ടിവിഎസ് മാര്‍ക്കറ്റിംഗ് വിഭാഗം പുന:സംഘടിപ്പിച്ചു

ടിവിഎസ് മാര്‍ക്കറ്റിംഗ് വിഭാഗം പുന:സംഘടിപ്പിച്ചു

മുംബൈ : ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ വിപണന വിഭാഗം പുന:സംഘടിപ്പിച്ചു. ഹീറോ മോട്ടോകോര്‍പ്പിനെയും ബജാജ് ഓട്ടോയെയും ശക്തമായി വെല്ലുവിളിക്കാനാണ് ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ പുറപ്പാട്. ടിവിഎസ്സിന്റെ ഏറ്റവും വിലയേറിയ ബൈക്കായ അപ്പാച്ചെ ആര്‍ആര്‍ 310 പുറത്തിറക്കുന്നതിന് മുമ്പാണ് മാര്‍ക്കറ്റിംഗ് ഡിവിഷനെ ഉപ വിഭാഗങ്ങളാക്കുന്നതിന് ടിവിഎസ് തീരുമാനിച്ചത്. വിപണന വിഭാഗത്തിനുകീഴിലെ ഒരു ഡിവിഷന്‍ പ്രീമിയം ബൈക്കുകളിലും അന്തര്‍ദേശീയ വിപണികളിലും ശ്രദ്ധ കേന്ദ്രീകരിക്കും. മറ്റൊരു മാര്‍ക്കറ്റിംഗ് ഉപവിഭാഗം മാസ്-മാര്‍ക്കറ്റ് മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും മോപഡുകളും കൈകാര്യം ചെയ്യും.

പ്രീമിയം ഇരുചക്ര വാഹനങ്ങള്‍, അന്തര്‍ദേശീയ ബിസിനസ്, ടിവിഎസ് റേസിംഗ് എന്നിവയുടെ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റായി അരുണ്‍ സിദ്ധാര്‍ത്ഥിനെ നിയമിച്ചു

മോട്ടോര്‍സൈക്കിള്‍സ് വിഭാഗം വൈസ് പ്രസിഡന്റായിരുന്ന അരുണ്‍ സിദ്ധാര്‍ത്ഥിനെ പ്രീമിയം ഇരുചക്ര വാഹനങ്ങള്‍, അന്തര്‍ദേശീയ ബിസിനസ്, ടിവിഎസ് റേസിംഗ് എന്നിവയുടെ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റായി നിയമിച്ചു. സ്‌കൂട്ടറുകള്‍, കോര്‍പ്പറേറ്റ് ബ്രാന്‍ഡ് എന്നിവയുടെ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റായ അനിരുദ്ധ ഹല്‍ദാറിന് മാസ്-മാര്‍ക്കറ്റ് മോട്ടോര്‍സൈക്കിളുകളുടെ അധികചുമതല നല്‍കി.

മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റായ അനിരുദ്ധ ഹല്‍ദാറിന് സ്‌കൂട്ടറുകള്‍, കോര്‍പ്പറേറ്റ് ബ്രാന്‍ഡ് എന്നിവയുടെ കൂടെ മാസ്-മാര്‍ക്കറ്റ് മോട്ടോര്‍സൈക്കിളുകളുടെ അധികചുമതല

പുതിയ ‘ബിഗ് ബൈക്ക്’ പുറത്തിറക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് പുന:സംഘടന നടത്തിയത്. ബിഎംഡബ്ല്യുവിന്റെ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച അപ്പാച്ചെ ആര്‍ആര്‍ 310 ടിവിഎസ്സിന്റെ പുതിയ ഫഌഗ്ഷിപ്പ് മോട്ടോര്‍സൈക്കിളാണ്. ഉയര്‍ന്ന വിലയുള്ള സ്‌പോര്‍ട്‌സ് ബൈക്കുകളുടെ സെഗ്‌മെന്റ് നിലവില്‍ വളരെ ചെറുതാണെങ്കിലും വലിയ വളര്‍ച്ചാ സാധ്യതകള്‍ മുന്നില്‍ കാണുന്നതായി അരുണ്‍ സിദ്ധാര്‍ത്ഥ് പറഞ്ഞു. ആദ്യ വര്‍ഷം പതിനായിരം അപ്പാച്ചെ ആര്‍ആര്‍ 310 വില്‍ക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

മോപഡ് സെഗ്‌മെന്റില്‍ ലീഡറും സ്‌കൂട്ടര്‍ വിപണിയില്‍ രണ്ടാമത്തെ വലിയ കമ്പനിയുമായ ടിവിഎസ് അപ്പാച്ചെയിലൂടെ വിപണി വിഹിതം ക്രമമായി വര്‍ധിപ്പിക്കുകയാണ്. 150-250 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ നിലവില്‍ 38 ശതമാനമാണ് ടിവിഎസ്സിന്റെ വിപണി വിഹിതം. ഈ സെഗ്‌മെന്റില്‍ ബജാജ് പള്‍സറിന് തൊട്ടുപിറകേയാണ് അപ്പാച്ചെ. പത്ത് ശതമാനത്തിലധികമാണ് സെഗ്‌മെന്റ് കൈവരിക്കുന്ന വളര്‍ച്ച. കഴിഞ്ഞ 3-4 വര്‍ഷമായി ടിവിഎസ് മോട്ടോര്‍ സ്വന്തമാക്കുന്നതാകട്ടെ 20 ശതമാനത്തിലധികം വളര്‍ച്ചയും.

രാജ്യത്തെ 40 നഗരങ്ങളിലെ 52 ഔട്ട്‌ലെറ്റുകളില്‍ ടിവിഎസ് പെര്‍ഫോമന്‍സ് സോണ്‍ ഒരുക്കിയിട്ടുണ്ട്. പൂര്‍ണ്ണമായും ഡിജിറ്റല്‍ വിപണന തന്ത്രങ്ങളാണ് ടിവിഎസ് മോട്ടോര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. പത്രങ്ങളെയും ടെലിവിഷന്‍ ചാനലുകളെയും ആശ്രയിക്കുന്നത് കുറച്ചു.

Comments

comments

Categories: Auto