‘ജനസംഖ്യാ വര്‍ധന മുന്നില്‍ കണ്ടുകൊണ്ടാവണം വികസന പദ്ധതികള്‍’

‘ജനസംഖ്യാ വര്‍ധന മുന്നില്‍ കണ്ടുകൊണ്ടാവണം വികസന പദ്ധതികള്‍’

കേരളത്തിന്റെ തനത് മേഖലകളില്‍ ശ്രദ്ധ ചെലുത്താതെ ഐടി രംഗത്തിന് പിന്നാലെ പോകുകയാണ് നാം-ജി എ ബാലകൃഷ്ണന്‍

കൊച്ചി: സംസ്ഥാനത്ത് ആവിഷ്‌കരിക്കുന്ന വികസന പദ്ധതികള്‍ 15 വര്‍ഷമെങ്കിലും മുന്‍കൂട്ടി കണ്ടുള്ളതാവണമെന്ന് ഭൂമി നാച്ചുറല്‍ പ്രോഡക്സ്റ്റ്‌സ് ആന്‍ഡ് എക്‌സ്‌പോര്‍ട്ടസ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ജി എ ബാലകൃഷ്ണന്‍. കാലങ്ങളായി കേരളം കേട്ടുകൊണ്ടിരിക്കുന്ന പരാതിയാണ് വ്യവസായത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമെന്നത്. സര്‍ക്കാരുകള്‍ മാറി മാറി വന്നിട്ടും ശ്രദ്ധേയമായ വികസനപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടും അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ നാം ഏറെ പിന്നിലാണ്. മികച്ച വ്യാവസായിക ആശയങ്ങള്‍ ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല, അത് മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനാവശ്യമായ ഭൗതിക-സാമൂഹ്യ സാഹചര്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിയണം. വികസനത്തിന്റെ ആദ്യ പാടി ആരംഭിക്കുന്നത് അവിടെ നിന്നാണ്-ബാലകൃഷ്ണന്‍ പറയുന്നു.

പ്രകൃതി വിഭവങ്ങളാല്‍ അനുഗ്രഹീതമായ നാടാണ് കേരളം. ഏറ്റവും മികച്ച രീതിയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടാവുന്ന മറൈന്‍ വ്യവസായങ്ങള്‍, പ്ലാന്റേഷനുകള്‍ എന്നിവ കേരളത്തിന്റെ പ്രത്യേകതയാണ്. എന്നാല്‍ കണ്‍മുന്നില്‍ സ്വന്തമായുള്ള ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കാതെ ഐടി രംഗത്താണ് സംസ്ഥാനം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.

15 വര്‍ഷമെങ്കിലും മുന്‍കൂട്ടി കണ്ടുകൊണ്ട് പദ്ധതികള്‍ ആവിഷ്‌കരിക്കണം

ടൂറിസം എക്കാലത്തും മികച്ച സാധ്യതകളുള്ള മേഖലയാണ്. എന്നാല്‍ പല വിനോദസഞ്ചാരകേന്ദ്രങ്ങളും വേണ്ട രീതിയില്‍ മാര്‍ക്കറ്റ് ചെയ്‌തെടുക്കാന്‍ ഇന്നും നമുക്ക് സാധിച്ചിട്ടില്ല. ജനസംഖ്യാ വര്‍ധന കണക്കിലെടുത്തുള്ള വികസന പദ്ധതികളാണ് കേരളത്തിന് അനിവാര്യമായിട്ടുള്ളത്. അതും കുറഞ്ഞത് 15 വര്‍ഷമെങ്കിലും മുന്‍കൂട്ടി കണ്ടുകൊണ്ട് പദ്ധതികള്‍ ആവിഷ്‌കരിക്കണം-ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു

തുടര്‍ച്ചയില്ലാത്തതാണ് പദ്ധതികള്‍ പരാജയപ്പെടുന്നതിനുള്ള പ്രധാനകാരണം. മാറി മാറി വരുന്ന സര്‍ക്കാരുകളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് പദ്ധതികള്‍ നിശ്ചയിക്കുകയും നടപ്പാക്കുകയും ചെയ്യുന്നത്. ഏത് പദ്ധതി നടപ്പില്‍ വന്നാലും നിശ്ചിത കാലയളവില്‍ പദ്ധതി നടത്തിപ്പ് വിലയിരുത്തി വേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് പുറത്തുനിന്നും നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ പലപ്പോഴും വിലങ്ങുതടിയാകുന്നത് ഇവിടത്തെ വികസന വിരുദ്ധ നയങ്ങളും ഹര്‍ത്താലുകളും സമരങ്ങളും ഒക്കെയാണ്. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ വ്യാവസായിക വികസനം പിന്നോട്ട് പോകുന്നതിനുള്ള കാരണവും ഇത് തന്നെ. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ വികസനമാണ് നമ്മുടെ നാടിന് അനിവാര്യം.

മെട്രോ വന്നപ്പോള്‍ നാടും നഗരവും വികസിച്ചു, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ വരുംകാല സാധ്യതകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള വികസനം ആയിരുന്നില്ല അത്. മെട്രോ എന്നത് ഇന്നിന്റെ ആവശ്യമാണ്. ജനങ്ങള്‍ ഒരിക്കലും വികസന വിരോധികളാണെന്ന് കരുതുന്നില്ലെന്നും ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories