ഗെയ്ല്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പും ബിപിസിഎല്ലും

ഗെയ്ല്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പും ബിപിസിഎല്ലും

54.89 ശതമാനം ഓഹരി ഉടമസ്ഥാവകാശമാണ് സര്‍ക്കാരിന് ഗെയ്‌ലിലുള്ളത്

ന്യൂഡെല്‍ഹി: ഗെയ്ല്‍ ഇന്ത്യ ലിമിറ്റഡ് ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും (ഐഒസി) ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും (ബിപിസിഎല്‍) രംഗത്ത്. പ്രകൃതി വാതക വിതരണം കൂടുതല്‍ ശക്തമാക്കുന്നതിനും ബിസിനസ് ശക്തിപ്പെടുത്തുന്നതിനുമായി ഗെയ്ല്‍ ഏറ്റെടുക്കാനുള്ള താല്‍പ്പര്യം അറിയിച്ചുകൊണ്ട് ബിപിസിഎല്ലും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ സമീപിച്ചതായാണ് വിവരം.

പൊതുമേഖലാ എണ്ണക്കമ്പനികളെ സംയോജിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയെ കുറിച്ച് 2017-2018 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സൂചിപ്പിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര തലത്തിലുമുള്ള സ്വകാര്യ മേഖല എണ്ണക്കമ്പനികളുമായുള്ള വിപണി മല്‍സരത്തില്‍ പൊതുമേഖലാ കമ്പനികളെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഈ നീക്കം സഹായകമാകുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു. ഈ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് ഗെയ്ല്‍ ഏറ്റെടുക്കാന്‍ ഐഒസിയും ബിപിസിഎല്ലും മുന്നോട്ടുവന്നിരിക്കുന്നത്. അതേസമയം ഒഎന്‍ജിസി (ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പ്) യുമായി ലയിക്കാനാണ് ഗെയ്ല്‍ നേതൃത്വത്തിന് താല്‍പ്പത്യം. ഒഎന്‍ജിസിയുമായുള്ള ഏകീകരണമാണ് തങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അനുയോജ്യമെന്നാണ് ഗെയ്‌ലിന്റെ വിലയിരുത്തല്‍.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ, വാതക ഉല്‍പ്പാദകരാണ് ഒഎന്‍ജിസി. നിലവില്‍ ഓയില്‍ റിഫൈനിംഗ് കമ്പനിയായ എച്ച്പിസിഎല്‍ ഏറ്റെടുക്കുന്നതിന് ഒഎന്‍ജിസി നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ഈ നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു കഴിഞ്ഞു. എച്ച്പിസിഎല്ലില്‍ സര്‍ക്കാരിനുള്ള 51.11 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനാണ് ഒഎന്‍ജിസി നോക്കുന്നത്. 33,000 കോടി രൂപയാണ് ഇവയുടെ ഇപ്പോഴത്തെ മൂല്യം. ഒഎന്‍ജിസി-എച്ച്പിസിഎല്‍ ലയന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമെ മറ്റ് കമ്പനികളുടെ ഏകീകരണ നിര്‍ദേശങ്ങള്‍ പരിഗണിക്കുകയുള്ളുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

ഇപ്പോഴുള്ള തങ്ങളുടെ പാചക വാതക ബിസിനസ് കൂടുതല്‍ ശക്തമാക്കുന്നതിന് ഗെയ്ല്‍ പോലൊരു കമ്പനിയുമായുള്ള ലയനം സഹായിക്കുമെന്നാണ് ഐഒസിയുടെ കണക്കുകൂട്ടല്‍. 46,700 കോടി രൂപ മൂല്യമുള്ള 54.89 ശതമാനം ഓഹരി ഉടമസ്ഥാവകാശമാണ് സര്‍ക്കാരിന് ഗെയ്‌ലിലുള്ളത്.

Comments

comments

Categories: More