പൗരാണിക യൂറോപ്യന്‍ ഭാഷയുടെ വീണ്ടെടുക്കല്‍

പൗരാണിക യൂറോപ്യന്‍ ഭാഷയുടെ വീണ്ടെടുക്കല്‍

ജനറല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ യൂസ്‌കര ഭാഷ നിരോധിച്ചപ്പോള്‍ ബാസ്‌ക് രാജ്യക്കാര്‍ മാതൃഭാഷയുടെ അതിജീവനത്തിനായി പോരാടി

വടക്കന്‍ സ്‌പെയിനിലെ നവാഡെയിലെ പ്രാദേശിക ജനതയും ബാസ്‌ക് രാജ്യത്തെ ജനങ്ങളും സംസാരിക്കുന്ന ഭാഷയാണ് യൂസ്‌കര. വടക്കന്‍ സ്‌പെയിനിലും തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യമാണ് ബാസ്‌ക്. സാധാരണ ഭാഷകളെപ്പോലെ മറ്റേതെങ്കിലും ഭാഷയുമായി ഒരു ബന്ധവുമില്ലാത്തത് യൂസ്‌കരയെ നിഗൂഢഭാഷയായി അവശേഷിപ്പിക്കുന്നു. ഭാഷാവിദഗ്ധരെ വര്‍ഷങ്ങളായി അമ്പരിപ്പിക്കുന്ന കാര്യമാണ് ഈ നിഗൂഢത.

എവിടെ നിന്നാണ് ഭാഷ വന്നതെന്ന് ആര്‍ക്കും അറിയില്ലെന്ന് ബാസ്‌കിലെ ബില്‍ബാവോ സര്‍വകലാശാലയിലെ ഭാഷാ വിഭാഗം മേധാവി പ്രൊഫസര്‍ പെല്ലോ സലബുറു പറയുന്നു. വര്‍ഷങ്ങളുടെ നിരന്തരപഠനങ്ങള്‍ക്കു ശേഷവും പണ്ഡിതര്‍ക്ക് വ്യക്തമായ തീര്‍പ്പിലെത്താനാകാത്ത വിഷയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബാസ്‌ക് പൗരന്മാരുടെ അഭിമാനമാണ് സവിശേഷഭാഷ. ഈ ജനതയുടെ 35 ശതമാനം പേരേ (ഏഴു ലക്ഷത്തോളം ആളുകള്‍) യൂസ്‌കര സംസാരിക്കുന്നുള്ളൂ. എന്നാല്‍ ഇതിന് പ്രതിരോധത്തിന്റെ ഒരു ചരിത്രമുണ്ട്. സ്പാനിഷ് ഏകാധിപതിയായ ജനറല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ രാജ്യത്ത് സ്പാനിഷ് മാത്രം സംസാരിക്കണമെന്ന തീരുമാനം അടിച്ചേല്‍പ്പിക്കാനൊരുങ്ങിയപ്പോഴാണ് ഭാഷ ഒരു സമരായുധമായി മാറിയത്.

1939- 1975 കാലഘട്ടത്തിലായിരുന്നു ഫ്രാങ്കോയുടെ ഏകാധിപത്യ ഭരണം. അക്കാലത്ത് യൂസ്‌കര പഠിക്കാന്‍ ഒരു വിഭാഗം രഹസ്യക്ലാസുകള്‍ നടത്തിയിരുന്നു. 1944-ലാണ് ഐകസ്‌റ്റോല എന്ന പേരില്‍ രഹസ്യ യൂസ്‌കര പഠനസ്‌കൂളുകള്‍ സ്ഥാപിക്കാന്‍ ഒരു പറ്റം രക്ഷിതാക്കള്‍ തീരുമാനിച്ചത്. പള്ളിയിലും മറ്റും അത്യന്തം രഹസ്യമായാണ് ഭാഷാക്ലാസുകള്‍ നടത്തിയിരുന്നത്. അത്തരം ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിനിയായിരുന്നു കാര്‍മെല്‍ എറെകാറ്റ്ക്‌സോ.

ബില്‍ബാവോയിലെ പള്ളിയില്‍ 1960- 70 കാലഘട്ടത്തിലാണ് താന്‍ രഹസ്യ ഭാഷാപഠനക്ലാസുകളില്‍ പോയിരുന്നതെന്ന് കാര്‍മെല്‍ ഓര്‍ക്കുന്നു. ഒരു പ്രദേശത്തിന്റെ സ്വത്വമാണ് ഭാഷയെന്ന് ഇന്ന് അധ്യാപികയായ അവര്‍ നിലപാട് വ്യക്തമാക്കുന്നു. ഒരു സ്ഥലത്തു നിന്ന് ഭാഷയെ എടുത്തുമാറ്റിയാല്‍ അതിന്റെ കഥ കഴിഞ്ഞു. ഇതു തന്നെയായിരുന്നു ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ എന്ന ഏകാധിപതിയുടെയും ലക്ഷ്യം. ബില്‍ബാവോയിലെ ക്ലാസ്മുറികളില്‍ യൂസ്‌കര പഠിപ്പിക്കുകയെന്നത് തന്റെ നിയോഗമായാണ് ഇന്ന് അവര്‍ കാണുന്നത്.

1970 ആയപ്പോഴേക്കും 8,000 പേര്‍ യൂസ്‌കര പഠിക്കാന്‍ ഐകസ്‌റ്റോലകളിലെത്തിയിരുന്നുവെന്ന് സലബുറു വിശദീകരിക്കുന്നു. 1951-ല്‍ പള്ളിയില്‍ മാമോദീസ മുക്കുമ്പോള്‍ തന്റെ പേരിന്റെ യൂസ്‌കര പരിഭാഷയായ പെഡ്രോ മാരിയ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. കുട്ടിക്കാലത്ത് യൂസ്‌കര മാത്രം സംസാരിച്ചിരുന്ന അദ്ദേഹം ആറാം വയസില്‍ ബാസ്‌ക് ഭാഷ പഠിപ്പിക്കാത്ത സ്‌കൂളില്‍ ചേര്‍ന്നപ്പോഴാണ് സ്പാനിഷ് വാക്കുകള്‍ ആദ്യമായി കേള്‍ക്കുന്നതു തന്നെ.

ആ സമയത്ത് യൂസ്‌കര സംസാരിക്കുന്നത് ഒറ്റപ്പെട്ട പട്ടണങ്ങളിലും ചില മലയോര കൃഷിയിടങ്ങളിലും കടലോരമേഖലകളിലും ഒതുങ്ങി. നഗരങ്ങളില്‍ ഈ ഭാഷ സംസാരിക്കാന്‍ ഏവരും ഭയപ്പെട്ടു. ചാരന്മാര്‍ ഏകാധിപത്യ ഭരണകൂടത്തിന് ഒറ്റിക്കൊടുക്കുമെന്ന ജനങ്ങളുടെ ഭയമായിരുന്നു ഇതിനു പിന്നില്‍. അങ്ങനെ അതൊരു ഗാര്‍ഹിക ഭാഷ മാത്രമായി ഒതുങ്ങി. കാര്‍മെലിന്റെ വാക്കുകളില്‍ ഇത് വ്യക്തമാകുന്നു. വീടുകളുടെ അകത്തളങ്ങളില്‍ മാത്രം സംസാരിക്കുന്ന ഭാഷമായി യൂസ്‌കര മാറി. നഗരങ്ങളിലെ മതിലുകള്‍ക്കു പോലും ചെവിയുണ്ടെന്ന വിധത്തില്‍ ആളുകള്‍ ഈ ഭാഷ സംസാരിക്കാതായി- അവര്‍ പറയുന്നു.

1940-ല്‍ യൂസ്‌കരയില്‍ സംസാരിച്ചതിന് കാര്‍മെലിന്റെ മുത്തശ്ശി അറസ്റ്റിലായി. അവരെ പിഴ ചുമത്തി ജയിലിലടച്ചു. അവരെ ജയില്‍മോചിതയാക്കിയപ്പോള്‍ തല മുണ്ഡനം ചെയ്ത് അപമാനിച്ചു. ദുരനുഭവത്തിന്റെ വെളിച്ചത്തില്‍ തന്റെ മക്കള്‍ക്ക് ഭാഷ പഠിപ്പിച്ചു കൊടുക്കാന്‍ അവര്‍ തയാറായില്ല. ഭയം കാരണം ആളുകള്‍ യൂസ്‌കര സംസാരിക്കാതായി. ഇത് പതിയെ ഭാഷ കൈമോശം വരുന്നതിനിടയാക്കി. തലമുറകളിലേക്കു കൈമാറാതെ വന്നതോടെ അവസാനം ഇത് പൊടുന്നനെ ഇല്ലാതായി. അടിച്ചമര്‍ത്തലിനു സ്വാഭാവികമായ തിരിച്ചടിയുമുണ്ടായി. യൂസ്‌കര ഏകാധിപത്യത്തെ അതിജീവിച്ചു.

ബാസ്‌കിലെ ഗ്യുപിസ്‌കോവയിലെ ഒരു പുരാതന ഗുഹയില്‍ 14,000 വര്‍ഷം മുമ്പുള്ള എഴുത്തുകുത്തുകള്‍ കണ്ടെത്തി. എന്നാല്‍ അക്കാലത്തെ സംസാരഭാഷയേതെന്ന് ഗവേഷകര്‍ക്ക് അറിയാനായില്ല. എന്നാല്‍ അക്കാലത്തുണ്ടായിരുന്ന മറ്റൊരു ഭാഷയെക്കുറിച്ചും അറിയാനാകാത്ത സാഹചര്യത്തില്‍ ഈ ആദിഭാഷ യൂസ്‌കരയാകാതെ തരമില്ലെന്നു വരുന്നതായാണ് അവരുടെ നിഗമനം.

കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇന്‍ഡോ- യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും 3500 വര്‍ഷങ്ങള്‍ക്കു മുമ്പ് യൂറോപ്പിലേക്ക് ആളുകള്‍ കുടിയേറിയപ്പോള്‍ അതാതിടങ്ങളിലെ ഭാഷയും കൂടെ കൊണ്ടുവന്നു. ഇവയില്‍ നിന്നാണ് മിക്കവാറും യൂറോപ്യന്‍ ഭാഷകള്‍ രൂപം കൊണ്ടത്. എന്നാല്‍ യൂസ്‌കരയ്ക്ക് അത്തരത്തിലൊരു ബാന്ധവവുമില്ല. അത് തികച്ചും ശുദ്ധമായ ഭാഷയാണെന്ന് സലബുറു അവകാശപ്പെടുന്നു. ഇന്ന് യൂറോപ്യന്‍ ഭാഷകളില്‍ മറ്റൊന്നുമായി ബന്ധമില്ലാത്ത മൗലികഭാഷ ഇത് മാത്രമാണെന്ന പക്ഷക്കാരനാണ് അദ്ദേഹം.

യൂസ്‌കര ഉടലെടുത്തതു സംബന്ധിച്ച സിദ്ധാന്തങ്ങളില്‍ ഒന്ന് ഐബേറിയന്‍ ഭാഷയുമായുള്ള ബന്ധമാണ്. ഐബേറിയയുടെ തെക്കു കിഴക്കന്‍ തീരത്ത് ഒരിക്കല്‍ പ്രചാരത്തിലിരുന്ന ഈ ഭാഷ ഇന്ന് വിസ്മൃതിയിലാണ്. ഇരുഭാഷകളും ഒന്നാണെന്നും ഒരേ ഭാഷയില്‍ നിന്ന് രൂപം കൊണ്ടവയാണെന്നും വാദമുണ്ട്. യൂസ്‌കരയെപ്പോലെ തന്നെ ഐബേറിയക്കും ഇതര യൂറോപ്യന്‍ ഭാഷകളുമായി ബന്ധമില്ല.

സ്‌പെയിന്‍, പോര്‍ട്ടുഗല്‍ രാജ്യങ്ങളിലെ ഉള്‍പ്പെടുന്ന ഐബേറിയന്‍ തീരത്തു പ്രചാരത്തിലിരുന്ന ഐബേറിയ ഭാഷയുടേത് വിഭിന്നമായ എഴുത്തു രീതിയായിരുന്നു. ലാറ്റിന്‍ ഭാഷയില്‍ നിന്നു വിപരീതമായിരുന്നു ഇതിന്റെ രീതി. 1920-ലാണ് ഇതിന്റെ എഴുത്തുരീതി കണ്ടെടുത്തത്. ഇത് മനസിലാക്കാനായില്ലെങ്കിലും ബാസ്‌ക് ഭാഷയുമായി വളരെയധികം സാമ്യമുണ്ടെന്നാണു തോന്നുന്നതെന്ന് സലബുറു പറയുന്നു.

യൂസ്‌കരയുടെ മനോഹാരിത പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നിരിക്കുന്നുവെന്നതാണ്. താഴ്‌വരകള്‍, ആകാശനീലിമ, സമുദ്ര ശാന്തത തുടങ്ങിയവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പല വാക്കുകളും ഉണ്ടായിരിക്കുന്നത്. പ്രകൃതിദൃശ്യങ്ങള്‍, പക്ഷിമൃഗാദികള്‍, കാറ്റ്, കടല്‍ എന്നിവയ്‌ക്കെല്ലാം വിപുലമായ പദസഞ്ചയമാണ് ഭാഷയിലുള്ളത്. പൂമ്പാറ്റയെ വിശേഷിപ്പിക്കാന്‍ മാത്രം 100 പദങ്ങളുണ്ട്. ഈ ഭാഷ സംസാരിക്കുന്നവരെ ലോകവുമായി വേര്‍തിരിച്ചത് പൈറിനീസ് പര്‍വ്വതനിരകളാണ്. എന്നാല്‍ വിചാരിക്കുന്നതു പോലെ ഒറ്റപ്പെട്ട നാടല്ല ഇത്. ഒരുപാടു പേര്‍ ഇവിടം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

തങ്ങളെ അടയാളപ്പെടുത്തുന്നത് ഭാഷയാണെന്ന വിചാരമാണ് ബാസ്‌ക് ജനങ്ങളുടേതെന്ന് സലബുറു. അത് നഷ്ടപ്പെടാന്‍ അവരനുവദിക്കില്ല. 1960-കളില്‍ ഫ്രാങ്കോയുടെ സാംസ്‌കാരിക ആക്രമണം ഇറ്റ എന്ന തീവ്ര ദേശീയ സംഘനയുടെ രൂപീകരണത്തിനു കാരണമായി. സ്‌പെയിനില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും വേര്‍പെട്ട സ്വതന്ത്ര ബാസ്‌ക് രാജ്യമായിരുന്നു പ്രഖ്യാപിത ലക്ഷ്യം. ഭീഷണിക്കത്തയയ്ക്കാനും പണം ചോദിക്കാനുമെല്ലാം ഈ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നത് യൂസ്‌കരയായിരുന്നു. നഗരങ്ങളെ ചുവരുകളില്‍ അനുകൂല മുദ്രാവാക്യമെഴുതിയിരുന്നതും ഈ ഭാഷയിലായിരുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് ഇറ്റ പിരിച്ചു വിട്ടത്.

ഭാഷയെ എങ്ങനെ ആയുധമാക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനും സ്ഥാപിതതാല്‍പ്പര്യത്തിനു വിധേയമാക്കാനും കഴിയുമെന്നതിന്റെ ഉത്തമോദാഹരണമാണ് യൂസ്‌കരയെന്ന് കാര്‍മെല്‍. രാജ്യസ്‌നേഹികളുടെ ഭാഷ ആയാണ് ഇത് അറിയപ്പെട്ടത്. ഇതൊരു സാര്‍വ്വദേശീയ ഭാഷയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

യൂസ്‌കരയെ സംരക്ഷിക്കുന്നതിന് ബാസ്‌ക് രാജ്യം നിരവധി പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. യൂസ്‌കര സംസാരിക്കുന്നവര്‍ക്കായി ഒരു വെബ്‌സൈറ്റ് തന്നെ രൂപീകരിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടാനുസരണം യൂസ്‌കരയോ സ്പാനിഷോ ഇവ രണ്ടും കൂടിയോ പഠിക്കാമെന്ന നിര്‍ദേശം കരിക്കുലത്തില്‍ മുമ്പോട്ടു വെച്ചിരിക്കുന്നു. ഇതിന് ഫലമുണ്ടായിരിക്കുന്നു. കൗതുകത്തിന്റെ ഫലമായിത്തന്നെ അധികം കേള്‍ക്കാത്ത യൂസ്‌കര പഠിക്കാന്‍ കൂടുതല്‍ പേര്‍ തയാറാകുന്നുണ്ട്.

എന്നാല്‍ ബില്‍ബാവോയിലും മറ്റും സ്പാനിഷ് തന്നെയാണ് സംസാരഭാഷ. ബാസ്‌ക് പ്രദേശത്ത് സ്പാനിഷ് ഭാഷ പറയുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് സലബുറു പറയുന്നു. ഇതു തന്നെപ്പോലുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. സ്പാനിഷിന്റെയും ഇതരഭാഷകളുടെയും സ്വാധീനം ഇവിടെ വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇതരഭാഷകളുടെ അധിനിവേശം ഈ മൗലിക ഭാഷയിലും പിടിമുറുക്കിയിരിക്കുന്നു. ഇന്ന് അന്യഭാഷാസ്വാധീനത്തില്‍പ്പെട്ട യൂസ്‌കരയാണ് കാണാനും കേള്‍ക്കാനും കഴിയുന്നത്. ബാസ്‌ക് രാജ്യങ്ങളില്‍ റോഡ് അടയാളങ്ങളും വാതിലുകളിലുമെല്ലാം യൂസ്‌കര ഇന്നു വ്യാപകമായി ഉപയോഗിക്കുന്നു. കടകളിലും മദ്യശാലകളിലും ഉപഭോക്തക്കളെ സ്വീകരിക്കുന്നതിനും ഈ ഭാഷ ഉപയോഗിക്കുന്നു. അങ്ങനെ ഒരിക്കല്‍ രാജ്യത്തു നിരോധിക്കപ്പെട്ട ഭാഷ ഇന്ന് ടെലിവിഷനിലും റേഡിയോയിലും പത്രങ്ങളിലും കൂടി വ്യാപകമായി പ്രചരിക്കുന്നു.

ഏതായാലും യൂസ്‌കര അതിജീവിക്കുമെന്നു തന്നെയാണ് ബാസ്‌ക് പൗരന്മാര്‍ പറയുന്നത്. വളര്‍ച്ചയും പിന്നോട്ടടിയുമുണ്ടാകുമെങ്കിലും ഇത് ഇനിയും പുരോഗതിയിലേക്കെത്തുമെന്നാണു വിശ്വസിക്കുന്നതെന്ന് കാര്‍മെല്‍ പറയുന്നു. രാജ്യത്ത് ഗായകസംഘങ്ങളും കലാകാരന്മാരും തങ്ങളുടെ കലാരൂപങ്ങള്‍ക്ക് ശബ്ദമായി യൂസ്‌കരയെ ഉപയോഗിക്കാന്‍ തുടങ്ങിയത് ഭാഷക്ക് പ്രോല്‍സാഹനം നല്‍കും. അങ്ങനെ മരണവക്ത്രത്തിലായ ഒരു ഭാഷ കൂടി കരകയറുന്നുവെന്ന് ഭാഷാസ്‌നേഹികള്‍ക്ക് ആശ്വസിക്കാം.

Comments

comments

Categories: FK Special, Slider