ടെലികോം സേവനങ്ങളുടെ നികുതിയില്‍ ഇളവ് നല്‍കണമെന്ന് ഡിഒടി

ടെലികോം സേവനങ്ങളുടെ നികുതിയില്‍ ഇളവ് നല്‍കണമെന്ന് ഡിഒടി

കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരിമിതമായ പങ്ക് മാത്രമേ സര്‍ക്കാരിന് വഹിക്കാന്‍ സാധിക്കൂവെന്ന് മനോജ് സിന്‍ഹ

കൊല്‍ക്കത്ത: ടെലികോം സേവനങ്ങള്‍ക്ക് ചുമത്തിയിരിക്കുന്ന ചരക്ക് സേവന നികുതി നിരക്ക് നിലവിലെ 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറയ്ക്കണമെന്ന് ധനമന്ത്രാലയത്തോട് ടെലികോം വകുപ്പിന്റെ ശുപാര്‍ശ. സാമ്പത്തിക സമ്മര്‍ദത്തില്‍ നിന്ന് രക്ഷനേടാന്‍ നികുതിയിളവുകള്‍ക്കായി ആവശ്യപ്പെടുന്ന ടെലികോം കമ്പനികളുടെ പ്രതീക്ഷകളെ ഉയര്‍ത്തുന്നതാണ് ടെലികോം വകുപ്പി(ഡിഒടി)ന്റെ നീക്കം. ഉപഭോക്താക്കള്‍ക്കും ശുഭ സൂചനയാണ് ഇത് നല്‍കുന്നത്.

ടെലികോം സേവന നികുതി നിരക്കില്‍ ഇളവ് നല്‍കണമെന്ന് ധനമന്ത്രാലയത്തിനു കീഴിലുള്ള റവന്യു വകുപ്പിനോട് ഡിഒടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ ലോക്‌സഭയില്‍ അറിയിച്ചു. ടെലികോം മേഖല കടുത്ത സാമ്പത്തിക സമ്മര്‍ദം നേരിടുകയാണെന്ന വാദത്തെ മന്ത്രിതല സമിതി നിരസിച്ചിട്ടുള്ളതായും സിന്‍ഹ ചൂണ്ടിക്കാട്ടി. ഓരോ കമ്പനിയുടെയും കടബാധ്യതകള്‍, മൂലധന ഘടന, പണമൊഴുക്ക്, തിരിച്ചടവ് ശേഷി തുടങ്ങിയവയെല്ലാം വ്യത്യസ്തമായതിനാല്‍ ടെലികോം മേഖല മൊത്തത്തില്‍ സാമ്പത്തിക സമ്മര്‍ദത്തിലാണെന്ന് കരുതാനാവില്ല. വാസ്തവത്തില്‍ ചില ടെലികോം കമ്പനികള്‍ നേരിടുന്ന ഉയര്‍ന്ന കടബാധ്യത അവരുടെ തന്നെ പ്രവര്‍ത്തന ഫലമാണെന്നും ഇത് പരിഹരിക്കാന്‍ പരിമിതമായ പങ്ക് മാത്രമേ സര്‍ക്കാരിന് വഹിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഐഎംജിയുടെ കാഴ്ചപ്പാടിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ (സിഒഎഐ) ഡയറക്റ്റര്‍ ജനറല്‍ രാജന്‍ മാത്യൂസ് രംഗത്ത് വന്നു.മേഖലയുടെ ആശങ്കകളെ പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റിലയന്‍സ് ജിയോ ഒഴികെയുള്ള മറ്റെല്ലാ ഓപ്പറേറ്റര്‍മാരും സ്‌പെക്ട്രം വാങ്ങലിന് വേണ്ടിയുള്ള കടബാധ്യതകളെ നേരിടുന്നവരും വ്യവസായത്തിലെ കനത്ത മത്സരം മൂലം വന്‍ വരുമാന നഷ്ടം നേരിടുന്നവരുമാണ്. അതിനാല്‍ തന്നെ സ്‌പെക്ട്രം തിരിച്ചടവ് കാലാവധി നീട്ടി നല്‍കിയും, പലിശ നിരക്കില്‍ ഇളവ് നല്‍കിയും കടത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് മാത്രമേ സാധിക്കുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിഎസ്ടി നിരക്കില്‍ ഇളവ് നല്‍കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം ഉപയോക്താക്കളുടെ താല്‍പ്പര്യം, ഡിജിറ്റല്‍ ഇന്ത്യാ ലക്ഷ്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് ടെലികോം റെഗുലേറ്റര്‍ പരിശോധിച്ച് വരികയാണെന്നും മനോജ് സിന്‍ഹ സഭയെ അറിയിച്ചു.

Comments

comments

Categories: More