നാളികേര വില ഉയരുമ്പോഴും ഗുണം കിട്ടാതെ കര്‍ഷകര്‍

നാളികേര വില ഉയരുമ്പോഴും ഗുണം കിട്ടാതെ കര്‍ഷകര്‍

ഒരു കിലോ പച്ചതേങ്ങയ്ക്ക് ഇപ്പോള്‍ 56 രൂപയാണ് പൊതുവിപണി വില. 30 രൂപ വില തൊട്ടാണ് ചില്ലറ വില്‍പന

കൊച്ചി: കേരം തിങ്ങും കേരളനാട്ടില്‍ ഒരു കിലോ വെളിച്ചെണ്ണക്ക് വില 260 രൂപ, ഒരു കിലോ തേങ്ങയ്ക്ക് 56 രൂപ. എന്നാല്‍ വിപണിയിലെ വില വര്‍ധന് പക്ഷേ കര്‍ഷകര്‍ക്ക് ഗുണകരമാകുന്നില്ല. നാളികേരത്തിന്റെ ലഭ്യതക്കുറവ് മൂലമാണ് നാളികേര വിലയില്‍ ഇത്തരത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. മുന്‍പ് ലഭിച്ചിരുന്ന തേങ്ങയുടെ മൂന്നിലൊന്ന് പോലും ഒരു തെങ്ങില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്നില്ല. ഇതുകൊണ്ട് തന്നെ വിലവര്‍ദ്ധനവ് കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനം ചെയ്യുന്നില്ല. നാളികേര വില ഉയര്‍ന്നതിനനുബന്ധമായി കൊപ്ര വിലയും ഉയര്‍ന്നിട്ടുണ്ട്. അന്‍പതുരൂപവരെയുണ്ടായിരുന്ന കൊപ്ര വില എണ്‍പത് രൂപയായി ഉയര്‍ന്നു.

ഒരു മാസത്തിനിടെ കിലോക്ക് 11 രൂപയുടെ വര്‍ദ്ധനവാണ് നാളികേരവിലയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് കിലോക്ക് 25 രൂപ മാത്രമായിരുന്നു നാളികേരത്തിന്റെ വില. പച്ചത്തേങ്ങയുടെ വിലവര്‍ദ്ധനവ് മൂലം വെളിച്ചെണ്ണ വിലയും സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്.

76,643 ലക്ഷം നാളികേരം ഉത്പാദിപ്പിച്ച് രാജ്യത്ത് ഏറ്റവുമധികം നാളികേരം ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായി കേരളം മാറിയതിനു തൊട്ടുപിറകെയാണ് നാളികേരത്തിന്റെ ക്ഷാമകാലവും എത്തുന്നത്. ഇപ്പോള്‍ കേരളത്തില്‍ ആവശ്യമുള്ള തേങ്ങയുടെ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പൊള്ളാച്ചി, മൈസൂര്‍ ഭാഗങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് തേങ്ങ കൂടുതലായും എത്തുന്നത്.

വിപണിയില്‍ നാളികേരത്തിന് മികച്ച വില ലഭിക്കുമ്പോഴും കര്‍ഷകന് ശരാശരി 15 മുതല്‍ 18 രൂപവരെയാണ് ലഭിക്കുന്നത്. ഇതേ തേങ്ങ, കടയില്‍ നിന്നും വാങ്ങുമ്പോള്‍ വില ഇരട്ടിയാകും-ചന്ദ്രന്‍ നായര്‍, കര്‍ഷകന്‍

ചില്ലറ വിപണിയില്‍ ഒരു നാളികേരത്തിന് 32 മുതല്‍ 40 രൂപ വരെ വിലവരുമ്പോള്‍, ഉല്‍പാദിപ്പിക്കുന്ന കര്‍ഷകന് ഇതിന്റെ പകുതി പോലും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. സംഭരിച്ച നാളികേരത്തിന് കേരഫെഡ് നല്‍കുന്ന 25 രൂപയാണ് ഏറ്റവും ഉയര്‍ന്നവില. സംസ്ഥാനത്ത് തേങ്ങയുടെ ഉത്പാദനം കുറഞ്ഞത് തെങ്ങുകയറ്റ തൊഴിലാളികളെയും അനുബന്ധ മേഖലയെയും ബാധിച്ചിട്ടുണ്ട്.

വിപണിയില്‍ നാളികേരത്തിന് മികച്ച വില ലഭിക്കുമ്പോഴും കര്‍ഷകന് ശരാശരി 15 മുതല്‍ 18 രൂപവരെയാണ് ലഭിക്കുന്നത്. ഇതേ തേങ്ങ, കടയില്‍ നിന്നും വാങ്ങുമ്പോള്‍ വില ഇരട്ടിയാകും. വെളിച്ചെണ്ണയാക്കി വില്‍ക്കാം എന്ന് വച്ചാല്‍ പോലും വിപണി കിട്ടാന്‍ ബുദ്ധിമുട്ടാണ്. കുറഞ്ഞ വിലയ്ക്ക് തമിഴ്‌നാട്ടിലെ കങ്കായത്ത് നിന്നും എത്തുന്ന മായം ചേര്‍ത്ത എണ്ണ ഇവിടെ സുലഭമായി വിറ്റു പോകുന്നു. കേരഫെഡ് പോലും കര്‍ഷകര്‍ക്ക് അനുകൂലമായ ഒരു സമീപനമല്ല സ്വീകരിക്കുന്നത്. പല കര്‍ഷകരും തെങ്ങ് കള്ളുചെത്ത് വ്യവസായത്തിനായി നല്‍കുകയാണ്-പാലക്കാട് നിന്നുള്ള നാളികേര കര്‍ഷകനായ ചന്ദ്രന്‍ നായര്‍ പറയുന്നു

നാളികേര വിലയും വെളിച്ചെണ്ണ വിലയും ഉയര്‍ന്നത് കുടുംബ ബജറ്റിലും പ്രകടമായിത്തുടങ്ങി. ഹോട്ടലുകളും വിലവര്‍ദ്ധനവിനുള്ള പുറപ്പാടിലാണ്. നാളികേരളം കിലോ തൂക്കത്തിന് വില നിശ്ചയിക്കുന്നതിനാല്‍ അമിതലാഭം ലക്ഷ്യമിട്ട് വെള്ളം കൂടുതലുള്ള വിളയാത്ത നാളികേരവും വിപണിയില്‍ എത്തുന്നുണ്ട്.

Comments

comments

Categories: More, Slider