60 ബില്യണ്‍ ഡോളറിന്റെ ലയന, ഏറ്റെടുക്കല്‍ ഇടപാടുകള്‍

60 ബില്യണ്‍ ഡോളറിന്റെ ലയന, ഏറ്റെടുക്കല്‍ ഇടപാടുകള്‍

ടെക്‌നോളജി മേഖലയിലാണ് ഏറ്റവുമധികം ഇടപാടുകള്‍ നടന്നത്

ന്യൂഡെല്‍ഹി: 2017ല്‍ 60 ബില്യണ്‍ യുഎസ് ഡോളറിലധികം (ഏകദേശം 4 ലക്ഷം കോടി രൂപ) മൂല്യമുള്ള ലയന, ഏറ്റെടുക്കല്‍ (എം ആന്‍ഡ് എ) ഇടപാടുകളാണ് ഇന്ത്യന്‍ കമ്പനികളില്‍ നടന്നതെന്ന് റിപ്പോര്‍ട്ട്.
സാമ്പത്തിക സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ ഏകീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും അതിനൊപ്പം തന്നെ വായ്പാ തിരിച്ചടവ് ഉള്‍പ്പടെയുള്ളവയില്‍ വിവിധ കമ്പനികള്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ലയന, ഏറ്റെടുക്കലുകള്‍ തുടരുമെന്നുമാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ലയന, ഏറ്റെടുക്കലുകളും സ്വകാര്യ ഇക്വിറ്റികളിലെ നിക്ഷേപങ്ങളും ഉള്‍പ്പടെ മൊത്തത്തിലുള്ള ഇടപാട് പ്രവര്‍ത്തനങ്ങള്‍ 2017 ജനുവരി-നവംബര്‍ കാലയളവില്‍ ഏകദേശം 59 ബില്യണ്‍ യുഎസ് ഡോളറിലെത്തിയെന്നാണ് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഗ്രാന്റ് ത്രോണ്‍ടൊണ്‍ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 9 ശതമാനം ഉയര്‍ച്ചയാണിത്. അന്തിമ കണക്കെടുപ്പില്‍ ഇത് 60 ബില്യണ്‍ യുഎസ് ഡോളറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൂല്യനിര്‍ണയ പ്രതീക്ഷകള്‍, റെഗുലേറ്ററി പ്രക്രിയകള്‍ മനസിലാക്കുന്നതിലെ അഭാവം എന്നിവ മൂലം 2017ലെ കരാറുകളുടെ വ്യാപ്തിയിലും മൂല്യത്തിലും ഇടിവ് വന്നെന്ന് മെര്‍ജര്‍മാര്‍ക്കറ്റ് ഇന്ത്യ പറയുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി 2018ല്‍ ലയന, ഏറ്ററെടുക്കലുകളുടെ വേഗം കുറഞ്ഞേക്കുമെന്നും അവര്‍ വിലയിരുത്തുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഇ കൊമേഴ്‌സ്, മാനുഫാക്ചറിഗ്, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, ബയോടെക് എന്നിവയിലാണ് അടുത്ത വര്‍ഷം പ്രധാനമായും ഇടപാടുകള്‍ നടക്കുകയെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. ഈ വര്‍ഷം നടന്ന ഏറ്റവും വലിയ ലയന ഇടപാട് വോഡഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറും തമ്മിലുള്ളതാണ്. 35 ശതമാനം വിപണി വിഹിതവുമായി 23 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ഈ ഇടപാടോടെ സൃഷ്ടിക്കപ്പെടുക. രാജ്യത്തെ പ്രമുഖ മൈക്രോഫിനാന്‍സ് കമ്പനിയായ ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലിമിറ്റഡിനെ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഏറ്റെടുത്തത്, ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്‌സിന് കൃഷ്ണ ഗോദവാരി ബേസിനിലുണ്ടായിരുന്ന 80 ശതമാനം ഓഹരി ഒഎന്‍ജിസി വാങ്ങിയത് എന്നിവയാണ് ഈ വര്‍ഷത്തെ മറ്റ് പ്രധാന എം ആന്‍ഡ് എ ഇടപാടുകള്‍.

ഇന്ത്യയിലെ സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങള്‍ക്കും ഈ വര്‍ഷം മികച്ചതായിരുന്നു. സോവറിന്‍ വെല്‍ത്ത് ഫണ്ട്‌സ്, പെന്‍ഷന്‍ ഫണ്ടുകള്‍ തുടങ്ങിയവ മികച്ച സംഭാവനയാണ് ഈ വളര്‍ച്ചയ്ക്ക് നല്‍കിയത്. ഇ-കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള ടെക്‌നോളജി മേഖലയിലാണ് ഈ വര്‍ഷം ഏറ്റവുമധികം ഇടപാടുകള്‍ നടന്നത്. 346 ഇടപാടുകളില്‍ 11 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപവുമായി ടെക്‌നോളജി മേഖല ആധിപത്യം പുലര്‍ത്തുന്നു. നിക്ഷേപ മൂല്യത്തിന്റെ 45 ശതമാനവും സംഭാവന ചെയ്തത് ഈ മേഖലയാണ്. 74 ഇടപാടുകളിലായി 5.2 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം നടന്ന സാമ്പത്തിക സേവന മേഖലയാണ് രണ്ടാം സ്ഥാനത്തുള്ളത്.

Comments

comments

Categories: Slider, Top Stories