മല്‍സരാധിഷ്ഠിതമാകുന്ന തുറമുഖവ്യവസായം

മല്‍സരാധിഷ്ഠിതമാകുന്ന തുറമുഖവ്യവസായം

വല്ലാര്‍പാടം, വിഴിഞ്ഞം തുറമുഖങ്ങള്‍ക്ക് ഭീഷണിയാകുന്ന കുളച്ചില്‍ തുറമുഖപദ്ധതി അനിവാര്യമോ അതോ അനാവശ്യമോ?

സംസ്ഥാനത്തെ വല്ലാര്‍പാടം, വിഴിഞ്ഞം ട്രാന്‍സ്ഷിപ്പ് തുറമുഖങ്ങളുടെ നിലനില്‍പ്പ് സംബന്ധിച്ച് ഇതിനകം നിരവധി ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. അയല്‍സംസ്ഥാനമായ തമിഴ്‌നാടിന്റെ തൂത്തുക്കുടി തുറമുഖവുമായി ബന്ധപ്പെട്ടായിരുന്നു മുമ്പത്തെ ആശങ്കകളെങ്കില്‍ കന്യാകുമാരിയിലെ നിര്‍ദിഷ്ട ഇനയം തുറമുഖം (കുളച്ചില്‍) വികസിപ്പിക്കാനുള്ള അനുമതി ലഭിച്ചതോടെ ഇത് വര്‍ധിച്ചിരിക്കുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാര്‍ കുളച്ചിലിനായി നീക്കം ശക്തമാക്കുമ്പോള്‍ സംസ്ഥാനത്തെ രണ്ടു തുറമുഖങ്ങളുടെയും ഭാവി ത്രിശങ്കുവിലാണെന്ന സംശയമുയരുന്നു.

കേരളത്തിന്റെ എതിര്‍പ്പിനിടയിലും 2015-ല്‍ കുളച്ചിലിന് തത്വത്തില്‍ അംഗീകാരം നേടിയെടുക്കാനായി എന്നത് തമിഴ്‌നാടിന്റെ വിജയമാണ്. പ്രവൃത്തിപഥത്തിലെത്തി ആറു വര്‍ഷം കഴിഞ്ഞിട്ടും ലാഭത്തിലാകാതെ മുട്ടിലിഴയുന്ന വല്ലാര്‍പാടത്തിനും നിര്‍മാണം പുരോഗമിക്കുന്ന വിഴിഞ്ഞത്തിനുമൊപ്പം കുളച്ചില്‍ തുറമുഖം കൂടി വന്നാല്‍ മൂന്നും നഷ്ടത്തിലാകുമെന്നാണ് കപ്പല്‍ഗതാഗത രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

1990-കള്‍ മുതല്‍ ചര്‍ച്ചചെയ്യുന്ന കുളച്ചില്‍ തുറമുഖം യാഥാര്‍ത്ഥ്യമാക്കാനുള്ള അവസരം തമിഴ്‌നാടിന് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അംഗീകാരത്തോടെ കൈവന്നിരിക്കുകയാണ്. ഒട്ടും താമസിക്കാതെ തന്നെ ഇതിന്റെ സാങ്കേതിക, സാമ്പത്തിക സാധ്യതകളെ കുറിച്ചുള്ള പഠനം നടത്താനും അവര്‍ക്കായി. വ്യാവസായിക വികസനത്തെ സഹായിക്കാനും രാജ്യത്തെ ആഗോള വ്യാപാര കേന്ദ്രമാക്കാനുള്ള കിഴക്കു പടിഞ്ഞാറന്‍ കടല്‍പ്പാത ഒരുക്കാനെന്നുമുള്ള പ്രചാരണമാണ് തമിഴ്‌നാട് പദ്ധതി അംഗീകരിപ്പിക്കാന്‍ വേണ്ടി മുമ്പോട്ട് വെച്ചത്. ഇതേത്തുടര്‍ന്ന് പുതിയ സാധ്യതാപഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടുകയായിരുന്നു.

2015-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 18,000 ടിഇയു വരെ ശേഷിയുള്ള മദര്‍ ഷിപ്പുകള്‍ അടുപ്പിക്കാനാകുന്ന ആഴക്കടല്‍ തുറമുഖം കുളച്ചിലില്‍ സ്ഥാപിക്കുന്നത് ലാഭകരമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും 2017ല്‍ തുടങ്ങി 2030-ല്‍ അവസാനിക്കുന്ന മൂന്നു ഘട്ടങ്ങളായുള്ള തുറമുഖ നിര്‍മാണ പദ്ധതിക്കു തുടക്കമിടാന്‍ ഇതിലൂടെ തമിഴ്‌നാടിന് അവസരം ലഭിച്ചിരിക്കുകയാണ്. 27,570 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ വിശദ പദ്ധതിരേഖ വര്‍ഷാവസാനം സമര്‍പ്പിക്കാനും, ഇതു പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഡ്രഡ്ജിംഗ് നടപടികളാരംഭിക്കാനുമുള്ള ദ്രുതഗതിയിലുള്ള നീക്കം ആരംഭിച്ചിരിക്കുന്നു.

അതേസമയം, കപ്പല്‍ വ്യവസായരംഗത്തെ വിദഗ്ധര്‍ ഈ തുറമുഖങ്ങളുടെ സാധ്യത സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുന്നു. വല്ലാര്‍പാടത്തിനും വിഴിഞ്ഞത്തിനുമൊപ്പം മേഖലയില്‍ മൂന്നാമതൊരു തുറമുഖം കൂടി വരുമ്പോള്‍ ഇവയുടെ നിലനില്‍പ്പ് ചോദ്യചിഹ്നമായി മാറുമെന്ന് പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ വൈസ്പ്രസിഡന്റ് കെ രവിചന്ദ്രന്‍ മുന്നറിയിപ്പു തരുന്നു. വിഴിഞ്ഞത്തിന് വെറും 36 കിലോമീറ്റര്‍ മാത്രം അകലെയുള്ള കുളച്ചിലില്‍ തുറമുഖ നിര്‍മാണത്തിന് അനുമതി കൊടുത്തതില്‍ കേരള സര്‍ക്കാരും നീരസമറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തു തന്നെയുള്ള വല്ലാര്‍പാടം തുറമുഖം വിഴിഞ്ഞത്തു നിന്ന് 225 കിലോമീറ്റര്‍ മാറിയാണു സ്ഥിതി ചെയ്യുന്നതെന്നോര്‍ക്കണം.

അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖങ്ങള്‍ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാനാകില്ല എന്നതാണ് അനുഭവം. വല്ലാര്‍പാടം ട്രാന്‍സ്ഷിപ്പ് ടെര്‍മിനലിന്റെ സ്ഥാപിതശേഷിയുടെ പകുതി പോലും ഉപയോഗിക്കാനാകുന്നില്ലെന്ന ഘടകം വിലയിരുത്തുമ്പോഴാണ് ഇതു വ്യക്തമാകുന്നത്. ഈ വര്‍ഷത്തെ ഇന്ത്യന്‍ കണ്ടെയ്‌നര്‍ മാര്‍ക്കറ്റ് റിപ്പോര്‍ട്ട് പ്രകാരം 49 ശതമാനം ശേഷി മാത്രമാണ് വല്ലാര്‍പാടം ടെര്‍മിനലില്‍ ഉപയോഗിക്കപ്പെടുന്നത്.

കൊളംബോയുമായി നല്ലൊരു മല്‍സരത്തിന് ഇന്ത്യ ഇപ്പോഴും ഒരുങ്ങിയിട്ടില്ല. ഇത്തരമൊരു മല്‍സരം എളുപ്പമല്ല, അതിന് കുളച്ചിലില്‍ സംഭരണ കേന്ദ്രങ്ങള്‍, കൂറ്റന്‍ ക്രെയിനുകള്‍, ശീതീകരിച്ച സംഭരണികള്‍, അറ്റുകുറ്റപ്പണിസൗകര്യം, ശുദ്ധജലം, കുറഞ്ഞ ചെലവില്‍ ഇന്ധനലഭ്യത തുടങ്ങിയ ഘടകങ്ങള്‍ നല്‍കാന്‍ തയാറാകണം. ഇതു മാത്രമല്ല ചരക്കുകള്‍ക്ക് അതിവേഗത്തില്‍ ക്ലിയറന്‍സ് നല്‍കാനും കുറഞ്ഞ, സേവന ഫീസുകള്‍ കുറയ്ക്കാനും തയാറാകണം

ആവശ്യത്തിലധികമുള്ള ചരക്കു വിതരണവും കണ്ടെയ്‌നര്‍ കമ്പനികളുടെ പാപ്പരീകരണവും ആഗോള കപ്പല്‍ഗതാഗത വ്യവസായത്തിന് തിരിച്ചടിയായിട്ടുണ്ടെന്ന് രവിചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു. കണ്ടെയ്‌നര്‍ നിരക്കുകള്‍ ലാഭകരമല്ലാത്തതിനാല്‍ കപ്പല്‍ കമ്പനികള്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയാണ്. സത്യത്തില്‍ അടുത്തടുത്തു സ്ഥിതി ചെയ്യുന്ന മൂന്നു തുറമുഖങ്ങള്‍ അനാവശ്യമാണ്. വല്ലാര്‍പാടവും വിഴിഞ്ഞവും ലാഭകരമാക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ നേരിയ മാറ്റം ദര്‍ശിക്കണമെങ്കില്‍പ്പോലും കുറഞ്ഞത് 10 വര്‍ഷമെങ്കിലും ഇവ പ്രവര്‍ത്തിപ്പിക്കണമെന്ന് അദ്ദേഹം പറയുന്നു.

വിഴിഞ്ഞത്തു നേരിട്ടതിനു സമാനമായ പ്രാദേശിക എതിര്‍പ്പ് കുളച്ചില്‍ തുറമുഖപദ്ധതിയും നേരിടുന്നുണ്ട്. പപ്രധാന മല്‍സ്യ ബന്ധനമേഖലയായ ഇവിടെ മല്‍സ്യത്തൊഴിലാളികള്‍ പദ്ധതിക്കെതിരേ സമരരംഗത്താണ്. തുറമുഖത്തിനായുള്ള ഡ്രഡ്ജിംഗ് ഉപജീവനമാര്‍ഗം വഴിമുട്ടിക്കുമെന്നാണ് അവരുടെ വാദം. 1,101 ചതുരശ്രകിലോമീറ്ററോളം നീണ്ടു കിടക്കുന്ന തീരത്ത് മല്‍സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നു. ലക്ഷത്തിലധികം മല്‍സ്യത്തൊഴിലാളികളാണ് ഇവിടെ കടലിനെ ആശ്രയിച്ചു ജീവിക്കുന്നത്. ഇവിടെ സര്‍വേയ്ക്കു വന്ന സംഘത്തെ പ്രദേശവാസികള്‍ തുരത്തിയോടിക്കുകയായിരുന്നു.

ട്രാന്‍സ്ഷിപ്പ് തുറമുഖത്തിന്റെ ആവശ്യം

ഹബ് പോര്‍ട്ടുകളില്‍ അടുക്കുന്ന മദര്‍ഷിപ്പുകളെന്ന് അറിയപ്പെടുന്ന കൂറ്റന്‍ ചരക്കുകപ്പലുകളില്‍ നിന്ന് ചരക്കുകള്‍ ചെറിയ കപ്പലുകളിലേക്ക് കൈമാറി അവ ഇറക്കുമതി ചെയ്യേണ്ട തുറമുഖത്തേക്ക് അയയ്ക്കുന്ന പ്രക്രിയയാണ് ട്രാന്‍സ്ഷിപ്പിംഗ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ തുറമുഖങ്ങള്‍ 11.3 മില്യണ്‍ ടിഇയു കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തത്. ഇതില്‍ 70 ശതമാനമായിരുന്നു നേരിട്ട് ഇറക്കുമതി ചെയ്തതെങ്കില്‍ 25 ശതമാനം വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ട്രാന്‍സ്ഷിപ്പ് ചെയ്യുകയായിരുന്നു.

ഒരു ദശകത്തിനുള്ളില്‍ കൂറ്റന്‍ കപ്പലുകളുടെ ശേഷി 10,000 ടിഇയുവും അധികവുമായി കൂടിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ ഏറ്റവും വലിയ മദര്‍ഷിപ്പുകളുടെ ശേഷി 18,000 ടിഇയു വരെയായി. ഇത്തരം കപ്പലുകള്‍ക്ക് അടുക്കാന്‍ 18- 20 മീറ്റര്‍ ആഴമുള്ള ബെര്‍ത്തുകള്‍ വേണ്ടി വരും. എന്നാല്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ ഇത്ര ആഴമുള്ളവയല്ല. അതിനാല്‍ ഇന്ത്യയിലേക്കു വരുന്ന ചരക്കുകളധികവും ശ്രീലങ്കയിലെ കൊളംബോ, മലേഷ്യയിലെ ക്ലാംഗ്, സിംഗപ്പുര്‍ തുടങ്ങിയ തുറമുഖങ്ങളില്‍ എത്തിച്ച ശേഷം ഇവിടേക്ക് ട്രാന്‍സ്ഷിപ്പ് ചെയ്യുകയായിരുന്നു.

ഇന്ത്യയിലേക്കുള്ള ചരക്കിന്റെ 80 ശതമാനം ഇങ്ങനെ അയല്‍രാജ്യങ്ങള്‍ മുഖേനയാണു നടക്കുന്നത്. ഇതില്‍ 43 ശതമാനവും കൊളംബോ വഴിയും. ട്രാന്‍സ്ഷിപ്പിംഗ്, കാര്‍ഗോ നിരക്ക് അമിതമാക്കുന്നു. ട്രാസ്ഷിപ്പ്‌മെന്റിലൂടെ ഇന്ത്യക്ക് പ്രതിവര്‍ഷം തുറമുഖങ്ങളിലെ ചരക്കു കൈമാറ്റത്തില്‍ 1,500 കോടി രൂപയുടെ ചോര്‍ച്ചയുണ്ടാകുന്നുവെന്നാണു കണക്കാക്കപ്പെടുന്നത്. ഓരോ ടിഇയു ചരക്ക് കൈമാറ്റത്തിലും 5000- 6,500 രൂപയുടെ അമിത ചെലവാണ് ഉണ്ടാകുന്നത്.

കുളച്ചില്‍ തുറമുഖം ഇന്ത്യയുടെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബാകുമെന്നാണ് തമിഴ്‌നാടിന്റെ റിപ്പോര്‍ട്ടിലെ അവകാശവാദം. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യത്തിന്റെ വ്യാപാരം വര്‍ധിക്കാന്‍ ഇത് ഇടയാക്കും. ബംഗ്ലാദേശിലും മ്യാന്‍മറിലും നിന്നുള്ള ചരക്കുകളുടെ 70 ശതമാനവും ഇപ്പോള്‍ സിംഗപ്പുര്‍ തുറമുഖത്തിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. എന്നാല്‍ കുളച്ചില്‍ തുറമുഖം വന്നാല്‍ ഈ രാജ്യങ്ങളിലേക്കുള്ള ചരക്കുകടത്തലില്‍ അഞ്ചോ ആറോ ദിവസം ലാഭിക്കാനാകും.

2020 ആകുമ്പോഴേക്കും 1.7 മില്യണ്‍ ടിഇയു ചരക്ക് കുളച്ചില്‍ തുറമുഖം വഴി കൈകാര്യം ചെയ്യപ്പെട്ടിരിക്കുമെന്നു വിലയിരുത്തുന്നു. ഇതില്‍ ഒരു മില്യണ്‍ ടിഇയു ഗേറ്റ്‌വേ കാര്‍ഗോയും ബാക്കി ട്രാന്‍സ്ഷിപ്‌മെന്റുമായിരിക്കും. 2040 ആകുമ്പോള്‍ ഇത് 12.9 മില്യണ്‍ ടിഇയു ആകും. കല്‍ക്കരി ഇറക്കുമതിക്കായുള്ള ബെര്‍ത്തുകളും പദ്ധതി നിര്‍ദേശത്തിലുണ്ട്.

2021- 25 വര്‍ഷങ്ങളിലെ രണ്ടാംഘട്ട വികസനത്തില്‍ 3.3 മില്യണ്‍ ടണ്‍ കല്‍ക്കരി കൈകാര്യം ചെയ്യാവുന്ന ശേഷിയും അടുത്ത ഘട്ട വികസനത്തില്‍ അതായത്, 2026-30ല്‍ 6.6 മില്യണ്‍ ശേഷിയാക്കി ഇത് വര്‍ധിപ്പിക്കാമെന്നുമാണ് നിര്‍ദേശം. ആഗോള ചരക്കുകപ്പല്‍ വ്യവസായം നഷ്ടത്തിലാകുന്ന സാഹചര്യത്തില്‍ ട്രാന്‍സ്ഷിപ്‌മെന്റ് നഷ്ടക്കച്ചവടമാണ്. പക്ഷേ, ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖം സ്ഥാപിച്ചതു കൊണ്ടുമാത്രം വിദേശയാനങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയില്ലെന്ന് മുംബൈ ജവഹര്‍ലാല്‍ നെഹ്രു തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ നീരജ് ബന്‍സാല്‍ പറയുന്നു.

ഹബ് പോര്‍ട്ടുകളില്‍ അടുക്കുന്ന മദര്‍ഷിപ്പുകളെന്ന് അറിയപ്പെടുന്ന കൂറ്റന്‍ ചരക്കുകപ്പലുകളില്‍ നിന്ന് ചരക്കുകള്‍ ചെറിയ കപ്പലുകളിലേക്ക് കൈമാറി അവ ഇറക്കുമതി ചെയ്യേണ്ട തുറമുഖത്തേക്ക് അയയ്ക്കുന്ന പ്രക്രിയയാണ് ട്രാന്‍സ്ഷിപ്പിംഗ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ തുറമുഖങ്ങള്‍ 11.3 മില്യണ്‍ ടിഇയു കണ്ടെയ്‌നറുകളാണ് കൈകാര്യം ചെയ്തത്. ഇതില്‍ 70 ശതമാനമായിരുന്നു നേരിട്ട് ഇറക്കുമതി ചെയ്തതെങ്കില്‍ 25 ശതമാനം വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ട്രാന്‍സ്ഷിപ്പ് ചെയ്യുകയായിരുന്നു

കൊളംബോയുമായി മുട്ടി നില്‍ക്കാന്‍

വിദേശ കപ്പലുകളെ ആകര്‍ഷിക്കാനും കൊളംബോ തുറമുഖവുമായി മല്‍സരിക്കാനും കുളച്ചിലിന് നിരവധി ഇളവുകള്‍ പ്രഖ്യാപിക്കേണ്ടി വരും. വല്ലാര്‍പാടത്തു ചെയ്തതു പോലെ കബോട്ടാഷ് നിയമം എടുത്തുമാറ്റുന്നതു പോലുള്ള കാര്യങ്ങളാണു ചെയ്യേണ്ടത്. വിദേശ കപ്പലുകളുടെ മല്‍സരത്തില്‍ നിന്ന് ആഭ്യന്തര കപ്പല്‍ കമ്പനികളെ സംരക്ഷിക്കാനാണ് 2015-ല്‍ കബോട്ടാഷ് നിയമങ്ങള്‍ ചുമത്തിയത്. ആഭ്യന്തര തുറമുഖങ്ങളില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ചരക്കുനീക്കത്തിന് വിദേശ കപ്പലുകളെ അനുവദിക്കാതിരിക്കുന്ന നിയമമാണിത്.

മാര്‍ച്ചില്‍ സര്‍ക്കാര്‍ ഇത് എടുത്തുമാറ്റിയിരുന്നു. ഒരു വര്‍ഷം ശേഷിയുടെ 50 ശതമാനം ചരക്കെങ്കിലും കൈകാര്യം ചെയ്യാനായ തുറമുഖങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമാക്കേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്. കാരണം ഇന്ത്യയില്‍ ആഭ്യന്തര കപ്പല്‍ ചരക്കു നീക്കം അപര്യാപ്തമാണ്. ബ്രിട്ടണ്‍, അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ആവശ്യത്തിന് ആഭ്യന്തര ചരക്കുനീക്കം ഉണ്ടാകുമെന്നതിനാല്‍ അവിടങ്ങളില്‍ പ്രത്യേക കബോട്ടാഷ് നിയമങ്ങളാണുള്ളത്.

തുറമുഖത്തെ ചരക്കു നീക്കത്തിനുള്ള ചെലവുകളില്‍ വിദേശ കപ്പലുകള്‍ക്ക് ഗണ്യമായ ഇളവു നല്‍കുകയാണ് ഇനിയൊരു മാര്‍ഗം. കൊളംബോ തുറമുഖം ചുമത്തുന്ന ഫീസുകളില്‍ നിന്ന് 15 ശതമാനമെങ്കിലും വെട്ടിച്ചുരുക്കിയാലേ കുളച്ചിലിലേക്ക് വിദേശ കപ്പലുകളെ ആകര്‍ഷിക്കാനാകൂ. ചുരുങ്ങിയത് അഞ്ചു വര്‍ഷത്തേക്കെങ്കിലും ഇളവ് തുടരണം. സേവനനികുതി, ഓഫ്‌സെറ്റ് ചാര്‍ജുകള്‍ എന്നിവയിലും ഇളവു നല്‍കേണ്ടി വരും.

സ്വകാര്യവല്‍ക്കരണം നടന്നിട്ടും രാജ്യത്തെ തുറമുഖങ്ങളില്‍ മതിയായ ചരക്കെത്താത്തതിനു കാരണം ഇവിടത്തെ വലിയ ഫീസുകളും നികുതികളുമാണെന്ന് മലക്‌സര്‍ ഷിപ്പിംഗ് ലോജിസ്റ്റിക്‌സ് കമ്പനി എംഡി അശ്വനി കെ ജിംഗന്‍ ചൂണ്ടിക്കാട്ടുന്നു. ദുബായ്, സിംഗപ്പുര്‍, കൊളംബോ ട്രാന്‍സ്ഷിപ്പ് തുറമുഖങ്ങളേക്കാള്‍ കൂടിയ ചാര്‍ജാണ് ഇവിടെ ചരക്കു കൈകാര്യം ചെയ്യുന്നതിന് ചുമത്തുന്നത്. കൊളംബോയെ അപേക്ഷിച്ച് ഇരട്ടി തുകയാണ് ഇന്ത്യന്‍ പോര്‍ട്ടുകള്‍ വാങ്ങുന്നതെന്നും അദ്ദേഹം പറയുന്നു.

കസ്റ്റംസ് അനുമതിരേഖകളുടെ എണ്ണം കുറയ്‌ക്കേണ്ടത് ചരക്കു നീക്കം സുഗമമാക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഇന്ത്യയില്‍ ഒരു തുറമുഖത്തില്‍ പരിശോധനാനുമതി ലഭിക്കാന്‍ 10 ഫോമുകളും 22 ഒപ്പും വേണ്ടപ്പോള്‍ കൊളംബോയില്‍ ഏഴു ഫോമുകളും 13 ഒപ്പും മതി. തുറമുഖത്തേക്കുള്ള റോഡ്, റെയ്ല്‍ ഗതാഗതസൗകര്യങ്ങളുടെ വികസനമാണ് ഏറ്റവും പ്രധാനം. 150 കോടി രൂപ ചെലവില്‍ ദേശീയ പാത 47-മായി ബന്ധിപ്പിക്കുന്ന 11. 7 കിലോമീറ്റര്‍ നാലുവരിപ്പാതയാണ് തുറമുഖത്തേക്ക് ആവിഷ്‌കരിച്ചിരിക്കുന്നത്. 70 കോടി ചെലവില്‍ 10 കിലോമീറ്റര്‍ ഇരണിയല്‍- ഇനയം റെയില്‍പ്പാതയ്ക്കും കേന്ദ്രം പദ്ധതിയിടുന്നുണ്ട്.

കുളച്ചില്‍ പദ്ധതി ആവശ്യമോ?

ഇതൊക്കെയാണെങ്കിലും കുളച്ചില്‍ പദ്ധതി ആവശ്യമാണോ എന്ന ചോദ്യം പ്രസക്തമാണ്. കൊളംബോ തുറമുഖവുമായി മല്‍സരിക്കാനെന്ന പേരില്‍ തന്നെയാണ് വല്ലാര്‍പാടത്തും വിഴിഞ്ഞത്തും തുറമുഖങ്ങള്‍ക്ക് അനുമതി കൊടുത്തതെന്ന കാര്യം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ വല്ലാര്‍പാടത്തിന്റെ അവസ്ഥ നാം കണ്ടു കഴിഞ്ഞു. പകുതി ശേഷി പോലും ഉപയോഗിക്കാനാകാതെ ഉഴലുന്ന തുറമുഖത്തിനും ഭാവി ഉറപ്പു പറയാനാകാതെ മുമ്പോട്ടു പോകുന്ന വിഴിഞ്ഞത്തിനും പുറമെ ലാഭസാധ്യതയില്ലാത്ത മൂന്നാമതൊരു തുറമുഖത്തിനു കൂടി പൊതുപണം ചെലവാക്കേണ്ടതുണ്ടോയെന്നാണ് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ സുദര്‍ശന്‍ റോഡ്രിഗ്‌സ് ചോദിക്കുന്നത്.

7,525 കോടിയുടെ വിഴിഞ്ഞം പദ്ധതി മോശം സാഹചര്യത്തിലാണു പുരോഗമിക്കുന്നതെന്ന് ഇന്ത്യന്‍ തുറമുഖങ്ങളെക്കുറിച്ച് വ്യക്തമായി പഠിച്ചിട്ടുള്ള അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന താല്‍പര്യം സംരക്ഷിക്കാതെയാണ് പദ്ധതി നടത്തിപ്പുമായി മുമ്പോട്ടു പോകുന്നതെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വന്‍ കപ്പല്‍കമ്പനികളും ട്രാന്‍സ്ഷിപ്പ് ടെര്‍മിനലുകളും സമ്പദ് വ്യവസ്ഥയുടെ അളവുകോലുകളാണെങ്കിലും ആഗോള ചരക്കുകപ്പല്‍ ഗതാഗതരംഗം മാന്ദ്യത്തിലായിരിക്കുന്ന ഘട്ടത്തില്‍ അടുത്തടുത്ത് തുറമുഖങ്ങള്‍ വരുന്നത് എത്രമാത്രം ആശാസ്യമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ എന്‍ജിനീയേഴ്‌സ് ചെയര്‍മാന്‍ രാജീവ് നയ്യാര്‍ ചോദിക്കുന്നു. അശ്വനി കെ ജിംഗന്റെ അഭിപ്രായത്തില്‍ കൊളംബോ തുറമുഖവുമായി മല്‍സരിക്കാനല്ല, പകരം ഒരേ ചരക്കിനു വേണ്ടി തമ്മിലടിച്ച് അവസാനിക്കാനാകും മൂന്നു തുറമുഖങ്ങളുടെയും വിധി.

കൊളംബോയുമായി നല്ലൊരു മല്‍സരത്തിന് ഇന്ത്യ ഇപ്പോഴും ഒരുങ്ങിയിട്ടില്ലെന്ന് അധികൃതര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരമൊരു മല്‍സരം എളുപ്പമല്ല, അതിന് കുളച്ചിലില്‍ സംഭരണ കേന്ദ്രങ്ങള്‍, കൂറ്റന്‍ ക്രെയിനുകള്‍, ശീതീകരിച്ച സംഭരണികള്‍, അറ്റുകുറ്റപ്പണിസൗകര്യം, ശുദ്ധജലം, കുറഞ്ഞ ചെലവില്‍ ഇന്ധനലഭ്യത തുടങ്ങിയ ഘടകങ്ങള്‍ നല്‍കാന്‍ തയാറാകണമെന്ന് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥന്‍ പറയുന്നു. ഇതു മാത്രമല്ല ചരക്കുകള്‍ക്ക് അതിവേഗത്തില്‍ ക്ലിയറന്‍സ് നല്‍കാനും കുറഞ്ഞ, സേവന ഫീസുകള്‍ കുറയ്ക്കാനും തയാറാകണം. ഇന്ത്യയിലെ തുറമുഖം ഒറ്റത്തവണ പ്രവേശനത്തിന് ചുമത്തുന്നത് 8,670 രൂപയാണ്. എന്നാല്‍ കൊളംബോയില്‍ ഒന്നിലധികം തവണ പ്രവേശനത്തിന് 1,620 രൂപയേ ആകുന്നുള്ളൂ.

കൊളംബോ തുറമുഖം അടുത്തഘട്ട ബെര്‍ത്ത് വികസനം തുടങ്ങിക്കഴിഞ്ഞു. 18 മീറ്റര്‍ ആഴത്തിലുള്ള ഡ്രാഫ്റ്റിനുള്ള ഡ്രഡ്ജിംഗാണ് തുടങ്ങിയിരിക്കുന്നത്. ഇതു വഴി കൂടുതല്‍ മദര്‍ഷിപ്പുകള്‍ക്ക് തുറമുഖത്ത് അടുക്കാനുള്ള സൗകര്യമായി. ഇതിനോടെല്ലാം മല്‍സരിക്കാന്‍ കുളച്ചിലിനാകുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

Comments

comments

Categories: FK Special, Slider