ഉദയ് ലക്ഷ്യങ്ങളില്‍  നേട്ടം കൈവരിച്ച് ആന്ധ്ര

ഉദയ് ലക്ഷ്യങ്ങളില്‍  നേട്ടം കൈവരിച്ച് ആന്ധ്ര

വൈദ്യുതി വിതരണ കമ്പനികളുടെ സംയോജിത സാങ്കേതിക- സാമ്പത്തിക നഷ്ടങ്ങള്‍ (അഗ്രഗേറ്റ് ടെക്‌നിക്കല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ലോസസ്, എടി ആന്‍ഡ് സി) ലക്ഷ്യമിട്ടതിനെക്കാള്‍ കുറച്ചുകൊണ്ടാണ് ആന്ധ്ര മികവു കാട്ടിയത്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഉജ്ജ്വല്‍ ഡിസ്‌കോം അഷുറന്‍സ് യോജന(ഉദയ്)ക്ക് കീഴില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് ആന്ധ്ര പ്രദേശ്. സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ കമ്പനികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന പദ്ധതിയാണ് ഉദയ്.

വൈദ്യുതി വിതരണ കമ്പനികളുടെ സംയോജിത സാങ്കേതിക- സാമ്പത്തിക നഷ്ടങ്ങള്‍ (അഗ്രഗേറ്റ് ടെക്‌നിക്കല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ലോസസ്, എടി ആന്‍ഡ് സി) ഉദയ് പദ്ധതി പ്രകാരം ലക്ഷ്യമിട്ടതിനെക്കാള്‍ കുറച്ചുകൊണ്ടാണ് ആന്ധ്ര മികവു കാട്ടിയത്. ശക്തമായ നിരീക്ഷണ സംവിധാനം ഈ നേട്ടത്തിലെത്താന്‍ സംസ്ഥാനത്തെ തുണച്ചതായി വിലയിരുത്തപ്പെടുന്നു.

നിലവില്‍ ആന്ധ്രയിലെ വിതരണ കമ്പനികളുടെ എടി ആന്‍ഡ് സി നഷ്ടം 7.9 ശതമാനം വരും. പദ്ധതിയില്‍ ഉള്‍പ്പെട്ട മറ്റു സംസ്ഥാനങ്ങളുടെ സാങ്കേതിക- സാമ്പത്തിക നഷ്ടം 23.9 ശതമാനം എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ആന്ധ്രയുടെ ഈ നേട്ടം. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ആന്ധ്ര പ്രദേശിന്റെ എടി ആന്‍ഡ് സി നഷ്ടം 13.6 ശതമാനമായിരുന്നു. ഉദയ് പദ്ധതി പ്രകാരമുള്ള ധാരണാപത്രം അനുസരിച്ച് നടപ്പു സാമ്പത്തിക വര്‍ഷം അത് 8.9 ശതമാനമായി കുറയ്ക്കണമെന്നായിരുന്നു നിബന്ധന. സംസ്ഥാനത്തെ വൈദ്യുതി നിരക്കിന്റെ കാര്യത്തിലും ഗുണപരമായ മാറ്റങ്ങളുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആന്ധ്രയിലെ ശരാശരി വൈദ്യുതി നിരക്ക് വര്‍ധന ഇക്കുറി 3.6 ശതമാനത്തില്‍ ഒതുങ്ങി. ഉദയ് മുന്നോട്ടുവച്ച അഞ്ച് ശതമാനത്തിന് താഴെയാണിത്.

വിതരണ ചെലവും വരുമാനവും തമ്മിലെ അന്തരം യൂണിറ്റിന് 0.80 രൂപ എന്നതില്‍ നിന്ന് 0.03 എന്നതിലേക്ക് കുറയ്ക്കാനും കമ്പനികള്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി വിതരണ കമ്പനികളില്‍ നിന്ന് 24,064 കോടി രൂപയുടെ വരുമാനം നേടാനാവുമെന്നാണ് ആന്ധ്ര സര്‍ക്കാരിന്റെ പ്രതീക്ഷ. 2016 സാമ്പത്തിക വര്‍ഷത്തില്‍ ഊര്‍ജ വില്‍പ്പനയിലൂടെ 18,964 കോടി രൂപ ആന്ധ്ര നേടിയെടുക്കുകയുണ്ടായി.

പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിലും മുന്‍നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങളില്‍ ഏറെക്കുറെ പൂര്‍ണമായെത്തിച്ചേരാനും ആന്ധ്രക്ക് സാധിച്ചിട്ടുണ്ട്. ഉദയ് പദ്ധതിയുടെ മാനദണ്ഡമനുസരിച്ച് നഗരങ്ങളില്‍ 5,097 മീറ്ററുകളും ഗ്രാമങ്ങളില്‍ 69,775 മീറ്ററുകളും ആന്ധ്ര പ്രദേശ് വിതരണം ചെയ്തിരുന്നു.

Comments

comments

Categories: More