറ്റുകള്‍ താമസത്തിന് ദിവസവാടകയ്ക്ക് നല്‍കുന്നതും, അനധികൃത ഹോംസ്‌റ്റേകളുടെ പ്രവര്‍ത്തനവും.

നിര്‍ദേശങ്ങള്‍

ചെറുകിട ഹോട്ടലുകളിലെ മാലിന്യ സംസ്‌കരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം.

ചെറുകിട വ്യവസായമായി പരിഗണിച്ച് വായ്പകളും മറ്റ് സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കുക.

എഫ്എസ്എസ്എഐ നിലവാരത്തിലേക്കുയര്‍ത്താന്‍ ചെറുകിട ഹോട്ടലുകള്‍ക്ക് സഹായം.

വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വര്‍ധിക്കുന്നത് ഒഴിവാക്കാനും വിപണിയില്‍ സജീവമായ ഇടപെടല്‍.

മലയാളികളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ മതിയായ നടപടികള്‍.

ജങ്ക് ഫുഡ് സംസ്‌കാരത്തില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ ബോധവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കുന്ന ഭക്ഷ്യ നയം.

Comments

comments

Categories: FK Special, Slider

Related Articles