ഹോണ്ട ഇന്ത്യയില്‍ ലിഥിയം അയണ്‍ ബാറ്ററി പ്ലാന്റ് സ്ഥാപിക്കും

ഹോണ്ട ഇന്ത്യയില്‍ ലിഥിയം അയണ്‍ ബാറ്ററി പ്ലാന്റ് സ്ഥാപിക്കും

ഇന്ത്യയില്‍ ഏതുതരം ഇലക്ട്രിക് വാഹനങ്ങളാണ് നിര്‍മ്മിക്കേണ്ടതെന്ന കാര്യത്തില്‍ ഹോണ്ട ഇന്ത്യ തീരുമാനമെടുക്കും

ന്യൂഡെല്‍ഹി : ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡ് ഇന്ത്യയില്‍ ലിഥിയം അയണ്‍ ബാറ്ററി പ്ലാന്റ് സ്ഥാപിച്ചേക്കും. രാജ്യത്തെ വളര്‍ന്നുവരുന്ന ഇലക്ട്രിക് വാഹന വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ബിസിനസ് മൂവ് ആണിത്. ഇന്ത്യയില്‍ ഏതുതരം ഇലക്ട്രിക് വാഹനങ്ങളാണ് നിര്‍മ്മിക്കേണ്ടതെന്ന കാര്യത്തില്‍ അനുബന്ധ കമ്പനിയായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് തീരുമാനമെടുക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ഈയിടെ ചേര്‍ന്ന ഹോണ്ട ഇന്ത്യ ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്. അന്തിമ തീരുമാനം വൈകില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ എത്ര രൂപയുടെ നിക്ഷേപം നടത്തുമെന്ന് അധികൃതര്‍ വെളിപ്പെടുത്തിയില്ല. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടയുടെ ഇലക്ട്രിക് വാഹന തന്ത്രം രൂപപ്പെടുത്തുന്നതിന് മാതൃ കമ്പനിയായ ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡിന്റെ സജീവ ഇടപെടലുണ്ടെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് ജ്ഞാനേശ്വര്‍ സെന്‍ പറഞ്ഞു.

2030 ഓടെ രാജ്യത്തെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം മതിയെന്നാണ് എന്‍ഡിഎ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇലക്ട്രിക് വാഹന രാജ്യമാകുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ആഗോള ഉടമ്പടിയനുസരിച്ച് ഹരിതഗൃഹ വാതക ബഹിര്‍ഗമനം കുറയ്ക്കാമെന്നും എണ്ണ ഇറക്കുമതിക്കായി ഭീമമായ തുക ചെലവഴിക്കുന്നത് കുറയ്ക്കാമെന്നും മോദി സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. 2030 ഓടെ എണ്ണ ഇറക്കുമതിക്കായി ഇന്ത്യ വര്‍ഷം തോറും 300 ബില്യണ്‍ ഡോളര്‍ വകയിരുത്തേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ ചെലവഴിക്കുന്നതിന്റെ ഇരട്ടി.

2030 ഓടെ കമ്പനിയുടെ ആകെ വില്‍പ്പനയുടെ 65 ശതമാനം ഇലക്ട്രിക് കാറുകളായിരിക്കുമെന്ന് ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 15 ശതമാനം ഓള്‍-ഇലക്ട്രിക് ആകുമ്പോള്‍ ബാക്കി ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഫ്യൂവല്‍-സെല്‍ വാഹനങ്ങളായിരിക്കും. നിലവില്‍ ഹോണ്ട ഗ്രൂപ്പിന്റെ ആകെ വാഹന വില്‍പ്പന പരിഗണിക്കുമ്പോള്‍ യുഎസ്, ചൈന, ജപ്പാന്‍ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ നാലാമത്തെ വലിയ വിപണിയാണ് ഇന്ത്യ.

ഗുജറാത്തില്‍ ലിഥിയം അയണ്‍ ബാറ്ററി മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിന് സുസുകി തീരുമാനിച്ചിട്ടുണ്ട്

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ഹോണ്ട അധികൃതര്‍ പറഞ്ഞു. ബ്രിയോ ഹാച്ച്ബാക്കിന്റെ പ്ലാറ്റ്‌ഫോമിലായിരിക്കും ഇന്ത്യയില്‍ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുന്നത്.

തോഷിബ, ഡെന്‍സോ കമ്പനികളുമായി ചേര്‍ന്ന് ഗുജറാത്തില്‍ ലിഥിയം അയണ്‍ ബാറ്ററി മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്നതിന് സുസുകി തീരുമാനിച്ചിട്ടുണ്ട്. ഉയര്‍ന്ന ജിഎസ്ടി നിരക്ക് കാരണം ഇന്ത്യയുടെ കാര്യത്തില്‍ ഹൈബ്രിഡ് വാഹന സാങ്കേതികവിദ്യ ഇനി ഉപയോഗിക്കേണ്ടെന്ന് ഹോണ്ട ഇന്ത്യ തീരുമാനിച്ചിരുന്നു. നേരത്തെ കാമ്‌റി പ്രീമിയം സെഡാന്റെ ഹൈബ്രിഡ് വേരിയന്റ് വില്‍ക്കുന്നത് ടൊയോട്ട അവസാനിപ്പിച്ചിരുന്നു.

Comments

comments

Categories: Auto