മത്‌സ്യബന്ധന ബോട്ടുകളെ നയിക്കാന്‍ ‘നാവിക്’

മത്‌സ്യബന്ധന ബോട്ടുകളെ നയിക്കാന്‍ ‘നാവിക്’

തിരുവനന്തപുരം: കേരളത്തിലെ ആഴക്കടലില്‍ മത്‌സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളെയും ബോട്ടുകളെയും ജനുവരി മുതല്‍ നാവിക് നയിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലും കടലിലും ഒരുപോലെ അപകടസാധ്യതാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന സംവിധാനമാണ് നാവിക്.

ബോട്ടുകളില്‍ സ്ഥാപിക്കുന്നതിന് ഐ.എസ്ആര്‍ഒ പ്രത്യേകമായി വികസിപ്പിച്ച 250 നാവിക് സംവിധാനം ജനുവരിയില്‍ സര്‍ക്കാരിന് ലഭിക്കും. രണ്ടാം ഘട്ടത്തില്‍ 250 എണ്ണം കൂടി ഫെബ്രുവരിയില്‍ നല്‍കും. ആയിരം എണ്ണം സര്‍ക്കാര്‍ പണം നല്‍കി വാങ്ങും. ഇതിനു ശേഷം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക വിദ്യ കൈമാറി ആവശ്യമുള്ള നാവിക് സംവിധാനം സര്‍ക്കാര്‍ നിര്‍മ്മിക്കും. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കും. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.

ഐഎസ്ആര്‍ഒ ഉപഗ്രഹത്തില്‍ നിന്നും ഇന്‍കോയിസും, കേന്ദ്ര കാലാവസ്ഥ വകുപ്പും വഴിയുളള വിവരങ്ങള്‍ മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. മാസ്റ്റര്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമായ വിവരങ്ങള്‍ സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലുളള ആറ് മേഖലാ കണ്‍ട്രോള്‍ റൂമുകള്‍ക്ക് ലഭ്യമാക്കും. ഇവിടെ നിന്ന് മത്സ്യത്തൊഴിലാളികളുടെ മൊബീല്‍ ഫോണുകളിലേക്ക് സന്ദേശം മലയാളത്തില്‍ എത്തും. കടലില്‍ 1500 കിലോമീറ്റര്‍ അകലെവരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്കും സന്ദേശം ലഭിക്കുന്ന വിധത്തിലാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. മത്സ്യ ലഭ്യതാ പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനും, മത്സ്യത്തിന്റെ അതതു ദിവസങ്ങളിലെ വില അറിയുന്നതിനുമുളള സംവിധാനവും ഇതോടൊപ്പം സജ്ജീകരിക്കും.

Comments

comments

Categories: More