എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല: അശോക് ഗജപതി രാജു

എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല: അശോക് ഗജപതി രാജു

ന്യൂഡെല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് സംഭവിച്ചതു പോലെ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം നിഷ്‌ക്രിയമാകണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി അശോക് ഗജപതി രാജു. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യയുടെ ഭാഗമായിട്ടുള്ള ഒരു ജീവനക്കാരനും തൊഴില്‍ നഷ്ടമാകണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും കമ്പനിയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. ചോദ്യവേളയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള സമിതി മേല്‍നോട്ടം നല്‍കുന്നതായും എംപിമാരുള്‍പ്പെടെ ആര്‍ക്കുവേണമെങ്കിലും ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാമെന്നും മന്ത്രി അറിയിച്ചു.

ഭീമമായ നഷ്ടവും കടബാധ്യതയും മൂലം പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിന് ജൂണ്‍ 28നാണ് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കിയത്. പക്ഷേ, ഓഹരി വില്‍പ്പനയുടെ അളവ് ഉള്‍പ്പടെയുള്ള അന്തിമ നടപടിക്രമങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള സമിതിയാണ്. നിലവില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വിഹിതത്തിലാണ് എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. 52,000 കോടി രൂപയിലുമധികമാണ് എയര്‍ ഇന്ത്യയുടെ കടബാധ്യത.

2003ല്‍ വിജയ് മല്യ ആരംഭിച്ച കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പ്രവര്‍ത്തനം കടബാധ്യതയെ തുടര്‍ന്ന് മുന്നോട്ടുകൊണ്ടുപോകുന്നതിലെ ആശങ്കകളെ തുടര്‍ന്നാണ് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത്. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപയോളമാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്പയെടുത്തിരുന്നത്.

Comments

comments

Categories: Slider, Top Stories