30,000 കോടി രൂപയുടെ നിക്ഷേപമാകര്‍ഷിക്കാന്‍ ആന്ധ്ര

30,000 കോടി രൂപയുടെ നിക്ഷേപമാകര്‍ഷിക്കാന്‍ ആന്ധ്ര

മൂലധന സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കും

ന്യൂഡെല്‍ഹി : ഇലക്ട്രിക് വാഹന മേഖലയില്‍ മുപ്പതിനായിരം കോടി രൂപയുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി വാഹന നിര്‍മ്മാതാക്കള്‍ക്കും ചാര്‍ജിംഗ് ഉപകരണ നിര്‍മ്മാതാക്കള്‍ക്കും മൂലധന സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കും. ഇലക്ട്രിക് വാഹന രാജ്യമാകുകയെന്ന കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യവുമായി സര്‍വ്വാത്മനാ സഹകരിക്കുകയാണ് ആന്ധ്ര സര്‍ക്കാര്‍.

അതിവേഗ സര്‍ക്കാര്‍ അനുമതികള്‍ ആന്ധ്ര പ്രദേശിനെ ഉത്തമ മാനുഫാക്ച്ചറിംഗ് ഹബ്ബാക്കി മാറ്റുകയാണെന്ന് സംസ്ഥാന വ്യവസായ-വാണിജ്യ സെക്രട്ടറി സോളമന്‍ ആരോഗ്യരാജ് പറഞ്ഞു. രാജ്യത്തെ ഇലക്ട്രിക് മൊബിലിറ്റി ഹബ്ബ് എന്ന പേരിലും വളരാനാണ് ആന്ധ്ര ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമി, വൈദ്യുതി എന്നിവ സംബന്ധിച്ച് ഇളവുകള്‍, സ്‌റ്റേറ്റ് ജിഎസ്ടി പൂര്‍ണ്ണമായും തിരിച്ചുകൊടുക്കുക, ഇവി ബാറ്ററി ഉല്‍പ്പാദിപ്പിക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങള്‍ എന്നിവയും ആന്ധ്ര സര്‍ക്കാര്‍ ഓഫര്‍ ചെയ്യും. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് പരമാവധി നിക്ഷേപം ആകര്‍ഷിക്കാന്‍ തന്നെയാണ് എന്‍ ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ പരിപാടി.

അടുത്ത മാസത്തോടെ ഇലക്ട്രിക് വാഹന നയം കൊണ്ടുവരും

ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നികുതി, റോഡ് നികുതി എന്നിവ ഒഴിവാക്കുക, കമ്പനികള്‍ക്ക് മൂന്നുചക്ര വാഹന സര്‍വീസ് നടത്തുന്നതിന് ലൈസന്‍സ് അനുവദിക്കുക, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ചുമത്തുക, ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നതിന് സ്ത്രീകള്‍ക്കും പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും പ്രത്യേക പദ്ധതികള്‍ അവതരിപ്പിക്കുക എന്നിവയും ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ പരിഗണിക്കുന്നതായി സോളമന്‍ ആരോഗ്യരാജ് പറഞ്ഞു. അടുത്ത മാസത്തോടെ ഇലക്ട്രിക് വാഹന നയം കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിക്കുന്നു.

Comments

comments

Categories: Auto