റോഡ് വികസനം: ഭൂമിയേറ്റെടുക്കല്‍ ചെലവ് കുത്തനെ വര്‍ധിച്ചു

റോഡ് വികസനം: ഭൂമിയേറ്റെടുക്കല്‍ ചെലവ് കുത്തനെ വര്‍ധിച്ചു

ഭൂമിയേറ്റെടുക്കലിലെ സുതാര്യതയും ന്യായമായ നഷ്ടപരിഹാരവും ഉറപ്പു വരുത്തുന്നതിനുള്ള 2013ലെ നിയമം കര്‍ശനമായി പാലിക്കേണ്ടിവന്നത് ചെലവ് വന്‍തോതില്‍ ഉയര്‍ന്നതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു

ന്യൂഡെല്‍ഹി: റോഡ് വികസനവുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ ചെലവില്‍ വന്‍ വര്‍ധന. 2009ല്‍ ആകെ പദ്ധതി ചെലവിന്റെ ഒന്‍പത് ശതമാനം മാത്രമായിരുന്ന ഭൂമിയേറ്റെടുക്കല്‍ ചെലവ് 2012ല്‍ 16 ശതമാനത്തിലേക്കും അടുത്തിടെ നടന്ന എക്‌സ്പ്രസ് ഹൈവേ പ്രൊജക്റ്റുകളില്‍ 37 മുതല്‍ 55 ശതമാനം എന്നീ നിലയിലേക്കും കുതിച്ചു.

ഭൂമിയേറ്റെടുക്കലിലെ സുതാര്യതയും ന്യായമായ നഷ്ടപരിഹാരവും ഉറപ്പു വരുത്തുന്നതിനുള്ള 2013ലെ നിയമം പാലിക്കേണ്ടി വന്നത് ചെലവ് വന്‍തോതില്‍ വര്‍ധിച്ചതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഗ്രാമീണ മേഖലയില്‍ വിപണി മൂല്യത്തിന്റെ നാലിരട്ടിയായും നഗരപ്രദേശങ്ങളില്‍ രണ്ടിരട്ടിയായും ഭൂവുടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിച്ചു. ഭൂമിയേറ്റെടുക്കല്‍ ചെലവ് ഹെക്റ്ററിന് 2.9 കോടി രൂപയായി കുത്തനെ വര്‍ധിക്കുന്നതിലേക്ക് ഇത് നയിച്ചു. 2014 ധനകാര്യ വര്‍ഷത്തില്‍ ഇത് 0.90 രൂപ ആയിരുന്നു.

മഹാരാഷ്ട്രയിലെ നാഗ്പൂര്‍ – മുംബൈ സൂപ്പര്‍ കമ്മ്യൂണിക്കേഷന്‍ എക്‌സ്പ്രസ്‌വേക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ഇതിലുമധികം തുക ചെലവഴിച്ചുവെന്ന് പദ്ധതിയുടെ നോഡല്‍ അതോറിറ്റിയായ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എംഎസ്ആര്‍ഡിസി) പറയുന്നു. ഗ്രാമീണ മേഖലകളില്‍ വിപണി മൂല്യത്തിന്റെ അഞ്ചിരട്ടി തുകയാണ് നല്‍കിയതെന്നും എംഎസ്ആര്‍ഡിസി അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. അതുപോലെ തന്നെ, ഡെല്‍ഹി -ജയ്പൂര്‍ എക്‌സ്പ്രസ്‌വേ പദ്ധതിയുടെ ആകെ ചെലവില്‍ 55 ശതമാനമാണ് ഭൂമിയേറ്റെടുക്കലിന് വേണ്ടി വന്നത്. 32,800 കോടിയായിരുന്നു പദ്ധതി ചെലവ്. ഓരോ ഹെക്റ്ററിനും 6.43 കോടി രൂപയാണ് ചെലവാക്കിയത്. 400 കിലോമീറ്ററിലുള്ള വഡോധര – മുംബൈ എക്‌സ്പ്രസ്‌വേയുടെ പദ്ധതി ചെലവിന്റെ 37 ശതമാനവും ഭൂമിയേറ്റെടുക്കലിന് വിനിയോഗിക്കേണ്ടിവന്നു.

ഗ്രാമീണ മേഖലയില്‍ വിപണി മൂല്യത്തിന്റെ നാലിരട്ടിയായും നഗരപ്രദേശങ്ങളില്‍ രണ്ടിരട്ടിയായും ഭൂവുടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിച്ചു

ചെലവില്‍ വന്ന വര്‍ധന പരിഗണിക്കുമ്പോള്‍ പുതുതായി ആവിഷ്‌കരിച്ച ഭാരത്മാല പദ്ധതിയുടെ ഒന്നാംഘട്ടത്തിനുള്ള ഭൂമിയേറ്റെടുപ്പിനു മാത്രമായി നാലു വര്‍ഷത്തിനുള്ളില്‍ നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ)ക്ക് ചുരുങ്ങിയത് 1.8-1.9 ലക്ഷം കോടി രൂപയെങ്കിലും ആവശ്യമായി വരുമെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഇക്ര പറയുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിനായി 70000 – 75000 ഹെക്റ്റര്‍ ഭൂമിയാണ് വേണ്ടത്. 83000 കിലോമീറ്ററിലുള്ള റോഡ് പദ്ധതിയെന്നത് സമയപരിധിക്കുള്ളില്‍ എത്തിപ്പിടിക്കാന്‍ വളരെ ബുദ്ധിമുറിയ ലക്ഷ്യമാണെന്ന് ഐക്ര വൈസ് പ്രസിഡന്റ് ശുഭം ജെയ്ന്‍ പറഞ്ഞു. രാജ്യത്ത് ഇതുവരെ ഏറ്റെടുക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഹൈവേ പ്രൊജക്റ്റായ നാഷണല്‍ ഹൈവേ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 17 വര്‍ഷം കൊണ്ട് 26,255 കിലോമീറ്റര്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഇത്തരത്തില്‍ പഴയ ട്രാക്ക് റെക്കോര്‍ഡുകള്‍ പരിശോധിക്കുമ്പോള്‍ 2022 ധനകാര്യ വര്‍ഷത്തോടെ 83000 കിലോമീറ്റര്‍ എന്ന് സ്വപ്‌നം മാത്രമാണെന്ന് വ്യക്തമാകും – ജെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

ചെലവിലുള്ള വര്‍ധന കൂടാതെ പ്രാദേശിക അധികാരികളിന്‍മേലുള്ള ആശ്രിതത്വം, അപര്യാപ്തമായ ഭൂമിയേറ്റെടുക്കല്‍ പദ്ധതികള്‍, നഷ്ടപരിഹാരത്തിനായി കൃത്യമായ പ്രവര്‍ത്തന രീതിയുടെ അഭാവം എന്നിവയും റോഡ് നിര്‍മാണ പദ്ധതികളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: Business & Economy