ഓട്ടോമൊബീല്‍ മേഖലയുടെ ശക്തി രണ്ടും മൂന്നും നിര നഗരങ്ങളെന്ന് സിയാം

ഓട്ടോമൊബീല്‍ മേഖലയുടെ ശക്തി രണ്ടും മൂന്നും നിര നഗരങ്ങളെന്ന് സിയാം

ഓട്ടോമൊബീല്‍ വ്യവസായം സാമ്പത്തിക വര്‍ഷം ഇതുവരെ 9-10 ശതമാനം വളര്‍ച്ച കൈവരിച്ചതായി സിയാം

ഹൈദരാബാദ് : ചരക്ക് സേവന നികുതി, നോട്ട് അസാധുവാക്കല്‍ എന്നിവ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഓട്ടോമൊബീല്‍ വ്യവസായം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 9-10 ശതമാനം വളര്‍ച്ച കൈവരിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7-8 ശതമാനമായിരുന്നു വളര്‍ച്ച. പ്രധാനമായും രണ്ടും മൂന്നും നിര നഗരങ്ങളിലെ ഉയര്‍ന്ന ഡിമാന്‍ഡാണ് ഈ വളര്‍ച്ച നേടുന്നതിന് സഹായിച്ചത്.

നവംബര്‍ വരെ 9-10 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷം ഈ കണക്കുകള്‍ ഇങ്ങനെതന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിയാം അംഗവും നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ സീനിയര്‍ കോര്‍പ്പറേറ്റ് അഡൈ്വസറുമായ അരുണ്‍ മല്‍ഹോത്ര പറഞ്ഞു. ചെറിയ പട്ടണങ്ങള്‍ അതിവേഗം വളരുന്ന പ്രവണതയാണ് കാണുന്നത്. ദേശീയതലത്തില്‍ 9-10 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചതെങ്കില്‍ ഡെല്‍ഹി, മുംബൈ, ബെംഗളൂരു വിപണികളില്‍ (പ്രധാന മെട്രോകള്‍) ആറ് ശതമാനമായിരുന്നു വളര്‍ച്ച. ചെറു നഗരങ്ങളില്‍ ഇതിനേക്കാള്‍ മികച്ചതാണ് വളര്‍ച്ചാ നിരക്ക്.

ജനങ്ങള്‍ കൂടുതല്‍ ചെലവിടുന്നതും വര്‍ധിച്ച ആഗ്രഹങ്ങളുമാണ് രണ്ടും മൂന്നും നിര നഗരങ്ങളിലെ ശക്തമായ ഡിമാന്‍ഡിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്

ജനങ്ങള്‍ കൂടുതല്‍ ചെലവിടുന്നതും വര്‍ധിച്ച ആഗ്രഹങ്ങളുമാണ് രണ്ടും മൂന്നും നിര നഗരങ്ങളിലെ ശക്തമായ ഡിമാന്‍ഡിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. കൂടുതല്‍ ഫിനാന്‍സ് ഓപ്ഷനുകള്‍ ലഭ്യമാകുന്നതും പ്രധാനമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും രണ്ടും മൂന്നും നിര നഗരങ്ങളില്‍ ശക്തമായ സാന്നിധ്യമാണ്. പാസഞ്ചര്‍ വാഹനങ്ങള്‍ വാങ്ങിയതില്‍ 75 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ വാങ്ങിയതില്‍ 40 ശതമാനവും ധനകാര്യ സ്ഥാപനങ്ങള്‍ ഫിനാന്‍സ് ചെയ്തത് മൂലമാണെന്ന് അരുണ്‍ മല്‍ഹോത്ര പറഞ്ഞു.

വില്‍പ്പനയില്‍ ജിഎസ്ടി വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2018 ഓട്ടോ എക്‌സ്‌പോയുടെ പ്രചാരണാര്‍ത്ഥമാണ് സിയാം സംഘം ഹൈദരാബാദിലെത്തിയത്. ഗ്രേറ്റര്‍ നോയ്ഡയില്‍ 2018 ഫെബ്രുവരി 9 മുതല്‍ 14 വരെയാണ് ഓട്ടോ എക്‌സ്‌പോ അരങ്ങേറുന്നത്.

Comments

comments

Categories: Auto