ഭാരത് മാല പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് വലിയ അവസരം: ഐക്ര

ഭാരത് മാല പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് വലിയ അവസരം: ഐക്ര

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രധാനനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത ഭാരത്മാല പദ്ധതി നിക്ഷേപകര്‍ക്ക് വലിയ അവസരങ്ങളാണ് ഒരുക്കുന്നതെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്ര. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിലെ സമയനിഷ്ടയും കൃത്യമായ ഫണ്ടിംഗും അനുസരിച്ചായിരിക്കും പദ്ധതിയുടെ വിജയമെന്നും ഐക്ര പറയുന്നു.

ഈ വര്‍ഷം ഒക്‌റ്റോബറിലാണ് ഭാരത്മാല പരിയോജന പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മാണത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത്. 24,800 കിലോമീറ്റര്‍ ദേശീയ പാത വികസനമാണ് ഭാരത്മാല പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നിലവിലുള്ള മാര്‍ഗരേഖ അനുസരിച്ച് പദ്ധതി നടപ്പാക്കുകയാണെങ്കില്‍ രാജ്യത്ത് മൊത്തത്തിലുള്ള മാറ്റം സാധ്യമാക്കാനുള്ള ശേഷി ഭാരത് മാല പ്രോഗ്രാമിനുണ്ടെന്ന് ഐക്ര പറയുന്നു. മുന്‍ കാലങ്ങളില്‍ സ്വീകരിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും ഐക്ര ചൂണ്ടിക്കാട്ടി.

17 വര്‍ഷംകൊണ്ട് രാജ്യത്ത് 26,255 കിലോ മീറ്റര്‍ ദേശീയ പാതാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദേശീയപാതാ വികസന പദ്ധതി വഴി നടപ്പാക്കിയിട്ടുണ്ടെന്ന് ഐക്ര കോര്‍പ്പറേറ്റ് റേറ്റിംഗ്‌സ് സെക്റ്റര്‍ മേധാവിയും വൈസ് പ്രസിഡന്റുമായ ശുബം ജെയ്ന്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന കാലതാമസമാണ് റോഡ് വികസന പദ്ധതികള്‍ക്ക് പ്രധാന തടസമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 80 ശതമാനത്തോളം പദ്ധതികളും വൈകുന്നത് നടപടിക്രമങ്ങളിലെ പിഴവ് കാരണമാണെന്നും ഇത് നിര്‍മാണ അതോറിറ്റിയുടെ ഉത്തരവാദിത്തമാണെന്നും ഐക്ര ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories