ഇന്ത്യയില്‍ മിത്സുബിഷിയുടെ വന്‍ നിക്ഷേപം

ഇന്ത്യയില്‍ മിത്സുബിഷിയുടെ വന്‍ നിക്ഷേപം

രണ്ട് മാസത്തിനുള്ളില്‍ ക്യൂബ് ഹൈവേസിന്റെ രണ്ടാമത്തെ ഓഹരി വില്‍പ്പനയാണിത്

ന്യൂഡെല്‍ഹി: ക്യൂബ് ഹൈവേസ് കമ്പനിയില്‍ നിന്നും 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നതിന് മിത്സുബിഷി നേതൃത്വം നല്‍കുന്ന ജാപ്പനീസ് കണ്‍സോര്‍ഷ്യം കരാറില്‍ ഒപ്പിട്ടു. 300- 350 ഡോളര്‍ മൂല്യമുള്ളതാവും ഇടപാട്. ഐ സ്‌ക്വയേര്‍ഡ് കാപ്പിറ്റല്‍, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവയുടെ പിന്തുണയുള്ള കമ്പനിയാണ് ക്യൂബ് ഹൈവേസ്.

ഈസ്റ്റ് നിപ്പോണ്‍ എക്‌സ്പ്രസ് വേ കോര്‍പ്പറേഷന്‍ (നെക്‌സ്‌കോ ഈസ്റ്റ്), ജപ്പാന്‍ ഓവര്‍സീസ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് (ജെഒഐഎന്‍) എന്നിവയുമായി ചേര്‍ന്നാണ് മിത്സുബിഷി ക്യൂബ് ഹൈവേസിന്റെ ഓഹരികള്‍ വാങ്ങുന്നത്. ഇന്ത്യയിലെ ടോള്‍- റോഡ് പദ്ധതിയില്‍ ഈ കൂട്ടായ്മ നിക്ഷേപിക്കുന്നതും ഇതാദ്യം.

രണ്ട് മാസത്തിനുള്ളില്‍ ക്യൂബ് ഹൈവേസിന്റെ രണ്ടാമത്തെ ഓഹരി വില്‍പ്പനയാണിത്. നവംബറില്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി(എഡിഐഎ)യുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനം 300-350 മില്യണ്‍ ഡോളറിന് ന്യൂനപക്ഷ ഓഹരികള്‍ വാങ്ങുന്നതിന് ക്യൂബുമായി കരാറില്‍ ഒപ്പുവച്ചിരുന്നു. രണ്ട് ഇടപാടുകളില്‍ നിന്നും ആകെ 5000 കോടി രൂപയാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

സ്വതന്ത്ര റോഡ്, ഹൈവേ പദ്ധതി നടത്തിപ്പുകാരാണ് ക്യൂബ് ഹൈവേസ്. രാജ്യത്ത് ക്യൂബ് ഹൈവിസിന് സ്വന്തമായുള്ളതും പ്രവര്‍ത്തിപ്പിക്കുന്നതുമായി 1700 ലധികം കിലോമീറ്റര്‍ ദൂരത്തിലെ പാതയാണുള്ളത്. ജയ്പൂര്‍ മഹുവ ടോള്‍വേ, മഹുവ ഭാരത്പൂര്‍ എക്‌സ്പ്രസ് വേസ്, വെസ്റ്റേണ്‍ യുപി ടോള്‍വേ, ആന്ധ്ര പ്രദേശ് എക്‌സ്പ്രസ് ടോള്‍ വേസ് എന്നിവയടക്കം നിരവധി ടോളുകളും റോഡുകളും ഇന്ത്യയില്‍ ക്യൂബ് ഹൈവേസിന്റെ നിര്‍മിതികളില്‍പ്പെടുന്നു.

Comments

comments

Categories: More