2018 ഓട്ടോ എക്‌സ്‌പോ ഫെബ്രുവരി 9 ന് തുടങ്ങും

2018 ഓട്ടോ എക്‌സ്‌പോ ഫെബ്രുവരി 9 ന് തുടങ്ങും

ഫെബ്രുവരി 9 മുതല്‍ 14 വരെ ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യാ എക്‌സ്‌പോ മാര്‍ട്ടിലാണ് മോട്ടോര്‍ ഷോ അരങ്ങേറുന്നത്

ന്യൂഡെല്‍ഹി : 2018 ഓട്ടോ എക്‌സ്‌പോ അടുത്തെത്തി. ഫെബ്രുവരി 9 മുതല്‍ 14 വരെ ഗ്രേറ്റര്‍ നോയ്ഡയിലെ ഇന്ത്യാ എക്‌സ്‌പോ മാര്‍ട്ടിലാണ് മോട്ടോര്‍ ഷോ അരങ്ങേറുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ വാഹന പ്രദര്‍ശനത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. ടിക്കറ്റുകള്‍ സ്വന്തം വീട്ടുപടിക്കലെത്തിക്കാനുള്ള സംവിധാനം ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ എഡിഷന്‍ കഴിയുന്തോറും സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്ത് ഓട്ടോ എക്‌സ്‌പോ ഒരു ദിവസം കൂടി നീട്ടുന്നതിനും ഇത്തവണ സംഘാടകര്‍ തയ്യാറായി.

ഓരോ രണ്ട് വര്‍ഷം കൂടുന്തോറുമാണ് ഓട്ടോ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ച്ചറേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) എന്നിവയുമായി സഹകരിച്ച് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സാണ് (സിയാം) ഓട്ടോ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

1.85 ലക്ഷം ചതുരശ്ര മീറ്ററിലാണ് 2018 ഓട്ടോ എക്‌സ്‌പോ അരങ്ങേറുന്നത്. ഇന്ത്യന്‍ കമ്പനികള്‍ക്കുപുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വാഹന നിര്‍മ്മാതാക്കളും ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ 2030-ഇലക്ട്രിക് വാഹന ദൗത്യം പരിഗണിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇത്തവണ പ്രാധാന്യം ലഭിക്കും.

350 രൂപ മുതല്‍ 750 രൂപ വരെയാണ് 2018 ഓട്ടോ എക്‌സ്‌പോയുടെ ടിക്കറ്റ് നിരക്കുകള്‍. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് മോട്ടോര്‍ ഷോ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ 750 രൂപയാണ് ടിക്കറ്റ് വില. ഒരു മണി മുതല്‍ വൈകീട്ട് 6 വരെയെങ്കില്‍ 350 രൂപ മതി. എന്നാല്‍ വാരാന്ത്യത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 7 മണി വരെ 475 രൂപയാണ് ടിക്കറ്റ് നിരക്ക്. അവസാന ദിനം 450 രൂപയുടെ ടിക്കറ്റെടുത്ത് 2018 ഓട്ടോ എക്‌സ്‌പോ കാണാം.

സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്ത് ഓട്ടോ എക്‌സ്‌പോ ഒരു ദിവസം കൂടി നീട്ടുന്നതിന് ഇത്തവണ സംഘാടകര്‍ തയ്യാറായി

ടിക്കറ്റുകള്‍ സ്വന്തം വീട്ടുപടിക്കലെത്തിക്കുന്നതിന് സിയാം ഇത്തവണ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ബുക്ക്‌മൈഷോ വെബ്‌സൈറ്റില്‍ കയറി മോട്ടോര്‍ ഷോ സന്ദര്‍ശിക്കുന്ന തിയ്യതി നല്‍കി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താവുന്നതാണ്. ഒരാള്‍ക്ക് പത്ത് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. ടിക്കറ്റുകള്‍ സ്വന്തം വീട്ടിലെത്തിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ആ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. നിശ്ചിത കളക്ഷന്‍ സെന്ററില്‍ പോയി കൈപ്പറ്റാമെന്നുള്ളവര്‍ക്ക് അങ്ങനെയുമാകാം.

ജനുവരി 8 മുതല്‍ ടിക്കറ്റുകള്‍ ഹോം ഡെലിവറി ചെയ്യും. മൂന്നോ അതില്‍ക്കൂടുതലോ ടിക്കറ്റുകള്‍ ബുക്ക് ചെയ്താല്‍ സൗജന്യമായി ഹോം ഡെലിവറി നടത്തും. മൂന്ന് ടിക്കറ്റിന് താഴെയാണെങ്കില്‍ ചാര്‍ജ് നല്‍കേണ്ടി വരും. തെരഞ്ഞെടുത്ത മെട്രോ സ്‌റ്റേഷനുകളില്‍ ടിക്കറ്റുകള്‍ ഓഫ്‌ലൈനായി വാങ്ങാന്‍ കഴിയും. ജനുവരി അവസാന വാരം ഇത്തരത്തില്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങും.

Comments

comments

Categories: Auto