ഹോട്ടല്‍ നിര്‍മാണത്തിന്1500 കോടി സമാഹരിക്കാന്‍ ഐടിപിഒ

ഹോട്ടല്‍ നിര്‍മാണത്തിന്1500 കോടി സമാഹരിക്കാന്‍ ഐടിപിഒ

പ്രഗതി മൈതാനിലെ നിര്‍ദ്ദിഷ്ട എക്‌സിബിഷന്‍- കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഭാഗമായാണ് ഹോട്ടല്‍ നിര്‍മിക്കുക

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്തെ ഹോട്ടല്‍ പദ്ധതിക്കുവേണ്ടി 1500 കോടി രൂപ സമാഹരിക്കാന്‍ വാണിജ്യ മന്ത്രാലയത്തിനു കീഴിലെ ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ (ഐടിപിഒ) തയാറെടുക്കുന്നു. വായ്പകളിലൂടെയും ഡെല്‍ഹി പ്രഗതി മൈതാനിലെ ഭൂമിയുടെ ഒരു ഭാഗം ഉപയോഗിച്ചും ധന ശേഖരണം നടത്താനാണ് ഐടിപിഒയുടെ നീക്കം.

പ്രഗതി മൈതാനിലെ നിര്‍ദ്ദിഷ്ട എക്‌സിബിഷന്‍- കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഭാഗമായാണ് ഹോട്ടല്‍ നിര്‍മിക്കുക. ഹോട്ടല്‍ നിര്‍മാണത്തിനുള്ള പണം കണ്ടെത്താന്‍ 3.7 ഏക്കര്‍ ഭൂമി ഉപയോഗിക്കുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വായ്പകളിലൂടെയോ ഭൂമി പാട്ടത്തിനു കൊടുത്തോ മറ്റു മാര്‍ഗങ്ങളിലൂടെയോ 1500 കോടി രൂപയോളം സമാഹരിക്കുമെന്ന് ഐടിപിഒ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എല്‍ സി ഗോയല്‍ പറഞ്ഞു.

പദ്ധതിക്ക് 2254 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍ ചരക്കു സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വന്നതിനാല്‍ ചെലവ് ഏതാണ്ട് 2700 കോടി രൂപയോളമാകുമെന്ന് ഐടിപിഒ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പദ്ധതിക്കു വേണ്ടി 1200 കോടി രൂപ ഐടിപിഒ കരുതല്‍ നിക്ഷേപത്തില്‍ നിന്നു നല്‍കും. അവശേഷിക്കുന്ന തുകയ്ക്കായാണ് നിക്ഷേപ സമാഹരണം നടത്തുന്നത്.

2019 സെപ്റ്റംബറോടെ കണ്‍വെന്‍ഷന്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഹോട്ടല്‍ നിര്‍മാണം പൂര്‍ത്തിയാകാന്‍ അതിലും സമയമെടുക്കും. ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പാണ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ പുനര്‍ വികസന കരാര്‍ സ്വന്തമാക്കിയത്. 7000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാനാണ് തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന കണ്‍വെന്‍ഷന്‍ സെന്ററായ വിജ്ഞാന്‍ ഭവനേക്കാള്‍ അഞ്ചിരട്ടി ശേഷി ഇതിനുണ്ടാകും.

Comments

comments

Categories: Business & Economy

Related Articles