ഹരിതോര്‍ജ്ജത്തിലേക്കുള്ള മാറ്റത്തിന് വേഗത കൂട്ടാം

ഹരിതോര്‍ജ്ജത്തിലേക്കുള്ള മാറ്റത്തിന് വേഗത കൂട്ടാം

സമ്പദ് വ്യവസ്ഥയ്ക്കും ജീവന്റെ നിലനില്‍പ്പിനും ഏറ്റവും നല്ലത് പുനരുല്‍പ്പാദന ഊര്‍ജ്ജ സ്രോതസുകളിലേക്കുള്ള മാറ്റത്തിന്റെ വേഗത കൂട്ടുകയാണ്

വിവിധ മേഖലകളില്‍ ഹരിതോര്‍ജ്ജ സ്രോതസ്സുകളുടെ സാധ്യതകള്‍ നമ്മള്‍ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെയും പ്രത്യേകി താല്‍പ്പര്യത്തില്‍ അടുത്തിടെ നിലവില്‍ വന്ന അന്താരാഷ്ട്ര സോളാര്‍ സഖ്യം പോലുള്ള സംവിധാനങ്ങള്‍ എല്ലാം ഈ മാറ്റത്തിന് ഉത്‌പ്രേരകമാകുമെന്നതും തീര്‍ച്ചയാണ്. എന്നാല്‍ പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക് ഇന്ത്യ പോലൊരു രാജ്യം മാറുന്നതിന്റെ വേഗത ഇനിയും കൂട്ടേണ്ടതുണ്ട്.

സാമ്പത്തികപരമായി അത് വലിയ ലാഭം രാജ്യത്തിന് നേടിക്കൊടുക്കും എന്നതിനൊപ്പം തന്നെ പരിസ്ഥിതി മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്യും. അടുത്തിടെ ഗ്രീന്‍പീസ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇപ്പോഴത്തെ കല്‍ക്കരിപ്പാടങ്ങള്‍ അടച്ചുപൂട്ടി പകരം പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളെ പൂര്‍ണമായും വൈദ്യുതി പോലുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഇന്ത്യക്ക് 54,000 കോടി രൂപ ഈ ഇനത്തില്‍ മാത്രം ലാഭിക്കാമെന്നാണ്. സൗരോര്‍ജ്ജം പോലുള്ള സാധ്യതകളെ കൂടുതല്‍ ഉപയോഗപ്പെടുത്താനാണ് ഗ്രീന്‍പീസ് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്. പുതിയ ഊര്‍ജ്ജസ്രോതസ്സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കല്‍ക്കരി പാടങ്ങള്‍ വളരെ ചെലവ് കൂടിയതാണെന്നും വിലയിരുത്തല്‍ ശഖ്തമാകുന്നുണ്ട്.

പ്രകൃതിയുടെ സന്തുലിതാവസ്ഥ വലിയ രീതിയില്‍ തകര്‍ക്കുന്ന കല്‍ക്കരി പാടങ്ങളില്‍ നിന്ന് വിടുതല്‍ നേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു പരിഷ്‌കൃത സമൂഹം ഇനിയും അതില്‍ കടിച്ചുതൂങ്ങി നില്‍ക്കരുത്. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ ജനകീമായമാക്കാനുള്ള കാംപെയ്‌നുകള്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും കൂടുതല്‍ ശക്തിപ്പെടുത്തുക തന്നെ വേണം.

Comments

comments

Categories: Editorial, Slider