ലോക സമ്പന്നരുടെ മൊത്തം ആസ്തിയില്‍ 1 ട്രില്യണ്‍ ഡോളറിന്റെ വര്‍ധന

ലോക സമ്പന്നരുടെ മൊത്തം ആസ്തിയില്‍ 1 ട്രില്യണ്‍ ഡോളറിന്റെ വര്‍ധന

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ചൈനീസ് സമ്പന്നര്‍

ന്യൂഡെല്‍ഹി: ഭൂമിയിലെ അതിസമ്പന്നരായ ആസ്തിയില്‍ ഈ വര്‍ഷം മൊത്തം ഒരു ട്രില്യണ്‍ ഡോളറിന്റെ വര്‍ധനയയുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ലോകത്തിലെ സമ്പന്നരുടെ ആസ്തിയിലുണ്ടായ നേട്ടത്തേക്കാള്‍ നാല് മടങ്ങ് കൂടുതലായിരിക്കും ഇതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. ബ്ലൂംബെര്‍ഗ് ബില്യനേയര്‍ സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്തിലെ 500 അതിമ്പന്നരായ ആളുകളുടെ സമ്പത്തില്‍ 23 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. എംഎസ്‌സിഐ വേള്‍ഡ് ഇന്‍ഡക്‌സിലും സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പൂവേഴ്‌സ് 500 ഇന്‍ഡക്‌സിലും 20 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.

ആമസോണ്‍ ഡോട്ട് കോം ഇന്‍ക് സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തിയിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായിട്ടുള്ളത്. 34.2 ബില്യണ്‍ ഡോളറിന്റെ നേട്ടമാണ് ബെസോസിന്റെ സമ്പത്തില്‍ ഈ വര്‍ഷം കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഇതോടെ ഇതുവരെ ലോകത്തിലെ ഏറ്റവും സമ്പന്നനായിരുന്ന മൈക്രോസോഫ്റ്റ് കോര്‍പ്പ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പുറകിലായി. 2013 മുതല്‍ ലോക സമ്പന്നരില്‍ ഒന്നാമനായിരുന്നു ബില്‍ ഗേറ്റ്‌സ്.
സമ്പത്തില്‍ അധിക വിഹിതം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചെലവഴിക്കുന്നതും ബില്‍ ഗേറ്റ്‌സ് ആണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനു വേണ്ടി 4.6 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്‌സ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇതുവരെയുള്ള കണക്കനുസരിച്ച് 91.3 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ മൊത്തം ആസ്തി. അതേസമയം 99.6 ബില്യണ്‍ ഡോളറിന്റെ സമ്പത്താണ് ജെഫ് ബെസോസിന് ഇപ്പോഴുള്ളത്. നവംബര്‍ അവസാനത്തെ കണക്കനുസരിച്ച് 100 ബില്യണ്‍ ഡോളറായിരുന്നു ബെസോസിന്റെ ആസ്തി. അതേസമയം അമേരിക്കന്‍ നിക്ഷേപകനായ ജോര്‍ജ് സോറോസ് ബ്ലൂംബെര്‍ഗ് ബില്യനേയര്‍ റാങ്കിംഗില്‍ 195ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.

ബ്ലൂംബെര്‍ഗ് ഇന്‍ഡക്‌സിലെ 38 ചൈനീസ് ശതകോടീശ്വരന്മാര്‍ ഈ വര്‍ഷം മൊത്തം 177 ബില്യണ്‍ ഡോളറിന്റെ സമ്പത്താണ് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. 49 രാജ്യങ്ങളില്‍ നിന്നുള്ള സമ്പന്നരില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ചൈനീസ് സമ്പന്നരാണെന്നും ബ്ലൂംബെര്‍ഗ് നിരീക്ഷിക്കുന്നു. ചൈന എവര്‍ഗ്രാന്‍ഡ് ഗ്രൂപ്പ് ഡെവലപ്പര്‍ ഹ്യൂ കാ യാന്‍ 25.9 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഈ വര്‍ഷം കൂട്ടിച്ചേര്‍ത്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ സമ്പത്തില്‍ 350 ശതമാനം വര്‍ധനയുണ്ടായി. ജെഫ് ബെസോസ് കഴിഞ്ഞാല്‍ ഹ്യൂ കാ യാനിന്റെ ആസ്തിയിലാണ് കൂടുതല്‍ വര്‍ധനയുണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: Slider, Top Stories