വാഹന നയം : കേന്ദ്ര സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചു

വാഹന നയം : കേന്ദ്ര സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചു

ഘന വ്യവസായ മന്ത്രാലയമാണ് വാഹന നയം തയ്യാറാക്കുന്നതിന് മുന്‍കയ്യെടുക്കുന്നത്

ന്യൂഡെല്‍ഹി : വാഹന നയം തയ്യാറാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാന്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചു. പരിസ്ഥിതി സൗഹാര്‍ദ്ദ മൊബിലിറ്റിക്കായി ഇലക്ട്രിക് വാഹനങ്ങള്‍, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാങ്കേതികവിദ്യാ സാധ്യതകളും പരിഗണിക്കുമെന്ന് ഘന വ്യവസായ മന്ത്രി അനന്ത് ഗീതെ പറഞ്ഞു. ഘന വ്യവസായ മന്ത്രാലയമാണ് വാഹന നയം തയ്യാറാക്കുന്നതിന് മുന്‍കയ്യെടുക്കുന്നത്. എന്നാല്‍ നയ രൂപീകരണം പ്രാരംഭ ദശയിലാണെന്നും വാഹന നിര്‍മ്മാണ മേഖലയിലെ ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

അതേസമയം കണ്‍സള്‍ട്ടന്റ് ആരെന്ന കാര്യം അനന്ത് ഗീതെ വെളിപ്പെടുത്തിയില്

2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ബിഎസ്-6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ പോവുകയാണ്. 2030 ഓടെ ഇലക്ട്രിക് വാഹന രാജ്യമാകണം ഇന്ത്യയെന്ന ലക്ഷ്യവും കേന്ദ്ര സര്‍ക്കാരിനുണ്ട്. വാഹന വ്യവസായത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായ ഈ സാഹചര്യത്തിലാണ് വാഹന നയം തയ്യാറാക്കുന്നത്. കണ്‍സള്‍ട്ടന്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ബന്ധപ്പെട്ട എല്ലാവരുമായി ഘന വ്യവസായ മന്ത്രാലയം ചര്‍ച്ച നടത്തുമെന്ന് അനന്ത് ഗീതെ വ്യക്തമാക്കി. അതേസമയം കണ്‍സള്‍ട്ടന്റ് ആരെന്ന കാര്യം മന്ത്രി വെളിപ്പെടുത്തിയില്ല.

2015 സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാരും വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സും ചേര്‍ന്ന് ഓട്ടോമോട്ടീവ് മിഷന്‍ പ്ലാന്‍ 2016-26 പുറത്തിറക്കിയിരുന്നു. 4.64 ലക്ഷം കോടി രൂപയില്‍നിന്ന് ഇന്ത്യയിലെ വാഹന വ്യവസായത്തിന്റെ ഉല്‍പ്പന്ന മൂല്യം 18.89 ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കണമെന്നും ആഗോളതലത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തണമെന്നുമാണ് ലക്ഷ്യം നിശ്ചയിച്ചിരിക്കുന്നത്.

Comments

comments

Categories: Auto