ട്രേഡ്മാര്‍ക്ക് രജിസ്ട്രി ഓഫീസുകള്‍ക്കെതിരെ നിയമയുദ്ധത്തിനൊരുങ്ങി അമുല്‍

ട്രേഡ്മാര്‍ക്ക് രജിസ്ട്രി ഓഫീസുകള്‍ക്കെതിരെ നിയമയുദ്ധത്തിനൊരുങ്ങി അമുല്‍

ന്യൂഡെല്‍ഹി: അമുലിന്റേതിനു സാമ്യമുള്ള രീതിയില്‍ എഴുതുന്നതോ അതേ രീതിയില്‍ ഉച്ചാരണം വരുന്നതോ ആയ പേരുകള്‍ മറ്റുല്‍പ്പന്നങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിനെതിരെ അമൂല്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നു. രാജ്യത്തെ അഞ്ച് ട്രേഡ്മാര്‍ക്ക് രജിസ്ട്രി ഓഫീസുകള്‍ക്കെതിരെയാണ് അമൂല്‍ നിയമയുദ്ധത്തിന് തയാറെടുക്കുന്നത്. ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ രജിസ്ട്രി ഓഫീസുകള്‍ക്കെതിരെ അമുല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം.

അമുല്‍ ഡയറിയും ഗുജറാത്ത് കോര്‍പ്പറേറ്റിവ് മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡും (ജിസിഎംഎംഎഫ്) ചേര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പരസ്യം ചെയ്യുന്നതിന് അമുല്‍ ബ്രാന്‍ഡ് നാമത്തെ അനുകരിക്കുന്നതായും പരാതിയില്‍ പറയുന്നു. ഇത്തരം അനുകരണങ്ങളുള്ള പരസ്യങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന് രജിസ്ട്രി ഓഫീസുകളോട് അമൂല്‍ ആവശ്യപ്പെട്ടിരുന്നു. 2013ല്‍ പശ്ചിമബംഗാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാല്‍ സഹകരണ യൂണിയന്‍ ഇമുല്‍ എന്ന ബ്രാന്‍ഡ് നാമം ഉപയോഗിക്കുന്നത് അമൂല്‍ നിയമപരമായി തടഞ്ഞിരുന്നു. ബ്രാന്‍ഡിന്റെയും ലോഗോയുടെയും സാമ്യം ചൂണ്ടിക്കാട്ടി അമുല്‍ ട്രാക്‌റ്റേഴ്‌സ്, അമുല്‍ ഹോസിയറി തുടങ്ങിയ കമ്പനികള്‍ക്കെതിരെയും അമൂല്‍ നിയമ പേരാട്ടം നടത്തുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.

ഗുജറാത്തിലെ പാല്‍ സഹകരണ പ്രസ്ഥാനവുമായും ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വര്‍ഗീസ് കുര്യനുമായും അഭേദ്യമായ ബന്ധമുള്ള പേരാണ് അമൂല്‍. കയ്‌ര ഡിസ്ട്രിക് കോ-ഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് (കെഡിസിഎംപിയു) അഥവാ അമുല്‍ ഡയറിക്കാണ് ഈ ട്രേഡ്മാര്‍ക്കിന്റെ ഉടമസ്ഥാവകാശം. 1973ലാണ് അമുല്‍ ബ്രാന്‍ഡിനു കീഴില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനു വേണ്ടി ഗുജറാത്ത് കോര്‍പ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് ഈ പേര് ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കുന്നത്. ആറ് സഹകരണസംഘങ്ങള്‍ ചേര്‍ന്നാണ് ജിസിഎംഎംഎഫ് രൂപീകരിച്ചത്.
ജിസിഎംഎംഎഫിനു കീഴില്‍ നിലവില്‍ 17 പാല്‍ സഹകരണസംഘങ്ങളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 27,085 കോടി രൂപയുടെ വില്‍പ്പനയാണ് ജിസിഎംഎംഎഫ് രേഖപ്പെടുത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന മൂല്യം 18 ശതമാനം വര്‍ധിച്ചു. പാലിനുപുറമെ ഐസ്‌ക്രീം, ചീസ്, ചോക്കലേറ്റ്‌സ്, ഹെല്‍ത്ത് ഡ്രിങ്ക്‌സ്, നെയ്യ്, പനീര്‍ തുടങ്ങിയ പാലുല്‍പ്പന്നങ്ങളും അമുല്‍ വില്‍പ്പന നടത്തുന്നുണ്ട്.

Comments

comments

Categories: Business & Economy