ലോകത്തിലെ ചെലവേറിയ ആണവോര്‍ജ്ജ നിലയം ബ്രിട്ടനില്‍ രൂപമെടുക്കുന്നു

ലോകത്തിലെ ചെലവേറിയ ആണവോര്‍ജ്ജ നിലയം ബ്രിട്ടനില്‍ രൂപമെടുക്കുന്നു

1995നു ശേഷം ബ്രിട്ടനില്‍ നിര്‍മിക്കുന്ന ആദ്യ ആണവോര്‍ജ്ജ നിലയമാണ് ഹിന്‍ക് ലേ പോയ്ന്റ് സി. 2012 ലണ്ടന്‍ ഒളിംപിക്‌സിനു ചെലവഴിച്ച തുകയേക്കാള്‍ ഇരട്ടിയാണ് ഈ പദ്ധതിക്കു വേണ്ടി മുടക്കുന്നത്. എന്നാല്‍ ഈ പദ്ധതി പ്രവര്‍ത്തനമാരംഭിക്കുമെന്നു പറയുന്ന 2025-ല്‍ ആണവോര്‍ജ്ജ പദ്ധതികള്‍ ഏറെക്കുറെ കാലാഹരണപ്പെട്ടിട്ടുണ്ടാകുമെന്നതാണ് വിരോധാഭാസം.

യൂറോപ്പിലെ ഏറ്റവും വലിയ നിര്‍മാണപ്രദേശമാണ് ഇംഗ്ലണ്ടിലെ സോമര്‍സെറ്റ് തീരത്തുള്ള ഹിന്‍ക് ലേ പോയ്ന്റ് സി. ഇവിടെ 430 ഏക്കറില്‍ പരന്നുകിടക്കുന്ന ചെളിപ്രദേശത്തു മണ്ണുമാന്തി യന്ത്രങ്ങളും, ഉയര്‍ന്നു നില്‍ക്കുന്ന ക്രെയ്‌നുകളും കാണാം. അവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതേ, 1995-നു ശേഷം ബ്രിട്ടനില്‍ ആദ്യ ആണവോര്‍ജ്ജ നിലയം രൂപമെടുക്കുകയാണ്. അത് പൂര്‍ത്തിയായി കഴിയുമ്പോള്‍ ഹിന്‍ക് ലേ പോയ്ന്റ് സി (Hinkley Point C) ലോകത്തിലെ ഏറ്റവും ചെലവേറിയ ഊര്‍ജ്ജ നിലയമായി മാറും. എന്നാല്‍ ആ ഘട്ടത്തിലെത്താന്‍, ഹിന്‍ക് ലേ പോയ്ന്റിനു സാമ്പത്തിക, രാഷ്ട്രീയ, സാങ്കേതിക നൂലാമാലകള്‍ മറികടക്കേണ്ടതുണ്ട്. ഹിന്‍ക് ലേ പോയ്ന്റ് എ, ബി എന്ന പേരിലുള്ള രണ്ട് ആണവ പ്ലാന്റുകള്‍ക്കു സമീപമാണു ഹിന്‍ക് ലേ പോയ്ന്റ് സിയുടെ നിര്‍മാണം പുരോഗമിക്കുന്നത്.

പുനരുല്‍പ്പാദന ഊര്‍ജ്ജ സ്രോതസുകള്‍ക്കു വന്‍ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. മാത്രമല്ല, അവയുടെ ഉല്‍പാദന ചെലവും താരതമ്യേന കുറവാണ്. ഈ സാഹചര്യത്തില്‍ ശതകോടികള്‍ ചെലവഴിച്ച് ആണവോര്‍ജ്ജ നിലയം നിര്‍മിക്കുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്ത് നിരവധി പേര്‍ ബ്രിട്ടനില്‍ രംഗത്തുവന്നിരിക്കുന്നു.

നാല് ദശാബ്ദങ്ങള്‍ക്കു മുമ്പാണു പദ്ധതി ആദ്യം തയാറാക്കിയത്. എന്നാല്‍ പുരോഗതി മന്ദഗതിയിലായിരുന്നു. ഓരോ ഘട്ടത്തിലും രാഷ്ട്രീയക്കാര്‍, അക്കാദമീഷ്യന്മാര്‍, സാമ്പത്തികവിദഗ്ധര്‍ തുടങ്ങിയവരില്‍നിന്നും നിരന്തര എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. പദ്ധതിയുടെ വിമര്‍ശകരില്‍ ചിലര്‍, ഹിന്‍ക് ലേ പോയ്ന്റില്‍ ഉപയോഗിക്കാനിരിക്കുന്ന ന്യൂക്ലിയര്‍ റിയാക്ടര്‍ പ്രവര്‍ത്തിക്കുമോ എന്ന സംശയം വരെ ഉന്നയിക്കുകയുണ്ടായി. ഹിന്‍ക് ലേ പോയ്ന്റില്‍ ഉപയോഗിക്കാന്‍ പോകുന്ന ഇപിആര്‍ ആണവ റിയാക്ടര്‍ പുതിയ ഡിസൈനാണ്. ഇൗ ഡിസൈന്‍ പക്ഷേ, വിവാദപരവുമാണ്. ലോകത്തില്‍ ഒരിടത്തും ഈ ആണവ റിയാക്ടറിന്റെ മാതൃക പ്രവര്‍ത്തിപ്പിച്ചിട്ടില്ല. 2016-ലാണു ഹിന്‍ക് ലേ പദ്ധതിയുടെ കരാറില്‍ ബ്രിട്ടന്‍ ഒപ്പുവച്ചത്. 2025-ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ആണവ റിയാക്ടറിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കരാര്‍ പറയുന്നുണ്ട്. 3,200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ പദ്ധതി. രണ്ട് ഇപിആര്‍ റിയാക്ടറുകളാണ് ഈ പദ്ധതിക്കു വേണ്ടി സ്ഥാപിക്കുക. അറുപത് വര്‍ഷമാണ് ഈ റിയാക്ടറിന്റെ കാലാവധിയെന്നു പറയപ്പെടുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ നിര്‍മാണ പ്രദേശമാണ് ഇന്ന് ഹിന്‍ക് ലേ പോയ്ന്റ് സി പദ്ധതിപ്രദേശം. 25,000 പേര്‍ക്കാണ് ഇവിടെ തൊഴിലവസരം സൃഷ്ടിച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായി, ആണവ റിയാക്ടറിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്ന ഘട്ടത്തില്‍ 900-ത്തോളം പേര്‍ക്ക് തൊഴിലവസരം നല്‍കുമെന്നും അധികൃതര്‍ പറയുന്നുണ്ട്.

2016-ലാണു ഹിന്‍ക് ലേ പോയ്ന്റ് സി പദ്ധതിയുടെ കരാറില്‍ ബ്രിട്ടന്‍ ഒപ്പുവച്ചത്. 2025-ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ആണവ റിയാക്ടറിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പറയുന്നുണ്ട്. 3,200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ പദ്ധതി.

ഉയര്‍ന്ന ചെലവ്

ഈ പദ്ധതിക്ക് കണക്കാക്കപ്പെടുന്ന ചെലവ് 20.3 ബില്യന്‍ പൗണ്ടാണ്. 2012-ല്‍ ലണ്ടന്‍ ഒളിംപിക്‌സിനു ചെലവഴിച്ചതിന്റെ ഇരട്ടിയാണ് ഈ തുക. ഈ പദ്ധതിയുടെ തുക കണ്ടെത്താന്‍, ബ്രിട്ടീഷ് സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഊര്‍ജ്ജരംഗത്തെ ഭീമനായ ഇഡിഎഫ് (Électricité de France), ചൈനീസ് ഊര്‍ജ്ജ കമ്പനിയായ ചൈന ജനറല്‍ ന്യൂക്ലിയര്‍ പവര്‍ ഗ്രൂപ്പ്(സിജിഎന്‍) തുടങ്ങിയവരുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഈ കരാര്‍ വളരെ സങ്കീര്‍ണമായൊരു കരാറാണെന്നു വിമര്‍ശനമുണ്ട്. കാരണം ബ്രിട്ടനില്‍ ഉപഭോക്താക്കള്‍ക്ക് അമിതഭാരം സമ്മാനിക്കുന്നതാണ് ഈ കരാര്‍. ഈ കരാര്‍ പ്രകാരം ഈ രണ്ട് കമ്പനികളും ബ്രിട്ടനില്‍ ഹിന്‍ക് ലേ പോയ്ന്റ് പദ്ധതി നിര്‍മിക്കാനുള്ള പണം നല്‍കും. ഇങ്ങനെ വായ്പയായി നല്‍കുന്ന പണം അടച്ചു തീര്‍ക്കണമെങ്കില്‍, ബ്രിട്ടനിലെ ഓരോ ഉപഭോക്താവും 35 വര്‍ഷത്തിലേറെ കാലം തുക അടയ്‌ക്കേണ്ടി വരുമെന്നു പറയപ്പെടുന്നു. ഇത് ബ്രിട്ടനില്‍ വലിയ വിവാദം സൃഷ്ടിച്ചിട്ടുമുണ്ട്.

ഈ പദ്ധതിയുടെ ഏറ്റവും വലിയ വിരോധാഭാസമെന്നു പറയാവുന്നത് എന്തെന്നു വച്ചാല്‍, ഈ പദ്ധതി പ്രവര്‍ത്തനമാരംഭിക്കുമെന്നു പറയുന്ന കാലത്ത് (2025) ആണവോര്‍ജ്ജ പദ്ധതികള്‍ ഏറെക്കുറെ കാലാഹരണപ്പെട്ടിട്ടുണ്ടാകുമെന്നതാണ്. ആഗോളതലത്തില്‍ തന്നെ ആണവോര്‍ജ്ജ പദ്ധതികളുടെ നിലനില്‍പ്പ് ഭീഷണി നേരിടുന്ന കാലഘട്ടം കൂടിയാണിത്. ഇന്നു പുനരുല്‍പ്പാദന ഊര്‍ജ്ജ സ്രോതസുകള്‍ക്കു വന്‍ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്നു. മാത്രമല്ല, അവയുടെ ഉല്‍പാദന ചെലവും താരതമ്യേന കുറവാണ്.

ഹിന്‍ക് ലേ പോയ്ന്റ് സിക്കു വേണ്ടി വാദിക്കുന്നവര്‍

ബ്രിട്ടനില്‍ സര്‍ക്കാരും ചില കമ്പനികളും ഈ പദ്ധതിക്കു വേണ്ടി വാദിക്കുന്നുണ്ട്. മറ്റ് ആണവോര്‍ജ്ജ നിലയങ്ങള്‍ അടച്ചുപൂട്ടിയാല്‍ തന്നെയും ബ്രിട്ടന്റെ ഊര്‍ജ്ജാവശ്യത്തിന്റെ ഏഴ് ശതമാനം നിറവേറ്റാന്‍ ഈ പദ്ധതിക്കു സാധിക്കുമെന്നും കണക്കാക്കപ്പെടുന്നുണ്ട്. കാര്‍ബണ്‍ അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്ന തോത് കുറച്ചു കൊണ്ടുവരികയെന്നതാണു കാലാവസ്ഥ ലക്ഷ്യമായി കണക്കാക്കുന്നത്. ഈ പദ്ധതിക്കാകട്ടെ, ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുമ്പോള്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേക്കു പുറന്തള്ളുന്ന തോത് കുറയ്ക്കാനാകും. അതിനാല്‍ തന്നെ പദ്ധതി കാലാവസ്ഥയ്ക്ക് അനുകൂലമാണെന്നും വാദിക്കുന്നുണ്ട്. ഊര്‍ജ്ജാവശ്യങ്ങള്‍ വലിയ തോതില്‍ നിറവേറ്റാന്‍ സാധിക്കുന്നതിലൂടെ സാമ്പത്തിക ഉത്തേജനം നല്‍കുമെന്നും കരുതപ്പെടുന്നു.ഫ്രഞ്ച് സര്‍ക്കാരിനു 83 ശതമാനം ഓഹരി പങ്കാളിത്തമുള്ള ഊര്‍ജ്ജ കമ്പനിയായ ഇഡിഎഫാണു ഹിന്‍ക് ലേ പോയ്ന്റ് പദ്ധതിക്കു വേണ്ടി സാങ്കേതിക, സാമ്പത്തിക സഹായം നല്‍കുന്നവരില്‍ ഒരു കമ്പനി. ഇവരെ സംബന്ധിച്ച് ഈ പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കേണ്ടത് വളരെ അത്യാവശമാണ്. കാരണം അന്താരാഷ്ട്ര തലത്തില്‍ ആണവോര്‍ജ്ജ പദ്ധതി വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരാണ് ഇഡിഎഫ്. ഇവര്‍ക്കു സമീപകാലത്തു ഫിന്‍ലാന്‍ഡിലും വടക്കന്‍ ഫ്രാന്‍സിലെ ഫഌമന്‍വില്ലയിലും തിരിച്ചടിയേറ്റിരുന്നതുമാണ്. ഈ തിരിച്ചടിയില്‍നിന്നും കരകയറണമെങ്കില്‍ ബ്രിട്ടനിലെ ഹിന്‍ക് ലേ പോയ്ന്റ് പദ്ധതി വിജയകരമാക്കേണ്ടതുണ്ട്.

Comments

comments

Categories: FK Special, Slider