മരുന്ന് വില കുറച്ചത് സ്വാഗതാര്‍ഹം

മരുന്ന് വില കുറച്ചത് സ്വാഗതാര്‍ഹം

92 മരുന്നുകള്‍ കൂടി വിലനിയന്ത്രണ പട്ടികയില്‍ ഏര്‍പ്പെടുത്തിയ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്

ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട മേഖലയാണ് ആരോഗ്യം. ഈ രംഗത്ത് ജനങ്ങള്‍ ബുദ്ധിമുട്ടേണ്ടി വരുന്നത് വികസനമെന്ന സങ്കല്‍പ്പത്തെ പോലും നിരര്‍ത്ഥകമാക്കുന്നു. എന്നാല്‍ പലപ്പോഴും ഫാര്‍മ ലോബിയുടെ നിയന്ത്രണത്തില്‍ പെട്ട ആരോഗ്യ മേഖലയില്‍ മരുന്നുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് വില വലിയ പ്രശ്‌നമാകാറുണ്ട്. ആശുപത്രികള്‍ നല്‍കുന്ന സേവനത്തിന്റെ ഗുണനിലവാരം മറ്റൊരു വിഷയം.

ഈ പശ്ചാത്തലത്തില്‍ സാധാരണക്കാരെ സംബന്ധിച്ച് ഏറെ ഉപകാരപ്രദമായ തീരുമാനമാണ് 92 മരുന്നുകളെ കൂടി വിലനിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ തീരുമാനം. അര്‍ബുദം, പ്രമേഹം, രക്തസമ്മര്‍ദ്ദം, അണുബാദ തുടങ്ങി വിവിധ രോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകള്‍ ഈ പട്ടികയില്‍ വരുമെന്നത് ആശ്വാസകരമാണ്.

അടുത്തിടെ 65 മരുന്നുകളുടെ വില കുറച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ മരുന്നുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യരംഗത്ത് ഇനിയും കാര്യമാത്രപ്രസക്തമായ നിരവധി ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. ഏറ്റവും കൂടുതല്‍ കൃത്യവിലോപത്തിനും വാണിജ്യവല്‍ക്കരണത്തിനും വിധേയമാകുന്ന രംഗമാണിത്. ശരിയായ നിയന്ത്രണങ്ങളില്ലാത്തതും ഉള്ള നിയമങ്ങള്‍ പാലിക്കപ്പെടാതെ ഇരിക്കുന്നതുമാണ് ആരോഗ്യസേവന മേഖലയിലെ പ്രധാന പ്രശ്‌നം. ന്യൂഡെല്‍ഹിയില്‍ അടുത്തിടെ ഒരു സ്വകാര്യ ആശുപത്രിയുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കിയ പോലുള്ള സംഭവങ്ങള്‍ ഉദാഹരണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ക്രിയാത്മകമായ ഇടപെടലുകള്‍ അനിവാര്യമാണ് ഈ മേഖലയുടെ ശുദ്ധീകരണത്തിന്.

Comments

comments

Categories: Editorial, Slider